പെണ്ണുങ്ങളാണ് സ്മാര്‍ട്ടെന്ന് ആര്‍ക്കാണ് അറിയാത്തത്: ശ്യാം പുഷ്‌ക്കരന്‍

സ്ത്രീ, കോമഡി, സ്ത്രീവിരുദ്ധത, ഫഹദ്, നസ്രിയ, ആഷിഖ് അബു, മഹേഷ്, പ്രണയം, ആദിവാസി മൂപ്പന്‍, റാണിപത്മിനി, ആണത്തം- തുടങ്ങിയ വിഷയങ്ങളില്‍ ദേശീയ തിരക്കഥാ പുരസ്‌ക്കാര ജേതാവായ ശ്യാം പുഷ്‌ക്കരനുമായി ദീര്‍ഘസംഭാഷണം

പെണ്ണുങ്ങളാണ് സ്മാര്‍ട്ടെന്ന് ആര്‍ക്കാണ് അറിയാത്തത്: ശ്യാം പുഷ്‌ക്കരന്‍

മഹേഷിന്റെ പ്രതികാരം ഒരു രചനയാണ്. സിനിമയ്ക്കുള്ളിലേയ്ക്ക് കടന്നു ചെന്ന ചെറുകഥയുടെ കരുത്ത്. മറ്റവനെ ഇടിക്കാതെ ചെരുപ്പിടില്ലെന്ന് ശപഥം ചെയ്ത ഒരു ഫോട്ടോഗ്രാഫറുടെ കഥ. പുറത്തേയ്ക്ക് മടങ്ങി പോകരുതേ എന്നാഗ്രഹിക്കുന്ന ഒരിടുക്കിക്കാറ്റായി മഹേഷിന്റെ പ്രതികാരം കണ്ടവരുടെയെല്ലാം ഉള്ളിലുണ്ട്. ദേശീയ സിനിമ അവാര്‍ഡ് ഇക്കുറി പ്രഖ്യാപിച്ചപ്പോള്‍ മികച്ച തിരക്കഥയ്ക്കും മലയാളം സിനിമയ്ക്കുമുള്ള പുരസ്‌ക്കാരം മഹേഷിന്റെ പ്രതികാരത്തിന്.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ്, അഞ്ചുസുന്ദരികള്‍, ഇയ്യോബിന്റെ പുസ്തകം , റാണി പത്മിനി എന്നിവയുടെ രചയിതാവായിരുന്ന ശ്യാം പുഷ്‌ക്കരന്‍, സ്വന്തം നാട്ടുകാരനായ എസ്എല്‍പുരം സദാനന്ദന്‍ 1967ല്‍ സ്വന്തമാക്കിയ ഒരു റെക്കോര്‍ഡും മറികടന്നു. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ തിരക്കഥാ പുരസ്‌ക്കാര ജേതാവായി 31 വയസില്‍ ശ്യാം മാറി.

ആറുവര്‍ഷമായി സിനിമയിലുണ്ടെങ്കിലും ഇനിയും നിറയാത്ത 1278 സുഹൃത്തുക്കൾ മാത്രമുള്ള ഫേസ്ബുക്ക് അക്കൗണ്ടുമായി തികച്ചും നിശബ്ദനായി, സ്വന്തം പണിയെടുത്ത് ശ്യാം പുഷ്‌ക്കരന്‍ സിനിമയിലെ ഏറ്റവും വിലയേറിയ എഴുത്തുകാരനായി ഇവിടെയുണ്ട്. മറ്റെല്ലാ രചനകളിലും കൂട്ടായിട്ടാണ് എഴുതിയത്. മഹേഷ് ഒറ്റയ്ക്കും. ദേശീയ അവാര്‍ഡ് കിട്ടി, ഇനിയങ്ങ് ഒറ്റയ്‌ക്കേ എഴുതൂ എന്ന വാശിയൊന്നുമില്ല. സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ എഴുത്തുകൂട്ടായ ദിലീഷ് നായരോടൊപ്പം ആഷിഖ് അബു സംവിധാനം ചെയ്യുന്ന, ടൊവീനോ നായകനായ സിനിമ എഴുതുകയാണിപ്പോള്‍ ശ്യാം. സ്ത്രീവിരുദ്ധതയെക്കുറിച്ചാണ് ഈ ദേശീയ അവാര്‍ഡ് ജേതാവിന് കൂടുതല്‍ പറയാനുള്ളത്.

