മിസിസിപ്പി മെഡിക്കല്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നിടത്ത് 7,000 മൃതദേഹങ്ങള്‍ മറവുചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ട്

ഇപ്പോള്‍ മെഡിക്കല്‍ സെന്റര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മാനസികരോഗ ചികിത്സാകേന്ദ്രമാണ് സ്ഥിതി ചെയ്തിരുന്നത്. ഇവിടെ ചികിത്സ തേടിയവരുടേതാണ് മൃതദേഹങ്ങള്‍

മിസിസിപ്പി മെഡിക്കല്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നിടത്ത് 7,000 മൃതദേഹങ്ങള്‍ മറവുചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ട്

മിസിസിപ്പി മെഡിക്കൽ സെന്റർ സ്ഥിതി ചെയ്യുന്നിടത്ത് 7000 മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുള്ളതായി റിപ്പോർട്ട്. മിസിസിപ്പി മെഡിക്കല്‍ സെന്റര്‍ സ്ഥാപിക്കുന്ന കാലത്തുതന്നെ അതിനായി കണ്ടെത്തിയ സ്ഥലത്ത് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ക്ക് ഇങ്ങനെയൊരു കാര്യത്തെ പറ്റി അറിവുണ്ടായിരുന്നുതാനും. എന്നാല്‍ എത്ര മൃതദേഹങ്ങള്‍ ഇവിടെ കുഴിച്ചിട്ടിരുന്നു എന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയമായ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സോണാര്‍ എന്ന ഉപകരണം ഉപയോഗിച്ചു നടത്തിയ സര്‍വേയിലാണ് 7,000 മൃതദേഹങ്ങള്‍ വരെ കുഴിച്ചിട്ടതായി കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോള്‍ മെഡിക്കല്‍ സെന്റര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മാനസികരോഗ ചികിത്സാകേന്ദ്രമാണ് സ്ഥിതി ചെയ്തിരുന്നത്.

1855-1945 കാലഘട്ടത്തില്‍ മിസിസിപ്പി അസീലിയം ഫോര്‍ ദി ഇന്‍സെയ്ന്‍ എന്ന പേരിലാണ് ഈ ആരോഗ്യകേന്ദ്രം സ്ഥിതി ചെയ്തിരുന്നത്. ഈ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞവരുടെ മൃതദേഹങ്ങളാണ് ഇവിടെത്തന്നെ കുഴിച്ചിട്ടത്. മൂന്നു വര്‍ഷം മുമ്പ് പുതിയ പാര്‍ക്കിങ് ഏരിയയ്ക്കു വേണ്ടി നിര്‍മാണ പ്രവൃത്തികള്‍ നടന്നപ്പോള്‍ 2,000 മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. 20 ഏക്കറുകളായി പടര്‍ന്നുകിടന്ന ശ്മശാനം ഇവിടെയുണ്ടായിരുന്നതായി റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ കണ്ടെത്തിയതായി ദി ക്ലാരിയോണ്‍ ലെഡ്ജര്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

മൃതദേഹങ്ങള്‍ പുറത്തെടുത്ത് മറ്റൊരിടത്ത് ദഹിപ്പിക്കുക എന്നതാണ് ആശുപത്രി അധികൃതരുടെ മുന്നിലുളള ഒരു വഴി. എന്നാല്‍ ഇതിനു രണ്ട് കോടി ഡോളര്‍ ചെലവ് വരും. മുഴുവന്‍ മൃതദേഹങ്ങളും പുറത്തെടുക്കുന്നതിനു പകരം ചിലതു മാത്രം പുറത്തെടുത്ത് മരിച്ചുപോയവരുടെ ഓര്‍മയ്ക്കായി സ്മാരക മന്ദിരം നിര്‍മിക്കാനാണ് ഇപ്പോള്‍ അധികൃതരുടെ നീക്കം. ഇതിന്റെ ഭാഗമായി ശാസ്ത്രീയ ഗവേഷണത്തിന് അവസരം നല്‍കുന്ന കേന്ദ്രവും ആരംഭിക്കുമെന്ന് മെഡിക്കല്‍ സെന്ററിലെ സെന്റര്‍ ഫോര്‍ ബയോ എത്തിക്‌സ് ആന്റ് മെഡിക്കല്‍ ഹ്യുമാനിറ്റീസ് ഡയറക്ടര്‍ ഡോ. റാള്‍ഫ് ഡിഡ്‌ലേക്ക് പറഞ്ഞു.

