വിയന്ന ലോകത്തെ മികച്ച നഗരം; ബാഗ്ദാദ് പട്ടികയില്‍ ഏറ്റവുമൊടുവില്‍

തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് വിയന്ന ലോകത്തെ ഏറ്റവും മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെടുന്നത്.

വിയന്ന ലോകത്തെ മികച്ച നഗരം; ബാഗ്ദാദ് പട്ടികയില്‍ ഏറ്റവുമൊടുവില്‍

ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയെ ഈ വര്‍ഷത്തെ ലോകത്തെ ഏറ്റവും മികച്ച നഗരമായി തിരഞ്ഞെടുത്തു. തുടര്‍ച്ചയായി എട്ടാം തവണയാണ് വിയന്നയെത്തേടി ഈ ബഹുമതിയെത്തുന്നത്. ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ മാനുഷിക വിഭവ കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ മേര്‍സര്‍ നടത്തിയ സര്‍വേയിലാണ് ഇത് കണ്ടെത്തിയത്. ഇറാഖ് തലസ്ഥാനമായ ബംഗ്ലാദേശാണ് 231 നഗരങ്ങളുടെ പട്ടികയില്‍ ഏറ്റവുമൊടുവില്‍. ലോകത്തെ പ്രമുഖ നഗരങ്ങളായ ലണ്ടന്‍, പാരിസ്, ടോക്യോ, ന്യൂയോര്‍ക്ക് എന്നിവയ്ക്ക് ആദ്യ 30 സ്ഥാനങ്ങളിലെത്താനായില്ല.


സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ച്, ന്യൂസിലന്റിലെ ഓക്‌ലന്റ്, ജര്‍മനിയിലെ മ്യൂണിച്ച്, കാനഡയിലെ വാന്‍കൂവര്‍ എന്നീ നഗരങ്ങളാണ് ലിസ്റ്റില്‍ വിയന്നയ്ക്ക് പിന്നിലായുള്ളത്. 25ാം സ്ഥാനത്തെത്തിയ സിംഗപ്പൂരാണ് ഏഷ്യന്‍ നഗരങ്ങളില്‍ ഒന്നാമതെത്തിയത്. 29ാം സ്ഥാനത്തുള്ള സാന്‍ ഫ്രാന്‍സിസ്‌കോയാണ് അമേരിക്കയില്‍ നിന്നുള്ള ഏറ്റവും മികച്ച നഗരം. 87ാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ ആണ് ആഫ്രിക്കയില്‍ നിന്ന് ഏറ്റവും മികച്ച നേട്ടം കൈവരിച്ച നഗരം.

18 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന വിയന്ന അതിന്റെ സവിശേഷമായ സംസ്‌കാരവും മ്യൂസിയങ്ങളും തിയറ്ററുകളും ഓപ്പറകളും കൊണ്ട് ലോകശ്രദ്ധയാകര്‍ഷിക്കുന്ന നഗരമാണ്. ഹാബ്‌സ്ബര്‍ഗ് രാജവംശത്തിന്റെ തിരുശേഷിപ്പുകള്‍ പേറുന്ന കെട്ടിടങ്ങളും മറ്റ് പാശ്ചാത്യ നഗരങ്ങളെ അപേക്ഷിച്ചുള്ള കുറഞ്ഞ ജീവിതച്ചെലവും വിയന്നയെ മികച്ച നഗരമായി തിരഞ്ഞെടുക്കുന്നതിന് കാരണമായി.

2003ലെ അമേരിക്കന്‍ അധിനിവേശത്തെത്തുടര്‍ന്ന് താറുമാറായ ബാഗ്ദാദിനെ വീണ്ടും ഏറ്റവും മോശം നഗരമായി തിരഞ്ഞെടുത്തു. ആഭ്യന്തര കലാപം നടക്കുന്ന സിറിയന്‍ തലസ്ഥാനം ലിസ്റ്റില്‍ താഴെ നിന്ന് ഏഴാമതാണ്.

Read More >>