എന്റെ അഭിപ്രായങ്ങൾ ശല്യമാകുന്നെങ്കിൽ അങ്ങിനെയായിരിക്കട്ടെ: കമലഹാസൻ

ദ്രാവിഡത്തിനെ ഒന്നും ചെയ്യാൻ കഴിയില്ല. തമിഴ് തായ് വാഴ്ത്ത് (തമിഴ് നാട് സർക്കാരിന്റെ ഔദ്യോഗികഗാനം) ഉള്ളത് വരെ ദ്രാവിഡസിദ്ധാന്തം അലയടിച്ചു കൊണ്ടിരിക്കും. അതിനെ ആവേശത്തോടെ, നല്ല രീതിയിൽ ഉപയോഗിക്കുന്ന പാർട്ടികൾ ജയിച്ചേ മതിയാകൂ. തമിഴ് നടൻ കമലഹാസൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.

എന്റെ അഭിപ്രായങ്ങൾ ശല്യമാകുന്നെങ്കിൽ അങ്ങിനെയായിരിക്കട്ടെ: കമലഹാസൻ

രാഷ്ട്രീയം സംസാരിക്കാനുള്ള യോഗ്യത എന്താണ്?

ഒരു പൗരൻ എന്നത് തന്നെയാണ് എനിക്ക് രാഷ്ട്രീയം സംസാരിക്കാനുള്ള ആദ്യത്തെ യോഗ്യത എന്ന് കരുതുന്നു. രാഷ്ട്രീയക്കാരെ ചീത്ത വിളിക്കുന്നത്, അവരെ നാട്ടിൽ കടക്കാൻ അനുവദിക്കാതെ തടുക്കുന്നത് എന്നിങ്ങനെയുള്ളതെല്ലാം ഒരുതരം ആൾക്കൂട്ടമനഃശാസ്ത്രം ആയിട്ടാണ് എനിക്ക് തോന്നുന്നത്. അത് ജനാധിപത്യം അല്ല. ജനാധിപത്യത്തിൽ നമ്മൾ ചെയ്യേണ്ടത്, നമ്മുടെ കൈയിൽ തന്നിരിക്കുന്ന മൂർച്ചയുള്ള ആയുധമായ വോട്ടിനെ അഴിമതിയിൽ മുങ്ങാൻ അനുവദിക്കാതിരിക്കുക എന്നതാണ്. അത് ചെയ്യുന്ന ആദ്യത്തെ ആൾ വോട്ട് ചെയ്യുന്നയാളാണ്, വോട്ട് ചോദിക്കുന്ന ആളല്ല.

സൗജന്യങ്ങൾ വേണ്ട…

ആദ്യത്തെ തെറ്റ് സമ്മതിദായകരുടേതാണ്. സൗജന്യമായി ഓരോന്ന് വാങ്ങി വോട്ട് ചെയ്യുമ്പോൾ നിന്റെ തലവൻ കള്ളനായിരിക്കുകയേയുള്ളൂ. ഇതാണ് ഞാൻ ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയം ഒരു തൊഴിലായി മാറിയതിന്റെ പ്രശ്നം ആണത്.

രാഷ്ട്രീയക്കാരന് ലാളിത്യം പ്രധാനമാണ്…

കക്കൻ അധികാരത്തിലിരിക്കുമ്പോൾ ലാളിത്യത്തോടെ ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ മുൻ മന്ത്രിമാർക്ക് ആയിക്കൂടായെന്ന് ഞാൻ ചിന്തിക്കാറുണ്ട്. അടുത്തുള്ള സംസ്ഥാനങ്ങളിൽ ലാളിത്യമുള്ള മന്ത്രിമാരെ കാണാൻ കഴിയാറുണ്ടല്ലോ. എന്റെ അഭിപ്രായം ജാതി ഉപേക്ഷിക്കണം എന്നതാണ്. പണക്കാരൻ, ദരിദ്രൻ എന്ന വിഭജനത്തിൽ നടക്കുന്ന അനീതികളാണ് അധികമായിട്ടുള്ളത്. തൽക്കാലം ആ പിരിവ് മതി. അതിനെ ഇനിയും നാലായി അഞ്ചായി ജാതികളായി പിരിച്ച് വയ്ക്കുന്ന വൃത്തികേട് വേണ്ട. ഇന്ന് ജാതികൾ ഇല്ലാത്തത് പോലെ നാം അഭിനയിക്കുകയല്ലാതെ അതിനെ ഒന്നും ചെയ്യാൻ കഴിയുന്നില്ല.

