ഇറാനെതിരെ ട്രംപിൻ്റെ അറബ് നാറ്റോ; അമേരിക്ക പിടിമുറുക്കുന്നു

ഇറാന്‍ പശ്ചിമേഷ്യയില്‍ തീവ്രവാദം വളര്‍ത്തുന്നുവെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ ആരോപണം. ഹൂത്തികള്‍ക്ക് ധനസഹായം നല്‍കുന്നത് വഴി സൗദിയെ പോലുള്ളവര്‍ക്ക് വന്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

ഇറാനെതിരെ ട്രംപിൻ്റെ അറബ് നാറ്റോ; അമേരിക്ക പിടിമുറുക്കുന്നു

ഹസന്‍ റൂഹാനിയെ എന്ത് വില കൊടുത്തും ഒതുക്കാനുള്ള ശ്രമത്തിലാണ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയ്ക്ക് വന്‍ഭീഷണിയായി ഇറാന്‍ ഉയര്‍ന്ന് വരുന്നു എന്ന തോന്നലാണ് ട്രംപിന്റെ ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തെ സൗദി അറേബ്യയെ മുന്‍നിര്‍ത്തി യുദ്ധം നടത്താനാണ് ട്രംപ് തയ്യാറെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളെ മുഴുവന്‍ തങ്ങളുടെ ഭാഗമാക്കി ഇറാനെ തകര്‍ക്കാനാണ് ഇപ്പോഴത്തെ നീക്കം. പുതിയ പല പദ്ധതികളും ഇതിനായി ട്രംപിന്റെ മനസിലുണ്ട്. അതേസമയം ഉപരോധം തങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഇറാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രംപിനെ ഒതുക്കാന്‍ എന്ത് ചെയ്യണമെന്ന് തലപുകച്ച് കൊണ്ടിരിക്കുകയാണ് റൂഹാനി. അതേസമയം യുദ്ധസമാനമായ അന്തരീക്ഷം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇറാന്‍ ആണവ ആയുധങ്ങള്‍ ഉപയോഗിച്ചാല്‍ പശ്ചിമേഷ്യ കത്തുമെന്ന് ഉറപ്പാണ്.

ഡൊണാള്‍ഡ് ട്രംപ് യുദ്ധത്തിന് തയ്യാറായി തന്നെ നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നേരിട്ട് യുദ്ധം ചെയ്യാന്‍ അമേരിക്കയ്ക്ക് താല്‍പര്യമില്ല. പകരം ഗള്‍ഫ് രാജ്യങ്ങളെ മുന്‍നിര്‍ത്തിയാണ് നീക്കം നടത്തുന്നത്. ആറു ഗള്‍ഫ് രാജ്യങ്ങള്‍ ചേര്‍ന്നുള്ള രാഷ്ട്രീയ സഖ്യമാണ് ട്രംപ് രൂപീകരിക്കുന്നത്. ഈജിപ്തും ജോര്‍ദാനും ഇതില്‍ വരും. മേഖലയില്‍ ഇറാന്‍ ആധിപത്യത്തിന് ശ്രമിക്കുന്നു എന്നും യുഎസ് ആരോപിക്കുന്നുണ്ട്. സുന്നി മുസ്ലീങ്ങളുടെ നാറ്റോ സഖ്യം രൂപീകരിക്കാനാണ് ട്രംപ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന് മുന്‍കൈയ്യെടുക്കുന്നത് യുഎസ് തന്നെയാണ്. ഇതോടെ ഷിയ വിഭാഗക്കാര്‍ കൂടുതലുള്ള ഇറാനെ പ്രകോപിതരാക്കാനും സാധിക്കും. ഈ സഖ്യങ്ങള്‍ തമ്മില്‍ മിസൈല്‍ പ്രതിരോധം, സൈനിക പരിശീലനം, തീവ്രവാദ പ്രതിരോധം, എന്നിവയില്‍ സഹകരണം വേണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇത് വഴി മേഖലയിലെ സാമ്പത്തിക-നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

മിഡില്‍ ഈസ്റ്റ് സ്ട്രാറ്റജിക് അലയന്‍സ് അഥവാ മെസ എന്നറിയപ്പെടുന്ന തന്ത്രമാണ് ട്രംപിന്റേത്. ഇത് ഒക്ടോബര്‍ 12, 13 തിയതികളിലായി വാഷിങ്ടണില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ട്രംപ് വിശദീകരിക്കും. ഇറാനെതിരെയുള്ള പോരാട്ടങ്ങളും ഈ യോഗത്തില്‍ വിശദീകരിക്കും. മാസങ്ങളായി ഇക്കാര്യം അമേരിക്ക ചര്‍ച്ച ചെയ്യുന്നുണ്ട്. നേരത്തെ ട്രംപിന്റെ സൗദി സന്ദര്‍ശനത്തില്‍ ആയുധ ഇടപാടിനെ കുറിച്ച് പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായിട്ടാണ്.

ഇറാന്‍ പശ്ചിമേഷ്യയില്‍ തീവ്രവാദം വളര്‍ത്തുന്നുവെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ ആരോപണം. ഹൂത്തികള്‍ക്ക് ധനസഹായം നല്‍കുന്നത് വഴി സൗദിയെ പോലുള്ളവര്‍ക്ക് വന്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇവരെ തള്ളി പറയാന്‍ ഇതുവരെ റൂഹാനി തയ്യാറായിട്ടില്ല. അതുകൊണ്ട് ഇറാനെതിരെയുള്ള എന്ത് നീക്കത്തെയും ഗള്‍ഫ് രാജ്യങ്ങള്‍ പിന്തുണയ്ക്കും. കഴിഞ്ഞ ദിവസം എണ്ണ കപ്പലുകളെ ഹൂത്തികളെ ആക്രമിച്ചതിന്റെ ദേഷ്യവും സൗദിക്കുണ്ട്. ഇറാനെ തുറന്നെതിര്‍ക്കുന്നതിനോട് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കിലും ഇത് പരസ്യമായി പ്രകടിപ്പിക്കാനാവില്ല. സൗദിയും യുഎഇയ്ക്കും ഈ അഭിപ്രായമുണ്ട്. യെമനിലും സിറിയയിലുമുള്ള ഇവരുടെ താല്‍പര്യങ്ങളാണ് ഒന്നാമത്തെ പ്രശ്‌നം. മറ്റൊന്ന് ഇറാന്‍ വഴിയുള്ള എണ്ണ കൊണ്ടുപോകലാണ്. അതേസമയം ഖത്തര്‍ ഈ നീക്കത്തെ പിന്തുണയ്ക്കാന്‍ സാധ്യതയില്ല. ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നു എന്ന നിലപാടാണ് സൗദിക്കുള്ളത്. എണ്ണ കൊണ്ടുപോകുന്ന പ്രശ്‌നം പരിഹരിക്കാത്ത കാലത്തോളം ഇറാനെതിരെയുള്ള പടപ്പുറപ്പാട് അപകടമുണ്ടാക്കുമെന്നാണ് സൗദിയുടെ നിലപാട്.

Read More >>