ജിന്നിൻ്റെ അടിമയെന്ന് വിശ്വസിപ്പിച്ച് യുവതിയെ ഗുഹയിലടച്ച് 15 വർഷങ്ങൾ നീണ്ട ലൈംഗിക പീഡനം; 83കാരൻ മന്ത്രവാദി പിടിയിൽ

അംറിന്റെ ഫോട്ടോ കാണിച്ച ശേഷം ഇയാൾ പെൺകുട്ടിയുടെ കാമുകനായിരുന്നുവെന്ന് മന്ത്രവാദി ധരിപ്പിച്ചു. തന്റെ ശരീരത്തിൽ പ്രവേശിക്കുന്ന അംറിനുമായാണ് ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് എന്നാണ് ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിച്ചിരുന്നത്.

ജിന്നിൻ്റെ അടിമയെന്ന് വിശ്വസിപ്പിച്ച് യുവതിയെ ഗുഹയിലടച്ച് 15 വർഷങ്ങൾ നീണ്ട ലൈംഗിക പീഡനം; 83കാരൻ മന്ത്രവാദി പിടിയിൽ

15 വർഷമായി മന്ത്രവാദിയുടെ തടവിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ പൊലീസ് മോചിപ്പിച്ചു. 13 വയസ് മുതൽ പെൺകുട്ടി മന്ത്രവാദിയുടെ തടവിലായിരുന്നു. പെൺകുട്ടിയെ തടവിൽ പാർപ്പിച്ച് നിരന്തരമായി ബലാത്സംഗം ചെയ്തു കൊണ്ടിരുന്ന 83കാരനായ മന്ത്രവാദിയെ പിടികൂടിയിട്ടുണ്ട്. മന്ത്രവാദിയുടെ വീടിന് സമീപത്തുള്ള ഗുഹയിൽ നിന്നുമാണ് ഇപ്പോൾ 28 വയസുള്ള പെൺകുട്ടിയെ കണ്ടെത്തിയത്. 15 വർഷങ്ങളായി പെൺകുട്ടിയെ പുറംലോകവുമായി ബന്ധപ്പെടാൻ ഇയാൾ അനുവദിച്ചിരുന്നില്ല. പെൺകുട്ടി നാട് വിട്ടുപോയി എന്ന് ഇയാൾ മാതാപിതാക്കളെ വിശ്വസിപ്പിക്കുകയായിരുന്നു.

13ാം വയസിലാണ് പെൺകുട്ടിയെ കാണാതാകുന്നത്. ചികിത്സയ്ക്കായി വീടിന് സമീപമുള്ള വ്യാജവൈദ്യൻ കൂടിയായ മന്ത്രവാദിയുടെ അടുത്ത് പെൺകുട്ടിയെ എത്തിച്ചത്. ഇയാളുടെ നിർദ്ദേശപ്രകാരം പെൺകുട്ടിയെ മന്ത്രവാദിയുടെ വീട്ടിൽ നിർത്തി മാതാപിതാക്കൾ മടങ്ങി. പിന്നീട് ആരും അവളെ കണ്ടിട്ടില്ല. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്ക് ജോലി അന്വേഷിച്ച് പെൺകുട്ടി പോയി എന്ന മറുപടിയാണ് ഇയാൾ മാതാപിതാക്കൾക്ക് നൽകിയത്. മാതാപിതാക്കൾ ഒരുപാട് അന്വേഷിച്ചെങ്കിലും 15 വർഷമായി പെൺകുട്ടിയെ കണ്ടെത്താനായില്ല. ഒരു പെൺകുട്ടിയെ മന്ത്രവാദിയുടെ വീടിന് സമീപമുള്ള ഗുഹയിൽ കണ്ടുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് തിരച്ചിൽ നടത്തിയപ്പോഴാണ് അവശയായ നിലയിൽ ഗുഹയ്ക്കുള്ളിൽ പെൺകുട്ടിയെ കണ്ടെത്തിയത്. നിരന്തരമായി ഇയാൾ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു.

ഒരു ജിന്നിന്റെ ശക്തി താൻ ആർജ്ജിച്ചിട്ടുണ്ടെന്ന് മന്ത്രവാദി പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. അംറിൻ എന്ന് പേരുള്ള ഒരു ആൺകുട്ടിയുടെ ആത്മാവ് തന്റെ ശരീരത്തിലേക്ക് പ്രവേശിക്കാറുണ്ടെന്ന് ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നു. അംറിന്റെ ഫോട്ടോ കാണിച്ച ശേഷം ഇയാൾ പെൺകുട്ടിയുടെ കാമുകനായിരുന്നുവെന്ന് മന്ത്രവാദി ധരിപ്പിച്ചു. തന്റെ ശരീരത്തിൽ പ്രവേശിക്കുന്ന അംറിനുമായാണ് ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് എന്നാണ് ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിച്ചിരുന്നത്. പലതവണ ഗർഭണി ആയിട്ടുണ്ടെന്നും മന്ത്രവാദി അത് അലസിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി. പകൽ മുഴുവൻ പെൺകുട്ടിയെ ഗുഹയിൽ ഒളിപ്പിക്കും, രാത്രി മന്ത്രവാദിയുടെ കുടിലിനോട് ചേർന്നുള്ള കുടിലുമായിരുന്നു യുവതിയുടെ താമസം.

മന്ത്രവാദിയുടെ മകൻ വിവാഹം കഴിച്ചിരിക്കുന്നത് പെൺകുട്ടിയുടെ സഹോദരിയെ ആണ്. പെൺകുട്ടിയെ ഗുഹയിൽ ഒളിപ്പിച്ചിരുന്ന വിവരം സഹോദരി അറിഞ്ഞിരുന്നോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ 15 വർഷം വരെ മന്ത്രവാദിക്ക് തടവ് ശിക്ഷ ലഭിക്കും. കൂടുതൽ പെൺകുട്ടികളെ മന്ത്രവാദി പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന സംശയത്തിലാണ് പോലീസ്. ഗ്രാമവാസികൾ വളരെയധികം ബഹുമാനിച്ചിരുന്ന വ്യക്തിയാണ് ഇയാൾ. അതുകൊണ്ട് തന്നെ കൂടുതൽ പേർ ഇരയാക്കപ്പെടാനും ഭയം മൂലം പുറത്ത് പറയാത്തതാകുമെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന ഇന്തോനേഷ്യ ദേശിയ കമ്മീഷൻ അധ്യക്ഷ മദ്ഗലന സിറ്റോറസ് അറിയിച്ചു.

Read More >>