മറ്റെല്ലാ പ്രത്യേകതകളും എടുത്തു പറയേണ്ടപ്പോള്‍ തന്നെ എഴുത്തുകൊണ്ടോ ക്യാമറകൊണ്ടോ എഡിറ്റിങ്ങിലോ ശബ്ദത്തിലോ മഹേഷിന്റെ പ്രതികാരം സ്ത്രീവിരുദ്ധമായിരുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിച്ചു?

സ്ത്രീവിരുദ്ധത മൊത്തത്തില്‍ കാണിക്കാന്‍ പറ്റാത്തതിന് കാരണം ഇപ്പോ സമൂഹത്തില്‍ അതു വെച്ചുപൊറുപ്പിക്കാത്തതു കൊണ്ടു തന്നെയാണ്. എന്റെ അമ്മയോ, ഭാര്യയോ, പെങ്ങളോ, എന്റെ കൂട്ടുകാരികളോ ആരുംതന്നെ സിനിമയ്ക്കുള്ളിലെ വിരുദ്ധത വെച്ചുപൊറുപ്പിക്കില്ല. അവര്‍ ഭയങ്കരമായി പ്രതികരിക്കുന്നുണ്ട്. അതുകൊണ്ട് സ്ത്രീവിരുദ്ധത മനസിലുണ്ടെങ്കിലും മായ്ച്ചു കളയാനേ തോന്നത്തുള്ളു. നമ്മുടെ ചുറ്റുമുള്ള സ്ത്രീകള്‍ അതിനെ അത്രയ്ക്ക് കാര്യമായി കണ്ടുതുടങ്ങിയിട്ടുണ്ട്. അവര്‍ക്ക് പരാതികള്‍ ഉണ്ട്, അവരുടെ പരാതികള്‍ ന്യായവുമാണ്.

മഹേഷിന്റെ പ്രതികാരത്തില്‍ സ്ത്രീയെ മോശമായി ചിത്രീകരിക്കാത്തത് നിങ്ങളത് ബോധപൂര്‍വ്വം ചെയ്തതാണെന്നാണ്, അതൊരാകസ്മികതയല്ലെന്നാണ് തോന്നിയത്?

സൂക്ഷിച്ചു ചെയ്യേണ്ടതാണ് സിനിമ. സ്ത്രീവിരുദ്ധരായ ക്യാരക്ടറുകള്‍ സമൂഹത്തില്‍ ഉണ്ടല്ലോ. എങ്ങനെയാണ് സ്ത്രീവിരുദ്ധ കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടതെന്നതില്‍ നമ്മുടെ ഫിലിംമേക്കേഴ്‌സിന് ഒരു വ്യക്തതക്കുറവുണ്ടെന്ന് തോന്നിയിട്ടുണ്ട്. പലര്‍ക്കും ദൃശ്യസാക്ഷരതയുടെ കുറവുണ്ട്. ഒരു ലോ ആംഗിള്‍ ഷോട്ടിന്റെ സൈക്കോളജി എന്താണ്? സ്ലോമോഷന്റെ സൈക്കോളജി എന്താണ്? തുടങ്ങിയിട്ടുള്ള കാര്യങ്ങളുണ്ട്. അത് ആള്‍ക്കാരുടെ സൈക്കോളജിയെ അഫക്റ്റ് ചെയ്യും.


സ്ത്രീകളെ അപമാനിച്ചുണ്ടാക്കിയാലേ സ്‌ക്രീനില്‍ ചിരിയുണ്ടാക്കാനാവൂ എന്നും. എന്നാലേ കാശുവാരാനാകൂ എന്നുമൊരു തോന്നലുണ്ടെന്നു തോന്നുന്നു?