വോട്ട് വിൽക്കരുതേ…

തെരഞ്ഞെടുപ്പിന് ഏറ്റവും ചെലവുണ്ടാകുന്നത് തമിഴ് നാട്ടിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടുണ്ട്. എന്ത് ചെലവ്? കൊടി നാട്ടാനും, പന്തലിടാനും വലിയ ചെലവുണ്ടാവില്ല. പണം വിതരണം ചെയ്യുന്നതിനാണ് അധികം ചെലവ്. ആ വിതരണം എവിടെയാണ് നടക്കുന്നത്? എല്ലാം എം എൽ ഏകൾക്കും എം പിമാർക്കും പോയി ചേരുന്നില്ല. വോട്ടർമാരുടെ കൈയിലല്ലേ എത്തുന്നത്. വില പേശിക്കഴിഞ്ഞു. അതുകൊണ്ട് മിണ്ടാതിരുന്നോണം. വോട്ട് വിറ്റു കഴിഞ്ഞാൽ മിണ്ടാതിരിക്കണം. സാധാരണക്കാർ പണം വാങ്ങുന്നു എന്നാൽ അവർ ഏതോ മൂലയിൽ കുടിലിൽ ഇരിക്കുന്നവർ ഒന്നുമല്ല. ടിടിആറിന് പത്ത് രൂപാ കൊടുത്താൽ ടിക്കറ്റ് കിട്ടും എന്ന് വിചാരിക്കുന്നവരും അഴിമതിക്കാരാണ്. ബ്ലാക്കിൽ ടിക്കറ്റ് വാങ്ങുന്നവരും അഴിമതിക്കാരാണ്.

എല്ലാവർക്കും സന്ന്യാസിയാകാൻ കഴിയുമോയെന്ന് ഇപ്പോൾ ചോദിക്കും. യഥാർഥത്തിൽ ഞാൻ സത്യസന്ധനായിട്ടാണ് ജീവിക്കുന്നത്. ശ്രമിച്ചാൽ ആകാവുന്നതേയുള്ളൂ. സംഘമായി ചെന്ന് ചോദ്യം ചെയ്യുന്നത് അവിടെയിരിക്കട്ടെ, ആദ്യം അവനവനിൽ നിന്നും മാറ്റം തുടങ്ങണം. എന്നെക്കൊണ്ട് സാധിക്കാത്തത് ഞാൻ ചോദിക്കാറില്ല. ഞാൻ നികുതി കൃത്യമായി അടയ്ക്കുന്നത് കൊണ്ടാണ് മറ്റുള്ളവരോടും അടയ്ക്കാൻ പറയുന്നത്. അത് അസാധ്യമൊന്നുമല്ല.

എന്റെ ശബ്ദം സ്വേച്ഛാധിപത്യത്തിനെതിരേ…

രാഷ്ട്രീയത്തിലെ അനീതികൾക്കും സ്വേച്ഛാധിപത്യത്തിനും എതിരായി ഞാൻ ശബ്ദിക്കും. പരാതിമണി അടിക്കാൻ ആടുമാടുകൾ ഇല്ലെന്നതിനാൽ ഞാൻ അടിക്കുന്നു. ആ മണി അടിക്കുമ്പോൾ അതിനുള്ള പിന്തുണ മതി തൽക്കാലം. ഒരടി വയ്ക്കാൻ അതുമതി. എന്നാൽ അതുതന്നെ പ്രശ്നമായി മാറാൻ പാടില്ല.

വാചകമടിക്കാർ വേണ്ട…

ദാരിദ്ര്യത്തിനെ ഇല്ലതാക്കാൻ കഴിയും എന്ന് ലോകത്തിലെ സാമ്പത്തികവിദഗ്ധർ പറയാറുണ്ട്. എന്നാൽ ആരും ഇതുവരെ ചെയ്തിട്ടില്ല. വീണ്ടും വീണ്ടും ട്രംപിനെപ്പോലെ വാചകമടിക്കുന്ന ആളുകളെ തീറ്റിപ്പോറ്റുന്നു നമ്മൾ. വീരസ്യം പറയുന്നത് റൗഡികൾ ചെയ്യുന്ന പണിയാണ്. സമാധാനമായി സംസാരിച്ച്, വിമർശനങ്ങളെ സ്വീകരിച്ച്, എന്ത് ചെയ്യണം എന്ന് ചോദിക്കുന്നവരാണ് ഉത്തരവാദിത്തമുള്ളവർ.

ജയലളിതയുടെ ചിത്രം എന്തിന്?

സ്വത്തുസമ്പാദനക്കേസിലെ വിധി എന്നത് ഒരാളെ മാത്രം സംബന്ധിക്കുന്നതല്ല. ഒരു സംഘത്തിന്റെ സഹായമില്ലാതെ ആ അഴിമതി നടക്കില്ല. ഒരാളാണ് അത് ചെയ്തതെങ്കിൽ എന്തിനാണ് അവരുടെ ഫോട്ടോ വച്ചുകൊണ്ടിരിക്കുന്നത്. അതല്ലേ എതിർ പാർട്ടികളും ചോദിക്കുന്നത്? അത് എല്ലാവരും ഒന്നിച്ച് ചെയ്ത തെറ്റാണ്. വോട്ടർമാർ ഉൾപ്പടെ, ആരെങ്കിലും തിരുത്തണ്ടേ. ആദ്യം വോട്ടർമാരിൽ നിന്നും തുടങ്ങണം.

