അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം; ഐഎസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടെന്ന് വീട്ടുകാര്‍ക്കു സന്ദേശം

കഴിഞ്ഞദിവസം പാകിസ്ഥാന്‍ അതിര്‍ത്തിക്കു സമീപം അഫ്ഗാനിസ്ഥാനിലെ നന്‍ഗഹര്‍ പ്രവിശ്യയിലാണ് ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക വന്‍ ബോംബാക്രമണം നടത്തിയിയത്. ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ സ്ഥിരീകരിച്ചു. ഐഎസില്‍ ചേര്‍ന്നെന്നു കരുതുന്ന 20ഓളം മലയാളികള്‍ ഈ പ്രദേശത്തായിരുന്നു തമ്പടിച്ചിരുന്നത്.

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം; ഐഎസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടെന്ന് വീട്ടുകാര്‍ക്കു സന്ദേശം

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 36 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നന്‍ഗഹര്‍ പ്രവിശ്യയിലാണ് ജിബിയു-43 എന്നറിയപ്പെടുന്ന നാളിതുവരെയുള്ള ഏറ്റവും ശക്തിയേറിയ ആണവേതര ബോംബ് വര്‍ഷിച്ചത്. ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതായി സംശയിക്കുന്ന മലയാളികള്‍ ഈ പ്രദേശത്തായിരുന്നു തമ്പടിച്ചിരുന്നത്.

ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മുര്‍ഷിദ് എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കാസര്‍കോട് പടന്ന സ്വദേശിയായ മുര്‍ഷിദ് കൊല്ലപ്പെട്ടെന്ന് ഇന്നലെ കുടുംബാംഗങ്ങള്‍ക്ക് നവമാധ്യമമായ ടെലഗ്രാമിലൂടെ സന്ദേശം ലഭിച്ചിരുന്നു. സന്ദേശം ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. മലയാളികള്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹം ശക്തമാണെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.എന്‍ഐഎയുടെ ഒരു സംഘം അഫ്ഗാനിസ്ഥാനിലേക്ക് ഉടന്‍ തിരിക്കുമെന്നാണ് വിവരം. ഇന്ത്യയില്‍ നിന്നുള്ളവര്‍ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന സംഘം പരിശോധിക്കും. മലയാളികളായ 20ഓളം പേരില്‍ കുറഞ്ഞത് രണ്ടു പേരെങ്കിലും കൊല്ലപ്പെട്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ബോംബാക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. വിജയകരമായ ദൗത്യമാണ് സൈന്യം നടത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ യുഎസ് സൈന്യം പതിവുപോലെ തങ്ങളുടെ ജോലി ചെയ്‌തെന്നും ട്രംപ് പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് കൂറ്റന്‍ ബോംബ് ഉപയോഗിച്ച് അമേരിക്ക ഐഎസ് കേന്ദ്രത്തില്‍ ആക്രമണം നടത്തിയത്. 11 ടണ്‍ ഭാരമുള്ള ജിബിയു-43 എന്ന ബോംബ് ബോംബുകളുടെ മാതാവ് എന്നാണ് അറിയപ്പെടുന്നത്.