ചരിത്രകാരന്‍മാരും പുരാവസ്തു ഗവേഷകരും നരവംശ ശാസ്ത്രജ്ഞരും മൃതദേഹങ്ങളില്‍ നടത്തുന്ന പരിശോധനകളിലൂടെ 19ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മനോരോഗമുള്ളവരെക്കുറിച്ചും ചികിത്സ തേടിയ ആശുപത്രിയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണ സ്ഥാപനം വരുന്നത് മിസിസിപ്പിയെ ചരിത്രശേഷിപ്പുകളുടെ ആഗോള തലസ്ഥാനമാക്കി മാറ്റുമെന്ന് മിസിസിപ്പി സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിലെ ആന്ത്രപ്പോളജി ആന്റ് മിഡില്‍ ഈസ്‌റ്റേണ്‍ കള്‍ച്ചേഴ്‌സ് അസോസിയേറ്റ് പ്രൊഫസര്‍ മോളി സുക്കര്‍മാന്‍ പറഞ്ഞു.

മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചരിത്രം

സാമൂഹ്യപ്രവര്‍ത്തക ഡൊറോത്തിയ ഡിക്‌സിന്റെ ശ്രമഫലമായാണ് 1,75,000 ഡോളര്‍ ചെലവില്‍ മിസിസിപ്പിയില്‍ മാനസികരോഗ ചികിത്സയ്ക്കായുള്ള കെട്ടിടം നിര്‍മിച്ചത്. 1855ല്‍ ഈ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുമ്പ് മാനസിക രോഗികളെ ചങ്ങലയ്ക്കിട്ട് ജയിലുകളിലാണ് പാര്‍പ്പിച്ചിരുന്നതെന്ന് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഹെല്‍ത്ത് ചെയര്‍മാന്‍ ലൂക്ക് ലാംപ്റ്റണ്‍ പറഞ്ഞു. 1855-1877 കാലയളവില്‍ 1376 രോഗികളെ ഇവിടെ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ അഞ്ചില്‍ ഒരാള്‍ ചികിത്സയിലിരിക്കുമ്പോള്‍ തന്നെ മരിക്കുമായിരുന്നു. ഇവരുടെ മൃതദേഹങ്ങളാണ് ആശുപത്രി പരിസരത്ത് കുഴിച്ചിട്ടത്.

അക്കാലത്ത് അമേരിക്കയില്‍ നടന്ന ശീതയുദ്ധത്തിനു ശേഷം ആശുപത്രി 300 രോഗികളെ ഒരേ സമയം ഉള്‍ക്കൊള്ളുന്ന തരത്തില്‍ വലുതാക്കി. 'അസീലിയം ഹില്‍' എന്നാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്ന പ്രദേശം അന്ന് അറിയപ്പെട്ടിരുന്നത്. ഏതാനും ചില വീടുകള്‍ക്കു പുറമെ ഒരു സ്‌കൂള്‍, ചാപ്പല്‍ മിഷനറി ബാപ്റ്റിസ്റ്റ് പള്ളി, അടിമകളായിരുന്നവര്‍ക്കായുള്ള പള്ളി എന്നിവയായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. 1935ലാണ് ആശുപത്രി ഇപ്പോഴുള്ള വൈറ്റ്ഫീല്‍ഡിലേക്ക് മാറ്റി സ്ഥാപിച്ചത്. ഇതിനു ശേഷം രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം മിസിസിപ്പി മെഡിക്കല്‍ സെന്ററിനായി നിര്‍മാണ പ്രവൃത്തികള്‍ നടക്കുമ്പോഴാണ് ആദ്യമായി മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. 164 ഏക്കറിലുള്ള പ്രദേശത്തു നിന്ന് അന്ന് 66 ശവപ്പെട്ടികളാണ് ലഭിച്ചത്.

സെമിത്തേരികളുടെ സമീപത്തുകൂടി രാത്രിയില്‍ സഞ്ചരിക്കാന്‍ പോലും ഭയക്കുന്ന കാലത്താണ് ഈ അനൗദ്യോഗിക സെമിത്തേരിയില്‍ ഏഴായിരത്തോളം മൃതദേഹങ്ങള്‍ കിടന്നതെന്ന കാര്യം കൗതുകമുണര്‍ത്തുന്നത്.

Read More >>