സീ ചാനൽ ഗ്രൂപ് ഇന്ത്യ-പാക് ക്രിക്കറ്റ് ബഹിഷ്കരിക്കുന്നു

ചാമ്പ്യന്‍സ് ട്രോഫിയെക്കുറിച്ച് സമ്പൂര്‍ണമായ സിരീസ് പിന്നീട് കാണിക്കുമെങ്കിലും ഇന്ത്യ-പാക് മാച്ച് അതില്‍ നിന്നും ഒഴിവാക്കുമെന്നും എസ്സെല്‍ ഗ്രൂപ് ചെയര്‍മാനും ഹരിയാനയിൽ നിന്നുമുള്ള ബിജെപി രാജ്യസഭാംഗവുമായ സുഭാഷ് ചന്ദ്ര പറഞ്ഞു.

സീ ചാനൽ ഗ്രൂപ് ഇന്ത്യ-പാക് ക്രിക്കറ്റ് ബഹിഷ്കരിക്കുന്നു

ഇന്ത്യയും പാകിസ്ഥാനുമായുള്ള ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം റിപ്പോര്‍ട്ട് ചെയ്യില്ലെന്ന് എസ്സെല്‍ ഗ്രൂപ് ചെയര്‍മാനും ഹരിയാനയിൽ നിന്നുമുള്ള ബിജെപി രാജ്യസഭാംഗവുമായ സുഭാഷ് ചന്ദ്ര പറഞ്ഞു. സായുധസേനയ്ക്കുള്ള പിന്തുണയായിട്ടാണ് ക്രിക്കറ്റ് മാച്ച് ബഹിഷ്‌കരിക്കുന്നത്. എസ്സെല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള സീ ന്യൂസ്, സീ ഹിന്ദുസ്ഥാന്‍, ഡിഎന്‍എ, വിയോണ്‍ തുടങ്ങിയ ചാനലുകളും പത്രങ്ങളും മത്സരം റിപ്പോര്‍ട്ട് ചെയ്യില്ലെന്ന് സുഭാഷ് ചന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചു.'നിര്‍മ്മാതാക്കള്‍ പാകിസ്ഥാന്‍ അഭിനേതാക്കളെ ബഹിഷ്‌കരിച്ചു, അതുപോലെ പാകിസ്ഥാന്‍ നമ്മുടെ ടിവി പരിപാടികളും നിരോധിച്ചു. കാബൂള്‍ ആക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാന് പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ അവസാനിപ്പിക്കാമെങ്കില്‍ എന്തു കൊണ്ട് ഇന്ത്യയ്ക്കും അത് ചെയ്തുകൂടാ?,' അദ്ദേഹം ചോദിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശത്രുക്കളുമായി ക്രിക്കറ്റ് കളിയ്ക്കുമ്പോള്‍ ചാനല്‍ യഥാര്‍ത്ഥ ഹീറോകളെക്കുറിച്ചുള്ള പരിപാടികള്‍ കാണിക്കും എന്നും സുഭാഷ് പറഞ്ഞു.

'വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനും സായുധസേനയ്ക്കുണ്ടായ അപായങ്ങള്‍ക്കും ശേഷം തീവ്രവാദ സംഭവങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിലും നല്ലത് പ്രവര്‍ത്തിക്കുന്നതാണ്,' അദ്ദേഹം പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയെക്കുറിച്ച് സമ്പൂര്‍ണമായ സിരീസ് പിന്നീട് കാണിക്കുമെങ്കിലും ഇന്ത്യ-പാക് മത്സരം അതില്‍ നിന്നും ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ മാച്ചില്‍ ഞങ്ങള്‍ പിന്തുണയ്ക്കുന്നത് ഇന്ത്യന്‍ ആര്‍മിയെയാണെന്നും സുഭാഷ് കൂട്ടിച്ചേര്‍ത്തു.

ചാനലിന്റെ എതിര്‍പ്പിനെ പിന്തുണയ്ക്കണമെന്ന് സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചു. ബാറ്റും പന്തും ബോംബും ഒരുമിച്ച് പോകാനാവില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.


പാകിസ്ഥാനുമായുള്ള മത്സരം ബോര്‍ഡ് ഓഫ് ക്രിക്കറ്റ് ഫോര്‍ ഇന്ത്യ ഒഴിവാക്കണമായിരുന്നെന്ന് സുഭാഷ് പറഞ്ഞിരുന്നു. അത് ആഗോളതലത്തില്‍ത്തന്നെ വലിയ സന്ദേശമാകുമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഞായറാഴ്ച ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമിലാണ് ഇന്ത്യ-പാക് മത്സരം നടന്നത്.

2012 ല്‍ കോണ്‍ഗ്രസ് എംപി നവീന്‍ ജിന്ധാള്‍ കൊടുത്ത പരാതിയില്‍ സീ ഗ്രൂപ്പിലെ രണ്ട് എഡിറ്റര്‍മാരെ ഡല്‍ഹി പൊലീസിന്റെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ജിന്ധാള്‍ ഗ്രൂപ്പും കോള്‍ഗേറ്റും തമ്മിലുള്ള ചില വാര്‍ത്തകള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി 100 കോടി രൂപയുടെ പരസ്യം സീ ഗ്രൂപ് തട്ടിയെടുത്തു എന്നായിരുന്നു പരാതി. ഇതേ സീ ഗ്രൂപ് ആണിപ്പോള്‍ ദേശസ്‌നേഹത്തിന്റെ പേരില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം ബഹിഷ്‌കരിക്കുന്നത് എന്നതാണ് ഇതിലെ വൈരുദ്ധ്യം.