ഷെറിൻ മാത്യൂസിന്റെ കൊലപാതകം; വളർത്തച്ഛന് വധശിക്ഷ ലഭിച്ചേക്കും

ഡാലസ് കൗണ്ടിയിലെ ഗ്രാന്‍ഡ് ജൂറിയാണ് ഷെറിന്റെ വളര്‍ത്തുമാതാപിതാക്കള്‍ക്കെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രം ശരിവച്ചത്. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, കുട്ടിയെ ഉപദ്രവിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ഷെറിൻ മാത്യൂസിന്റെ കൊലപാതകം; വളർത്തച്ഛന് വധശിക്ഷ ലഭിച്ചേക്കും

മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസ് അമേരിക്കയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി.

ഡാലസ് കൗണ്ടിയിലെ ഗ്രാന്‍ഡ് ജൂറിയാണ് ഷെറിന്റെ വളര്‍ത്തുമാതാപിതാക്കള്‍ക്കെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രം ശരിവച്ചത്. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, കുട്ടിയെ ഉപദ്രവിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാല്‍ പരോളില്ലാത്ത ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ വെസ്ലിക്ക് ലഭിക്കാം. ഷെറിനെ ഉപേക്ഷിച്ചതിനും അപകടത്തിലാക്കിയതിനുമാണ് വളർത്തമ്മയായ സിനി മാത്യൂസിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് മുതല്‍ ഇരുപത് വര്‍ഷം വരെ തടവ് ശിക്ഷ സിനിക്ക് ലഭിച്ചേക്കാം.

2017 ഒക്ടോബര്‍ 7ന് വീട്ടില്‍ നിന്ന് ഷെറിനെ കാണാതായെന്ന് വെസ്ലി പോലീസിനെ അറിയിക്കുകയായിരുന്നു. കുട്ടി പാലുകുടിക്കാൻ വിസമ്മതിച്ചതിനാൽ വീടിനു പുറത്തു നിർത്തി വാതിലടച്ചു 15 മിനിറ്റിനു ശേഷം നോക്കിയപ്പോൾ കുട്ടിയെ കാണാനില്ല എന്ന മൊഴിയായിരുന്നു വെസ്ലി പൊലീസിന് നൽകിയത്. പരാതിയെ തുടരുന്നു ടെക്‌സാസ് പൊലീസ് നടത്തിയ നീണ്ട തിരച്ചിലിനൊടുവില്‍ വീട്ടിൽനിന്നും കിലോമീറ്ററുകൾ ദൂരെ ഒരു കലുങ്കിനടിയില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

ഷെറിന്റെ മരണം കൊലപാതകമാണെന്നും വീട്ടില്‍ വെച്ചുതന്നെയാണ് കൊലനടന്നതെന്നും പൊലീസ് കണ്ടെത്തിയതോടെ ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു. നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോൾ ഷെറിന് ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നു എന്ന് വെസ്സി പൊലീസിന് മൊഴിനൽകി.

രണ്ടു വര്‍ഷം മുന്‍പാണു ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍നിന്ന് ഷെറിനെ ദത്തെടുത്തത്. കുട്ടിക്കു കാഴ്ചക്കുറവും സംസാര വൈകല്യവുമുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.

Read More >>