ബ്രിട്ടീഷ് ഫെമിനിസമാണ് എനിക്ക് ശരിയായ ഫെമിനിസമായി തോന്നിയിട്ടുള്ളത്: ജയമോഹന്‍

എല്ലാ ആണുങ്ങള്‍ക്കും സ്ത്രീകളെ ഇഷ്ടമാണ്. എല്ലാ സ്ത്രീകളേയും ഇഷ്ടമാണോയെന്നു ചോദിച്ചാല്‍, അതു നുണയാകും. എല്ലാ സ്ത്രീകളേയും ഇഷ്ടമല്ല. എല്ലാ ആണുങ്ങളേയും സ്ത്രീകള്‍ക്കും ഇഷ്ടമല്ലല്ലോ അല്ലേ? എനിക്ക് ഒരു തരത്തിലെങ്കിലും അറിവുള്ള, നിലപാടുള്ളവരുമായി മാത്രമേ ചേരാന്‍ കഴിയൂ. അതു ആണായാലും ശരി പെണ്ണായാലും ശരി. പ്രശസ്ത തമിഴ്/മലയാളം എഴുത്തുകാരന്‍ ജയമോഹനുമായുള്ള സംഭാഷണം.

ബ്രിട്ടീഷ്  ഫെമിനിസമാണ് എനിക്ക് ശരിയായ ഫെമിനിസമായി തോന്നിയിട്ടുള്ളത്: ജയമോഹന്‍

സ്ത്രീകള്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ തട്ടിയെറിഞ്ഞ് ഞങ്ങള്‍ ആണുങ്ങളുടെ വേഷമെടുക്കുന്നെന്ന് താങ്കള്‍ ഒരു ലേഖനത്തില്‍ എഴുതിയിരുന്നു. സ്ത്രീകള്‍ ആയതിനാല്‍ അവര്‍ക്ക് നല്‍കുന്ന ചില ആനുകൂല്യങ്ങളെ ഇത്രയ്ക്ക് എതിര്‍ക്കുന്നതെന്തിന്?

ഞാൻ സ്ത്രീകളോട് ഒരു സുഹൃത്തായി, പിതാവായി പറയുന്ന കാര്യം അവര്‍ പ്രതികരിക്കണം എന്നാണ്. പ്രതികരിക്കാതെ സ്വാതന്ത്ര്യത്തിനെപ്പറ്റി മിണ്ടരുത്. അവർക്ക് പെണ്ണ് എന്ന നിലയിൽ ചില കടമകൾ ഉണ്ട്. പെണ്ണിന്റെ ഉടലുമായി ബന്ധപ്പെട്ട ബലഹീനതകൾ ഉണ്ട്. ഇന്ത്യയിൽ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ട്. അതുവേറെ. അത് അവരുടെ അവകാശമാണ്.'ആനുകൂല്യം' എന്ന വാക്ക് ഞാൻ ഉപയോഗിക്കില്ല. എന്നാൽ പ്രധാനപ്പെട്ട അവസരങ്ങളിൽ ഒരു പെണ്ണ് പ്രതികരിക്കുക എന്നത് സ്വാതന്ത്ര്യത്തിലേയ്ക്കുള്ള അവരുടെ ആദ്യത്തെ പടിയാണ്.

താങ്കൾക്ക് ഒരു മകളുണ്ട്. അവൾ എങ്ങിനെ വളരണം എന്നാണ് പ്രതീക്ഷിക്കുന്നത്?

ആദ്യമായി പറയട്ടെ, മാതാപിതാക്കൾക്ക് മക്കളെ വളർത്താൻ പറ്റില്ല. അവർ തനിയേ വളരുകയാണ്. എന്റെ മകൾ, അവൾക്ക് ഇപ്പോൾ 19 വയസ്സാകുന്നു. അവൾ കടന്നുവന്ന വഴി നോക്കുമ്പോൾ ഞാൻ പ്രതീക്ഷിച്ചത് നടന്നെന്ന് കരുതുന്നു. ഇതുവരെ ഞാൻ കണ്ടിട്ടുള്ള സ്ത്രീകളിൽ ഒന്നാന്തരം വായനക്കാരി എന്റെ മകളാണെന്നതിൽ എനിക്ക് സംശയമില്ല. ഒരു അച്ഛൻ എന്ന നിലയിൽ എനിക്ക് അതില്‍ അഭിമാനം ഉണ്ട്.

രണ്ടാമതായി, ഏത് സഭയിലും ഭയം, അവഗണന, നാണം, അസ്വസ്ഥ എന്നൊന്നും ഇല്ലാതെ എഴുന്നേറ്റ് നിന്ന് സംസാരിക്കാനുള്ള സ്വരം അവൾക്ക് വേണമെന്ന് കരുതുന്നു. അത് എന്റെ മകൾക്കുണ്ട്. പിന്നെ അഭിപ്രായങ്ങളെ എളിമയോടെ സ്വീകരിക്കാതെ അതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കി ഒരു അടിത്തറയുള്ള നിലപാട് എടുക്കാൻ കഴിയുന്നവളാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എടുത്തുചാട്ടക്കാരി ആകരുതെന്ന് ആഗ്രഹിച്ചിരുന്നു.