രണ്ടര മണിക്കൂര്‍ ആള്‍ക്കാരെ കഥ പറഞ്ഞ് ഇരുത്തുന്നത് വളരെ ഈസിയായി സാധ്യമായ കാര്യമാണ്. സിനിമ ഉണ്ടായിട്ട് നൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിനു സ്ത്രീവിരുദ്ധ വേണമെന്നില്ല. ചാര്‍ളിചാപ്ലിനും ജാക്കിച്ചാനും ജീവിച്ചിരുന്ന നാടല്ലേയിത്. അവരൊക്കെ എന്തെങ്കിലും സ്ത്രീവിരുദ്ധ കാണിക്കേണ്ടി വന്നിട്ടുണ്ടോ. അവരൊക്കെ ഇതിനെക്കാളും ഭംഗിയായി ആസ്വദിപ്പിക്കുകയും നമ്മളെക്കൊണ്ട് കയ്യടിപ്പിക്കുകയും ചെയ്യിച്ചില്ലേ. നമ്മുടെയൊക്കെ മനസ്സ് ഇളക്കി നൂറുരൂപാ ടിക്കറ്റുകാരന് അതിന്റെ ഇരട്ടിക്കിരട്ടി ഗുണങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള കൊമേഴ്‌സ്യല്‍ സിനിമക്കാര് തന്നെയല്ലേ അവരും. അവരുടെയൊന്നും സിനിമകളില്‍ ഇല്ലാത്ത ഏതു സ്ത്രീവിരുദ്ധതയാണ് സിനിമയ്ക്ക് കോടിയടിക്കാന്‍ വേണമെന്നാണ് പറയുന്നത്?

ദളിതരുടേയും മുസ്ലീങ്ങളുടേയും ലൈംഗിക ന്യൂനപക്ഷങ്ങളുടേയും അവസ്ഥയും സ്ത്രീകളില്‍ നിന്നും ഭിന്നമേയല്ല... അവരും കോമഡിയാണ്. അല്ലെങ്കില്‍ ഭീകരര്‍?

ആദ്യ സിനിമയായ സോള്‍ട്ട് ആന്‍ഡ് പെപ്പറില്‍ ഞങ്ങളൊരു ആദിവാസി കഥാപാത്രത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഭയങ്കര ഗൗരവത്തോടെ ഉള്‍പ്പെടുത്തിയതാണ്. പക്ഷെ, നമ്മുടെ അറിവില്ലായ്മ കൊണ്ട് അത് പലപ്പോഴും കോമഡി ആയി രൂപപ്പെട്ടിട്ടുണ്ട്. മൂപ്പന്റെ കഥാപാത്രം സ്‌ക്രീനില്‍ വരുമ്പോള്‍ ഭയങ്കര ചിരി. ആ ചിരി ആഗ്രഹിച്ചതേയല്ല. പെട്ടന്നുതന്നെ ഞങ്ങളത് ആലോചിച്ചു. കുഴപ്പം മനസിലായി ഇനിയത് ഒരിക്കലും ആവര്‍ത്തികപ്പെടരുതെന്ന് ഞങ്ങളുടെ കൂട്ടത്തില്‍ എല്ലാവരോടും പറഞ്ഞു. അത്തരം കാര്യങ്ങളിലൊരു മുന്‍കരുതലെടുത്തു. അത് ആരും ചൂണ്ടി കാണിച്ചില്ല.

എന്നാലും ഞങ്ങളുടെ ഉള്ളില്‍ ചെറിയ കോമഡിയ്ക്കു വേണ്ടി അദ്ദേഹത്തെ ഉപയോഗിച്ചു പോയോ എന്ന സങ്കടമുണ്ട്. ശരിക്കും ക്യാരക്ടറായി തന്നെയാണ് മൂപ്പനെ ഉള്‍ക്കൊള്ളിച്ചത്. കുണ്ഡലം നഷ്ടപ്പെടാതിരിക്കാനായി കാളിദാസന്‍ കാട്ടില്‍ നിന്നു കൂട്ടിക്കൊണ്ടുവരുന്നതാണ്. ആ കുണ്ഡലമായിരുന്നു പ്രധാനം. പക്ഷെ ഏതോ ഒരു പോയിന്റില്‍ ഞങ്ങളത് കോമഡിക്കു വേണ്ടി മോശമായി ഉപയോഗിച്ചോ എന്ന് സംശയം തോന്നിയിട്ടുണ്ട്. പിന്നീടുള്ള സിനിമകളില്‍ അത് ഒഴിവാക്കിയിട്ടുണ്ട്. അതിന് നമ്മുടെ സുഹൃത്തുകളായിട്ടുള്ളവര്‍ക്കും ഞങ്ങള്‍ക്കു തന്നെയും അക്കാണിച്ചത് മോശമായി പോയി എന്നു തന്നെയാണ് തോന്നിയിട്ടുള്ളത്.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ മുതല്‍ മഹേഷ് വരെ ശ്യാം ചെയ്ത സിനിമകളുടെയെല്ലാം കാശുവാരി ഘടകം ചിരിതന്നെ. അതിലൊക്കെ ചിരിയുണ്ടായതെങ്ങനെയാണ്?