ഞാൻ പറയുന്നത് വിദഗ്ധന്മാരുടെ അഭിപ്രായം അല്ല. സാധാരണക്കാരൻ എന്ന നിലയിൽ ആണ് പറയുന്നത്. ജനാധിപത്യത്തിന്റെ സൗന്ദര്യത്തിനെപ്പറ്റി വിദഗ്ധർ പറയുമ്പോൾ, അഴിമതിയും അങ്ങിനെയേ നടക്കൂ. അതാണല്ലോ ജനാധിപത്യത്തിന്റെ സൗന്ദര്യം എന്ന് അവർ പറയും. അത് അനുഭവിക്കണം എന്ന് പറയുന്നു. ഞാൻ പറയുന്നത് തെറ്റാണെങ്കിൽ അത് തിരുത്താൻ തയ്യാറാണ്. ആരെങ്കിലും എനിക്ക് മനസ്സിലാക്കിത്തരട്ടെ. ഞാൻ ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കാം. എന്നാൽ അങ്ങിനെ ആരും ചെയ്യുന്നില്ല.

രാഷ്ട്രീയ സ്തംഭനമില്ല…

തമിഴകത്തിൽ രാഷ്ട്രീയസ്തംഭനമില്ലെന്ന് ഞാൻ കരുതുന്നു. ജനങ്ങളെന്താ ചെമ്മരിയാടുകളാണോ? എന്തിനാണ് മേയ്ക്കാൻ ആളെത്തേടിപ്പോകുന്നത്? നേതൃത്വം നൽകാൻ കഴിവുള്ള ആളെ നിങ്ങൾ നിയമിക്കൂ. അതിനുള്ള യോഗ്യതയുള്ളയാളാണ് ആവശ്യം. അത് ഞാൻ നിഷേധിക്കുന്നില്ല. എന്നാൽ ആ ആളെ തലവനേ എന്ന് വളർത്തി വീണ്ടും ഏകാധിപത്യത്തിനെ കൊണ്ടുവരരുത്.

എന്റെ അഭിപ്രായം പുറത്ത് പറഞ്ഞത് കൊണ്ട് എനിക്ക് ഒരു ലാഭവുമില്ല. ഞാൻ രാഷ്ട്രീയക്കാരനല്ല. അതുകൊണ്ട് അഭിപ്രായം പറയാനേ പാടില്ല എന്ന് പറയുന്നതും തെറ്റാണ്. അങ്ങിനെ നോക്കിയാൽ സിനിമാ വിമർശനം പോലും ഉണ്ടാകാൻ പാടില്ല. അഭിപ്രായം പറയുന്നവർ കളത്തിലിറങ്ങണമെന്ന ആവശ്യം ഉണ്ടോ? വിമർശിക്കുന്നവരോ, വിമർശനക്കൂട്ടമോ സിനിമയെടുക്കണമെന്നില്ല. എന്നാൽ വിമർശനം ആവശ്യവുമാണല്ലോ.

ദ്രാവിഡം...

ദ്രാവിഡം എന്ന വാക്ക് പ്രബന്ധകാലം തൊട്ടേയുണ്ട്. അതിനെ ഒന്നും ചെയ്യാൻ കഴിയില്ല. അതിനുള്ള നേതൃത്വം ജനങ്ങൾ ഏറ്റെടുക്കുന്നുണ്ടോ, മനുഷ്യൻ ഏറ്റെടുക്കുന്നുണ്ടോ എന്നതനുസരിച്ചിരിക്കും അതും. ദ്രാവിഡത്തിനെ ഒന്നും ചെയ്യാൻ കഴിയില്ല. തമിഴ് തായ് വാഴ്ത്ത് ഉള്ളതുവരെ ദ്രാവിഡ സിദ്ധാന്തം അലയടിക്കും. അതിനെ ആവേശത്തോടെ, നല്ല രീതിയിൽ ഉപയോഗിക്കുന്ന പാർട്ടികൾ ജയിച്ചേ മതിയാകൂ. ദേശീയപാർട്ടി ആയാലും തമിഴ് നാട്ടിലേയ്ക്ക് വന്നാൽ ദ്രാവിഡത്തിനെ ഏറ്റെടുത്തേ മതിയാകൂ. അത് ഒരു ഭാഷ പോലെയാണ്. ഗുജറാത്തി എന്നതിൽ മോദിയ്ക്ക് അഭിമാനം ഉള്ളത് പോലെ ദ്രാവിഡൻ എന്നതിൽ എനിക്കും അഭിമാനം ഉണ്ട്. ഞാൻ എന്റെ അഭിപ്രായങ്ങൾ തുടർന്നും പറഞ്ഞുകൊണ്ടിരിക്കും. അത് ശല്യമായി കരുതുന്നവർക്ക് അങ്ങിനെയായിരിക്കട്ടെ.

കടപ്പാട്: ദ ഹിന്ദു (തമിഴ്)