ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ പ്രഖ്യാപനം; യുഎന്‍ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും

ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെ രണ്ടു സ്ഥിരാംഗങ്ങളും ബൊളീവിയ, ഈജിപ്ത്, ഇറ്റലി, സെനഗല്‍, സ്വീഡന്‍, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളുമാണ് അടിയന്തരയോഗത്തിനു നോട്ടീസ് നല്‍കിയത്. ഇന്നലെ ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പയും രംഗത്ത് വന്നിരുന്നു.

ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ പ്രഖ്യാപനം; യുഎന്‍ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീരകരിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും. ദശകങ്ങളായുള്ള യുഎസ് നയം മാറ്റിമറിച്ച് ജറുസലേമിനെ ടെല്‍ അവീവിനു പകരം ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നടപടി പശ്ചിമേഷ്യയില്‍ വന്‍ പ്രതിഷേധത്തിനു കാരണമായിരുന്നു.

ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെ രണ്ടു സ്ഥിരാംഗങ്ങളും ബൊളീവിയ, ഈജിപ്ത്, ഇറ്റലി, സെനഗല്‍, സ്വീഡന്‍, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളുമാണ് അടിയന്തരയോഗത്തിനു നോട്ടീസ് നല്‍കിയത്. ഇന്നലെ ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പയും രംഗത്ത് വന്നിരുന്നു. ജറൂസലേമില്‍ തല്‍സ്ഥിതി തുടരണമെന്നും മസ്ജിദുല്‍ അഖ്‌സയുടെ പാവനത്വം നിലനിലര്‍ത്തണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. മുസ്ലിംകള്‍ക്കും ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ പാവനമായ ഭൂമിയാണ് ജറൂസലമെന്നും അത് തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.

ട്രംപിന്റെ നീക്കം പ്രകോപനപരമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കുറ്റപ്പെടുത്തിയിരുന്നു. വന്‍ ദുരന്തമാണിതെന്ന് ജോര്‍ദന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ പ്രതികരിച്ചു. ഈജിപ്ത് പ്രസിഡന്റ് അബുൽ ഫതഹ് അല്‍സീസിയും ട്രംപിനെതിരെ രംഗത്തുവന്നു. ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നത് ട്രംപിന്റെ അജ്ഞതയും പരാജയവുമാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ വിമര്‍ശിച്ചു. ഈ പശ്ചാത്തലത്തിലാണ് യുഎന്‍ രക്ഷാസമിതി അടിയന്തരമായി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുന്നത്.

Read More >>