സ്ത്രീവിരുദ്ധമല്ലാത്ത കോമഡികള്‍ നമുക്കു ചുറ്റും തന്നെ ഒരുപാടുണ്ടല്ലോ. സ്ത്രീവിരുദ്ധത ഇല്ലാതെ ഉഗ്രന്‍ കോമഡികള്‍ കാണിച്ച മുന്‍ഗാമികള്‍ നമുക്കുണ്ടല്ലോ. ഏറ്റവും ബേസിക്കായി, ശ്രീനിവാസന്‍ തന്നെ. ആളുകളെ വിനോദിപ്പിക്കാന്‍ മാസ് സിനിമകളില്‍ ഒന്നും ഇല്ലാതെ വരുമ്പോള്‍ വളരെ ഈസിയാണല്ലോ പെണ്ണിനെ ആക്ഷേപിച്ചോ അപമാനിച്ചോ കയ്യടി നേടല്‍. അതിന് ആലോചന വേണ്ടല്ലോ.


റാണി പത്മിനി സ്ത്രീകളെ അടയാളപ്പെടുത്താന്‍ ശ്രമിച്ച സിനിമയാണ്?

റാണി പത്മിനി ചെയ്യുമ്പോള്‍ ഞങ്ങള്‍ ചലഞ്ച്, പെണ്ണുങ്ങള്‍ ഉറക്കെ സംസാരിക്കുന്നത് തന്നെ ആര്‍ക്കും ഇഷ്ടമല്ല. ആള്‍ക്കാര്‍ കൂവും. അങ്ങനെ ഒരു അവസ്ഥയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ആ സിനിമ നിറയെ റാണിയുടേയും പത്മിനിയുടേയും ശബ്ദമാണ്. അവരുടെ ശബ്ദത്തിന്റെ ഫ്രീക്വന്‍സി കൂടിയാല്‍ തന്നെ തിയറ്ററില്‍ കൂവലുണ്ടാകും. അതു വേണോ വേണ്ടയോ എന്നു പലപ്പോഴും ഞങ്ങള്‍ തന്നെ സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അറിയാം പെണ്ണുങ്ങളുടെ ഫ്രീക്വന്‍സി അല്‍പ്പം കൂടിയാല്‍ ആള്‍ക്കാര്‍ ഇറിറ്റേറ്റഡാകും. പക്ഷെ ഫ്രീക്വന്‍സി കുറച്ചില്ല. അങ്ങനെയൊരു അവസ്ഥയിലാണ് ഓരോ പടവും ചെയ്യുന്നത്. നമ്മളിതിനെ പറ്റി ബോധവാന്മാരാണ്.


റാണി പത്മിനി സ്ത്രീകളെ തിരിച്ചറിഞ്ഞ സിനിമയാണ്?

തിരിച്ചറിയാന്‍ ശ്രമിച്ചിട്ടുണ്ടെന്നേ പറയാനാവൂ... നമ്മള്‍ അറിയാന്‍ ശ്രമിച്ചു എന്നതാണ് സത്യം.

തിയറ്ററില്‍ സ്വീകരിക്കപ്പെടാതിരുന്നത് അതിലെ സ്ത്രീകള്‍ സ്വതന്ത്രരായതിനാലാണെന്നാണോ?

കൊമേഷ്യലി ഹിറ്റായ മൊയ്തീന്റേയും അമര്‍ അക്ബര്‍ ആന്റണിയുടെയും കൂടെയാണ് ഇത് വന്നത്. കണ്ടവരൊക്കെ ഇഷ്ടപ്പെടുകയും വിളിക്കുന്നുമുണ്ട്. സമൂഹം സ്ത്രീകളുടെ സിനിമ തള്ളിക്കളഞ്ഞു എന്ന പരാതിയൊന്നുമില്ല. സ്ത്രീകളെ പറ്റി അതിലും മികച്ച ഇന്ററസ്റ്റിങ്ങ് ആയിട്ടുള്ള നിരവധി സിനിമകള്‍ ഞങ്ങള്‍ക്ക് പറയാനൊണ്ട്. സ്ത്രീകളെ പറ്റി പഠിക്കുകയാണ്. അവരെ ഗൗരവത്തോടെ കാണാന്‍ അവര്‍ തന്നെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

വ്യക്തി എന്ന നിലയില്‍ ശ്യാമിനാരാണ് സ്ത്രീ?

