ലോകകപ്പ് ഫുട്‌ബോള്‍ മുടങ്ങും? ഖത്തര്‍ പാപ്പരാകും

ലോകകപ്പിന്റെ മുന്നൊരുക്കത്തോടനുബന്ധിച്ച് ആഴ്ചയില്‍ 500 മില്ല്യണ്‍ യുഎസ് ഡോളര്‍ ഖത്തര്‍ ചെലവഴിക്കുന്നുണ്ടെന്ന് ഖത്തര്‍ ധനകാര്യ മന്ത്രി അലി ഷെരീഫ് അല്‍ എമാദി വെളിപ്പെടുത്തിയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോകകപ്പ് ഫുട്‌ബോള്‍ മുടങ്ങും? ഖത്തര്‍ പാപ്പരാകും

അഞ്ച് അറേബ്യന്‍ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ സാഹചര്യം ഖത്തറിനെ നയിക്കുന്നത് വന്‍ തകര്‍ച്ചയിലേക്ക്. 2022 ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ വേദിയായി ഖത്തറിനെ പ്രഖ്യാപിച്ചിരിക്കേ, അതു മുന്നില്‍ക്കണ്ടുകൊണ്ടുള്ള ഒരുക്കങ്ങള്‍ക്കായി വന്‍ തുകയാണ് രാജ്യം ചെലവഴിച്ചിരിക്കുന്നത്. എന്നാല്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഉപരോധം തുടര്‍ന്നാല്‍ ഖത്തറിന്റെ ലോകകപ്പ് നടത്തിപ്പു സ്വപ്‌നങ്ങളെ ബാധിക്കുകയും മുടക്കിയ പണം തിരിച്ചുപിടിക്കാനാകാതെ രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുകയും ചെയ്യും.

ബഹ്‌റിന്‍, സൗദി അറേബ്യ, ഈജിപ്റ്റ്, യുഎഇ, യമന്‍ എന്നീ രാജ്യങ്ങളാണ് ഭീകരര്‍ക്കു സഹായം നല്‍കുന്നുവെന്നാരോപിച്ച് ഖത്തറിനെതിരെ ഉപരോധം കൊണ്ടുവന്നത്. ലോകകപ്പിനു വേദി ഒരുക്കുന്നതിനായി വന്‍ തുകയാണ് ഖത്തര്‍ ഇതുവരെ ചെലവഴിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യം പരിഗണിച്ച് മത്സരവേദി മാറ്റിയാല്‍ ഖത്തറിന് വന്‍ തിരിച്ചടിയുണ്ടാകും. അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യമായെത്തുന്ന ലോകപ്പ് മത്സരങ്ങളില്‍ന്‍മേല്‍ വന്‍ പ്രതീക്ഷയാണ് ഖത്തര്‍ വച്ചിരിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ആദ്യമായാണ് ഫിഫ ലോകകപ്പ് മത്സരം നടക്കുന്നതെന്ന പ്രത്യേകതയും 2022ലെ ലോകകപ്പിനുണ്ട്.

ലോകകപ്പിന്റെ മുന്നൊരുക്കത്തോടനുബന്ധിച്ച് ആഴ്ചയില്‍ 500 മില്ല്യണ്‍ യുഎസ് ഡോളര്‍ ഖത്തര്‍ ചെലവഴിക്കുന്നുണ്ടെന്ന് ഖത്തര്‍ ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ എമാദി വെളിപ്പെടുത്തിയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ നടപടി 2021വരെ ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏകദേശം 200 ബില്ല്യണ്‍ ഡോളര്‍ അപ്പോഴേയ്ക്കും ചെലവാകുമെന്നാണ് ഏകദേശ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച് നടത്താന്‍ പോകുന്ന ആദ്യ ലോകകപ്പാണ് ഖത്തറില്‍ നടക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പിനു മുന്നോടിയായി റോഡ്, ആശുപത്രികള്‍, വിമാനത്താവളം തുടങ്ങിയവയുടെ നിര്‍മ്മാണവും ഖത്തറില്‍ നടന്നുവരുന്നുണ്ട്. ഇപ്പോള്‍ ചിലവഴിക്കുന്ന തുക ലോകകപ്പിനോടനുബന്ധിച്ച് തിരികെ ഖജനാവിലെത്തുമെന്നായിരുന്നു ഖത്തറിന്റെ പ്രതീക്ഷ. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ശീതസമരം ആരംഭിച്ചതോടെ വന്‍ തിരിച്ചടിയാണ് ഖത്തറിനെ കാത്തിരിക്കുന്നത്.

എട്ട് ലക്ഷം ബാരല്‍ ഓയിലാണ് ഖത്തറില്‍നിന്നും ദിനംപ്രതി കയറ്റി അയയ്ക്കുന്നത്. 2014ല്‍ ക്രൂഡ് ഓയിലിനു വിലകുറഞ്ഞതോടെ ഖത്തറടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഖത്തര്‍ ലോകകപ്പിനുള്ള ഒരുക്കം ആരംഭിച്ചത്.

ഇതിനിടെ ലോകകപ്പ് സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ പീഡനത്തിനിരയായതായി 2014ല്‍ ആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ ലോകകപ്പ് വേദിയുടെ നിര്‍മ്മാണത്തിനിടെ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവിലെ പ്രതിസന്ധിയില്‍ കുവൈറ്റും ഒമാനും നിലപാട് വ്യക്തമാക്കാത്തത് പ്രതീക്ഷ നല്‍കുന്നുണ്ട്.

Read More >>