അതായത്, 'സ്ത്രീസമത്വ'ത്തെപ്പറ്റി കേട്ടാലുടൻ അതിനെ അനുകൂലിക്കാതെ അതിന്റെ മറുവശം എന്താണ്, ചരിത്രപരമായി അതിന്റെ നിലനിൽപ്പ് എന്താണ്, ഇന്നത്തെ രീതികൾ എന്താണ് എന്നെല്ലാം ആലോചിച്ച് ഒരു നിലപാട് അവൾക്ക് ഉണ്ടാകുന്നതാണ് നല്ലത്. ഞാൻ മകളുമായി സംസാരിച്ചു കൊണ്ടിരിക്കുവാന്‍ താല്‍പര്യമുള്ളയാളാണ്.എന്നെ വിമർശിക്കാനുള്ള അവകാശവും അവൾക്കുണ്ട്. ആ സംഭാഷണം വഴി അവൾ വ്യക്തിത്വം കൈവരിക്കുന്നു. അങ്ങനെയെല്ലാം അവളെ രൂപപ്പെടുത്തണമെന്ന് ഞാൻ ആലോചിച്ചു. അത് സാധിച്ചിട്ടുണ്ട്.

താങ്കൾക്ക് സ്ത്രീകളെ ഇഷ്ടമാണോ അല്ലയോ?

സ്ത്രീകളെ ഇഷ്ടമാണോയെന്ന് ഒരു ആണിനോട് ചോദിച്ചാൽ, ഇഷ്ടമല്ലായെന്നു പറയുന്നവൻ ഹിപ്പോക്രാറ്റ് ആയിരിക്കും. എല്ലാ ആണുങ്ങൾക്കും സ്ത്രീകളെ ഇഷ്ടമാണ്. എല്ലാ സ്ത്രീകളേയും ഇഷ്ടമാണോയെന്ന് ചോദിച്ചാൽ അതു നുണയാകും. എല്ലാ സ്ത്രീകളേയും ഇഷ്ടമല്ല. എല്ലാ ആണുങ്ങളേയും സ്ത്രീകള്‍ക്കും ഇഷ്ടമല്ലല്ലോ അല്ലേ? എനിക്ക് ഒരു തരത്തിലെങ്കിലും അറിവുള്ള, നിലപാടുള്ളവരുമായെ ചേരാൻ കഴിയൂ. അത് ആണായാലും ശരി പെണ്ണായാലും ശരി.

താങ്കളുടെ കാഴ്ചപ്പാടില്‍ സ്ത്രീസമത്വം എന്നാലെന്താണ്. അത് മുന്നോട്ട് വയ്‌ക്കേണ്ട വാദങ്ങള്‍ എന്തൊക്കെയാണ്?

ഇംഗ്ലീഷിൽ ഫെമിനിസം എന്നും വിളിക്കുന്ന സ്ത്രീസമത്വത്തിന് രണ്ട് വകഭേദങ്ങൾ ഉണ്ട്. ഒന്ന് ഫ്രഞ്ച് ഭാഗം, മറ്റൊന്ന് ബ്രിട്ടീഷ് ഭാഗം. ഫ്രഞ്ച് സ്ത്രീസമത്വം പറയുന്നത് എന്താണെന്നാൽ, പെണ്ണ് എന്നാല്‍ ഈ സമൂഹം എന്തൊക്കെ അടയാളങ്ങൾ കൽപ്പിക്കുന്നുവോ അതെല്ലാം വിട്ട് പുറത്ത് വരണമെന്നാണ് ആവശ്യപ്പെടുന്നത്.

തമിഴ് നാട്ടിലുള്ള സ്ത്രീകൾ സംസാരിക്കുന്നത് ഫ്രഞ്ച് അല്ലെങ്കിൽ അമേരിക്കൻ ഫെമിനിസമാണ്. അതായത് ആണുങ്ങളെപ്പോലെയാകുക. ആണുങ്ങൾ ചെയ്യുന്നതെല്ലാം ചെയ്യുക ...അങ്ങനെ!അതിനെ ഒരു തരത്തിൽ 'നോൺസെൻസ്' എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

ബ്രിട്ടീഷ് ഫെമിനിസത്തിനോടാണ് എനിക്ക് അടുപ്പം. കാരണം, പെണ്ണിന് ജീവശാസ്ത്രപരമായും സാംസ്കാരികമായും തനിക്ക് കിട്ടിയിട്ടുള്ള അടയാളങ്ങളെ അവളുടെ ഊർജ്ജമായി മാറ്റിയെടുക്കണം. അത് അവൾ തന്റെ വിജയത്തിനായി ഉപയോഗപ്പെടുത്തണം. ഉദാഹരണത്തിന്, മാതൃത്വം എന്നത് പെണ്ണിന്റെ ഏറ്റവും വലിയ അടയാളം ആണ്. അത് അവളുടെ വിജയത്തിനായി ഉപയോഗിക്കപ്പെടണം. അതാണ് ബ്രിട്ടീഷ് ഫെമിനിസം പറയുന്നത്. ഈ ഫെമിനിസമാണ് എനിക്ക് ശരിയായ ഫെമിനിസമായി തോന്നിയിട്ടുള്ളത്.

കടപ്പാട്: വികടൻ