എന്റെ ജീവിതം മുന്നോട്ടു പോകാന്‍ എനിക്കവര്‍ ഭയങ്കര അത്യാവശ്യമുണ്ട്. എന്റെ അമ്മ എന്നെ പഠിപ്പിച്ചതൊന്നും എന്റെ അച്ഛൻ പഠിപ്പിച്ചിട്ടില്ല. എന്റെ ചേച്ചി പഠിപ്പിച്ചതൊന്നും വേറെ ചേട്ടന്മാരാരും പഠിപ്പിച്ചിട്ടില്ല. എന്റെ ഭാര്യ പഠിപ്പിച്ചിട്ടുള്ള, അമ്മായിയമ്മ പഠിപ്പിച്ചിട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ എന്റെ ലൈഫിനെ ഈസിയും അടിപൊളിയുമാക്കിയിട്ടുണ്ട്.

കൊട്ടിഘോഷിക്കുന്ന ആണത്തമല്ല മഹേഷിനും പ്രതികാരത്തിനു. മഹേഷിന്റെ പ്രണയത്തില്‍ പ്രണയിനികള്‍ മാനസികമായി അവനെക്കാളും കരുത്തരാണ്?

അശേഷം പ്രണയം ഇല്ലാത്ത ഹീറോയിസം വില്ലത്തരം മാത്രം, ഷഹബാസ് അമന്‍ പറഞ്ഞതാണ്. എനിക്കത് പ്രാധനമായി തോന്നിയിട്ടുണ്ട്. അങ്ങനത്തെ ആണത്തത്തിന് എന്ത് പ്രസക്തിയാണുള്ളത്. ഒരു പ്രണയം ഇല്ലാത്ത ആണത്തത്തിന്. എനിക്ക് ഭയങ്കര പ്രധാനമാണത്.

ദേവാസുരത്തിലേയും രാവണപ്രഭുവിലേയും നായകരും കാമുകന്മാരാണ്?

(ചിരിക്കുന്നു) എനിക്കാ പ്രണയം മനസ്സിലാകുന്നില്ല. ഇപ്പോ നമ്മുടെ കൂടെയുള്ള സ്ത്രീകള്‍, നമ്മള്‍ ജീവിക്കുന്ന സമൂഹത്തിലെ സ്ത്രീകൾ, അവരെ അപമാനിക്കാതിരിക്കുക എന്നെങ്കിലും ചെയ്യാമല്ലോ.

ശ്യാമെഴുതുന്ന പെണ്ണുങ്ങള്‍ സ്മാര്‍ട്ടാണ്?

പെണ്ണുങ്ങളാണ് സ്മാര്‍ട്ടെന്ന് എല്ലാവര്‍ക്കും അറിയാം. പലകാര്യങ്ങളും വളച്ചൊടിക്കുന്നമാതിരി അതിനേയും ഒടിച്ചു തിരിച്ചു വെച്ചിരിക്കുകയാണ് നമ്മള്‍.

എനിക്ക് എല്ലാ കാലത്തും ഫഹദിനെക്കാളും നസ്രിയയാണ് സമാര്‍ട്ട് എന്നു തോന്നിയിട്ടുള്ളത്. നമ്മളെക്കാളും സ്മാര്‍ട്ട് ആയിട്ടുള്ളവരെയാണ് നമ്മള്‍ കൂട്ടുകാരികളാക്കുന്നത്. ഞാന്‍ അങ്ങനെയാണ് കണ്ടിട്ടിള്ളത്. എനിക്ക് പുതപ്പിനടിയില്‍ കിടക്കുവാനുള്ള ഒരാളെയല്ല വേണ്ടത്. പഠിപ്പിക്കുവാനും, എന്റെ കൂടെ ജീവിതം ആസ്വാദ്യകരമയി ജീവിക്കാനുള്ള ആളെയാണ് വേണ്ടത്. അങ്ങനെയുള്ള കൊടുത്തു വാങ്ങലിലൂടെ മാത്രമേ ജീവിതം മുന്നോട് പോകുകയുള്ളു എന്ന് ബന്ധുക്കളിലൂടെയും മറ്റുള്ളവരിലൂടെയും മനസിലാക്കിയിട്ടുള്ളത്. അങ്ങനെ പരസ്പര ബഹുമാനവും വ്യക്തിത്വവും കൊടുത്തില്ലെങ്കില്‍ അത് ഭയങ്കര രൂക്ഷമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.


സിനിമ വീണ്ടും പ്രാദേശികതയിലേയ്ക്ക് പോയി ഉള്‍ക്കരുത്ത് നേടുകയായിരുന്നു മഹേഷിന്റെ പ്രതികാരത്തില്‍. ഒരു ദേശം അതില്‍ കഥാപാത്രമാകുന്നുണ്ട്?

ഒരു നാടോടി കഥ പോലൊരു ചെരുപ്പിന്റെ കഥയാണത്. ഇടുക്കിയലത് പ്ലേസ് ചെയ്യാന്‍ കാരണം അതു നടക്കാന്‍ സാധ്യത ഇടുക്കിയിലാണ്. പക്ഷെ ഇടുക്കിയുടെ കഥപറയാന്‍ പോയപ്പോള്‍ മനസില്‍ ഒരു വണ്‍ലൈനുമായി പോയില്ല. ആ ഒരു ആശയവുമായി ഇടുക്കിയിലൂടെ യാത്ര ചെയ്യുകയും ഉപകഥകളും കഥകള്‍ നടക്കുന്ന സ്ഥലങ്ങളും കണ്ടെത്തുകയും തിരക്കഥ പൂര്‍ണ്ണമാക്കുകയും ചെയ്തു. ഫാനിന്റെ താഴെയിരുന്ന് ഭാവനയില്‍ വല്ലാണ്ട് അഭിരമിച്ച് എഴുതാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കുറഞ്ഞ പക്ഷം സിനിമകളിലേയ്ക്കുള്ള എഴുത്തെങ്കിലും. ഇതൊരു അപ്ലൈഡ് ആര്‍ട്ടായതു കൊണ്ട് എഴുത്തും ക്യാമറ പോലെ തന്നെ നില്‍ക്കണം. ഞാന്‍ ക്യാമറാമാന്റെ ജോലി പോലെ തന്നെയാണ് എഴുത്തിനേയും കാണുന്നത്. അപ്ലൈഡ് ആര്‍ട്ട് എന്ന പൂര്‍ണ്ണമായ അര്‍ത്ഥത്തിലാണ് കാണുന്നത്. ക്യാമറയ്ക്കു വേണ്ടിയിട്ടാണ് ഞാനെഴുതുന്നത്.

ഇടുക്കി ഗോള്‍ഡുമായി മഹേഷിന്റെ പ്രതികാരത്തെ താരതമ്യം ചെയ്തുട്ടുണ്ടോ?

തീര്‍ച്ചയായും. ഇടുക്കി ഗോള്‍ഡ് ഷൂട്ട് ചെയ്യുന്ന സമയത്താണ് ആ നാടുമായും ആളുകളുമായും കൂടുതല്‍ ആകൃഷ്ടരാകുന്നത്. സിനിമയുടെ ഭാഗമായി പത്തറുപത് ദിവസം ദിലീഷ് പോത്തനുമായി അവിടെ നടന്നിട്ടുണ്ട്. സിനിമയില്‍ ഒരു സ്‌കൂളും കാടും മാത്രമാണ് ഇടുക്കിയില്‍ നിന്ന് കാണിക്കുന്നത്. സിനിമക്കാരുടെ വലിയ ഗുണമെന്നു വെച്ചാല്‍ ഒരു ബന്ധവുമില്ലാത്ത സ്ഥലത്തു പോയി പത്തുതൊണ്ണൂറു ദിവസം താമസിക്കാന്‍ പറ്റും. തൊണ്ടി മുതലും ദൃക്‌സാക്ഷിയുമാണ് ഇപ്പോള്‍ ചെയ്തത്. അത് കാസര്‍ഗോഡാണ്. അവിടെ നിക്കുമ്പോ, അവിടുത്തെ ആളുകള്‍ എന്താണ് ചിന്തിക്കുന്നതെന്ന് മനസിലാക്കിയേ പറ്റു. അത് സിനിമയുടെ മാത്രം സുഖങ്ങളിലൊന്നാണ്. അത് ഞങ്ങള്‍ നന്നായി ആസ്വദിക്കാറും മുഴുകാറുമുണ്ട്. ഞങ്ങളതു മനസിലാക്കിയ ശേഷം പല സിനിമയുടെ പല ആര്‍ഭാടങ്ങളും ഒഴിവാക്കി ആളുകളെ അറിയാനായി പ്രദേശത്തേയ്ക്കിറങ്ങി ജീവിക്കാറുണ്ട്. അതിനായി സിനിമയുടെ കാശ് ഉപയോഗിക്കാറുമുണ്ട്. ഞങ്ങളങ്ങിനെ ഇറങ്ങിയതാണ് മഹേഷിന്റെ പ്രതികാരം. ഇറങ്ങാന്‍ കാരണമുണ്ടായത് ഇടുക്കി ഗോള്‍ഡിലൂടെയുമാണ്.


ഇടുക്കിയിലായിരുന്നു മഹേഷെങ്കില്‍ പുതിയ സിനിമ തൊണ്ടിമുതല്‍ കാസര്‍ഗോഡാണ്- വീണ്ടും പ്രദേശത്തേയ്ക്ക്?

എവിടെയും നടക്കുന്ന കഥയാണ് തൊണ്ടിമുതലില്‍ പറയുന്നത്. ഇടുക്കി പോലൊരു കഥയല്ല. പക്ഷെ കാസര്‍ഗോഡിന്റെ ആത്മാംശം അതിലുണ്ട്. രാജീവ് രവി ഷൂട്ട് ചെയ്യുന്നതു കൊണ്ടെല്ലാം സ്വാഭാവികമായി അതു വരുന്നുണ്ട്. പൊലീസ് സിസ്റ്റത്തെക്കുറിച്ചുള്ള കഥയാണത്. ഒരു കേസ് എങ്ങനെ പോലീസ് കൈകാര്യം ചെയ്യുന്നു എന്നതു വെച്ചുള്ള കഥയാണ്. ഒരു മാലമോഷണ കേസ് പൊലീസ് എങ്ങനെയാണ് ഡീലുചെയ്യുന്നതെന്നാണ് സിനിമ പറയുന്നത്.

ആഷിഖ് അബുവിനെ പരിചയപ്പെടുന്നു. ദിലീഷും ശ്യാമും രചിച്ച സിനിമ അദ്ദേഹം ചെയ്യുന്നു. ശ്യാം പുഷ്‌ക്കരന്‍ എന്ന തിരക്കഥാകൃത്ത് പണിതുടങ്ങുന്നു- ആഷിഖിനെ പറ്റി പറയു?

കുറേ സിനിമകളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ശേഷം ആഷിഖ് അബുവിന്റെ കൂടെ സീരിയസായി രംഗത്തയ്ക്ക് വരുമ്പോള്‍, അദ്ദേഹം മമ്മൂട്ടിയെ വെച്ച് സൂപ്പര്‍സ്റ്റാര്‍ സിനിമ ചെയ്തയാളാണ്. ഞാനപ്പോള്‍ പുറത്തു നിന്നുള്ള ആളാണല്ലോ, പ്രൊഡക്ഷന്റേയും റിലീസിന്റെുമെല്ലാം കാര്യങ്ങളെപ്പറ്റി ഞാന്‍ ചോദ്യം ചെയ്യും. പലകാര്യങ്ങളെപ്പറ്റിയും എനിക്കറിയില്ല. ഇതിനൊന്നും ഒരു ലോജിക്കുമില്ലേ എന്നാണെന്റെ പ്രധാന സംശയം. അദ്ദേഹം എനിക്ക് പലപ്പോഴായി പറഞ്ഞു തന്നിട്ടുള്ളത്, നിലവിലുള്ള അവസ്ഥയില്‍ ലോജിക്ക് എന്നു പറയുന്നതൊന്നും സിനിമയില്‍ ഇല്ലെന്നാണ്. നമുക്ക് ചെയ്യാനാവുന്നത് കൊമേഷ്യല്‍ സിനിമയിലേയ്ക്ക് ക്രിയേറ്റിവിറ്റി കൊണ്ടു വരിക എന്നതാണ്... ആര്‍ട്ട് കൊണ്ടുവരിക എന്നതാണെന്നാണ്. ദിലീഷ് പോത്തനുമായി സിനിമ ചെയ്യുമ്പോഴും ഞങ്ങളുടെയൊരു തത്വം അതാണ്. സ്ത്രീവിരുദ്ധത ഇല്ലാതെ ക്വാളിറ്റി കൊണ്ടുവരാനാണ് ശ്രമിച്ചിട്ടുള്ളത്. മഹേഷ് ഉള്‍പ്പടെ ഈയൊരു തത്വത്തിലാണ് ചെയ്തിട്ടുള്ളത്.


അഞ്ചു സിനിമകള്‍ക്കു ശേഷം ഒറ്റയ്ക്ക് രചിച്ച ആദ്യ സിനിമയാണ് മഹേഷിന്റെ പ്രതികാരം?

ഈ സിനിമയിലും എനിക്ക് സഹഎഴുത്തുകാരില്ലെന്ന് പറയാനാവില്ല. ഡയറക്ടര്‍ ദിലീഷ് പോത്തനും സഹസംവിധായകരുമെല്ലാം സഹഎഴുത്തുകാര്‍ തന്നെയാണ് എനിക്ക്. സഹായങ്ങള്‍ ഞാനവരില്‍ നിന്നും ചോദിച്ചെടുക്കാറുണ്ട്. അത് എന്റെ പണിയായി തന്നെ ചെയ്യും. അവരോടങ്ങനെ ജനാധിപത്യപരമായി നില്‍ക്കുന്നത് സിനിമയ്ക്ക് ഗുണമാണ്. സിനിമ കാണുമ്പോള്‍ വര്‍ക്കൗട്ടാകുന്നത് സിനിമയാണ്. ആ സീനെഴുതിയതാര് ഇതെഴുതിയതാര് എന്നൊന്നുമില്ലല്ലോ.

ആണത്ത പ്രകടനങ്ങളില്ലാതെ ഫഹദ് സിനിമയില്‍ മഹേഷായി. മഹേഷിലും ഹീറോയിസം നായികമാര്‍ക്കായിരുന്നു...?

ഫഹദ് പണ്ടു മുതലെ ഇമേജുകള്‍ നോക്കാതെ അഭിനയിക്കുന്നയാളാണ്. മഹേഷിലെത്തിയപ്പോള്‍ ഞങ്ങളതിലേയ്ക്ക് അദ്ദേഹത്തെ പൂര്‍ണ്ണമായി അനുവദിക്കുകയാണുണ്ടായത്. 22 എഫ്‌കെയിലും ആമേനിലും ഇമേജുകളോ ഫാന്‍സോ ഇല്ലാതെ അങ്ങേരെടുത്ത പണി, ഇമേജു നോക്കാതെ പടം ഓടിയാല്‍ മതി എന്ന് അദ്ദേഹമെടുത്ത പരിപാടികള്‍, അതാണ് മഹേഷിന് ഗുണമായത്. ആള്‍ക്കാരെ കൊണ്ട് കയ്യടിപ്പിക്കാന്‍ അതുമിതും ചെയ്യേണ്ടി വന്നില്ല. പോപ്പുലര്‍ ഡ്രാമകളായതിനാല്‍ വേണ്ടിവന്നില്ല. ആരെയും പറ്റിക്കാതെ സിനിമ ചെയ്യാനതിനാല്‍ സാധിച്ചു.


അവസാനമായി ചോദിക്കട്ടെ, മഹേഷിന്റെ പ്രതികാരത്തെക്കുറിച്ച് ആദ്യം മനസില്‍ വന്നത് ഓര്‍ക്കുന്നുണ്ടോ?

ഓര്‍ക്കുന്നുണ്ട്. ഇടുക്കി ഗോള്‍ഡിന്റെ ഷൂട്ട് നടക്കുമ്പോഴാണ് തോന്നലുണ്ടായത്. മരണത്തിന് പടമെടുക്കുന്നയാള്‍ എന്നതായിരുന്നു ആദ്യത്തെ തോന്നല്‍. കുന്നുകള്‍ കയറിപ്പോയി മരണത്തിന് പടമെടുക്കുന്ന ഒരാള്‍. പിന്നീടത് തമ്പാന്‍ പുരുഷന്റെ കഥയുമായി ചേര്‍ക്കുകയായിരുന്നു. തമ്പാന്‍ പുരുഷന്‍ അച്ഛന്റെ സുഹൃത്താണ്. നാട്ടുകാരന്‍. കുട്ടിക്കാലത്ത് കേട്ടിട്ടുള്ള കഥകളിലൊന്നായിരുന്നു അത്. അദ്ദേഹം കൂട്ടുകാരുമായി വാക്കേറ്റമുണ്ടാകുകയും ചെരിപ്പിടാതെ മൂന്നുകൊല്ലം നടന്നു എന്നതുമായിരുന്നു ആ കഥ. സിനിമയെക്കുറിച്ചുള്ള ആലോചനകള്‍ നടക്കുന്ന സമയത്ത് വീടിനു മുകളില്‍ കണ്ടെയിനര്‍ ലോറി വീണ് അദ്ദേഹം മരിച്ചു. ഹൈവെയുടെ താഴെയായിട്ടായിരുന്നു വീട്.

-Edited by K G Sreejith