ഖത്തറിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു, ചർച്ചകളും പരിധിയും കഴിഞ്ഞു: യുഎഇ പറയുന്നു

'എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. ഖത്തര്‍ വിദേശകാര്യമന്ത്രി ചര്‍ച്ച ചെയ്യാമെന്ന് പറയുമ്പോള്‍, അത് വര്‍ഷങ്ങളായി നടക്കുന്നതാണ്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രസ്താവനയാണത്,' റഷ്യയിലെ യുഎഇ അംബാസഡര്‍ ഒമര്‍ സൈഫ് ഖോബാസ് പറഞ്ഞു.

ഖത്തറിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു, ചർച്ചകളും പരിധിയും കഴിഞ്ഞു: യുഎഇ പറയുന്നു

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഖത്തറിന് മേലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടതായി യുഎഇ നയതന്ത്രപ്രതിനിധികളില്‍ ഒരാള്‍ പറഞ്ഞെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരുന്നു. ഖത്തര്‍ തീവ്രവാദികളെ സഹായിക്കുന്നു എന്നാരോപിച്ചായിരുന്നു അറബ് രാജ്യങ്ങള്‍ കൂട്ടത്തോടെ ഖത്തറിനെ ബഹിഷ്‌കരിച്ചത്. ഖത്തര്‍ തീവ്രവാദികളെ വളര്‍ത്തുകയോ അവര്‍ക്ക് പണം കൊടുക്കുകയോ ചെയ്യില്ലെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം വേണമെന്ന് റഷ്യയിലെ യുഎഇ അംബാസഡര്‍ ഒമര്‍ സൈഫ് ഖോബാസ് പറഞ്ഞു.

'എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. ഖത്തര്‍ വിദേശകാര്യമന്ത്രി ചര്‍ച്ച ചെയ്യാമെന്ന് പറയുമ്പോള്‍, അത് വര്‍ഷങ്ങളായി നടക്കുന്നതാണ്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രസ്താവനയാണത്,' ഖോബാസ് പറഞ്ഞു.

ഖത്തറിനെതിരേ സൈനികനടപടികള്‍ക്കോ ഭരണമാറ്റത്തിനോ യുഎഇ ശ്രമിക്കുന്നില്ലെന്നും ഖോബാസ് പറഞ്ഞു. ഖത്തറിന് ഇടയ്ക്കിടെ ഭരണാധികാരികളെ മാറ്റുന്ന പതിവുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോഴത്തെ അമീറിനെ മാറ്റുന്നതിനെ സ്വാഗതം ചെയ്യുമെന്നും സൂചിപ്പിച്ചു.

'സൈനികനടപടി നിര്‍ദ്ദേശിച്ചുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളും ഞാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ, ഖത്തറിന് ഭരണകൂടത്തിനെ മാറ്റുന്ന വലിയ ചരിത്രമുണ്ട്. അതാണോ നല്ല സമീപനമെന്ന് തീരുമാനിക്കേണ്ടത് ഖത്തറിലെ ജനങ്ങളും രാജകുടുംബവുമാണ്. ഞങ്ങള്‍ സൈനികനടപടിയെക്കുറിച്ച് ആലോചിക്കുന്നില്ല. തുര്‍ക്കിയാണ് ഇപ്പോഴത്തെ അവസ്ഥയെ സൈനികമാക്കുന്നത്,' ഖോബാസ് പറഞ്ഞു.

തുര്‍ക്കി തങ്ങളുടെ ട്രൂപ്പുകളെ ഖത്തറിലേയ്ക്കയക്കാനുള്ള ബില്‍ ഈ ആഴ്ച പാര്‍ലമെന്‌റില്‍ പാസാക്കിയിരുന്നു. ഖത്തറുമായി ചര്‍ച്ച ചെയ്യാനുള്ള എല്ലാ സീമകളും കടന്നു കഴിഞ്ഞെന്നും ഖോബാസ് അറിയിച്ചു.

ഖത്തറിന്‌റെ വിദേശനയത്തില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്ന യുഎഇയും സൗദിയും 2014 ല്‍ ശ്രമങ്ങള്‍ ഉപേക്ഷിച്ചെന്ന് അവകാശപ്പെടുന്നുണ്ട്. രാഷ്ട്രീയ ഇസ്ലാമിനുള്ള പ്രതിബദ്ധതയില്‍ നിന്നും ഖത്തര്‍ പിന്‍വാങ്ങിയതിന് ശേഷമായിരുന്നു അത്.

തങ്ങളുടെ ഗള്‍ഫ് എതിരാളികള്‍ക്ക് ഉറപ്പ് കൊടുക്കുന്ന എന്തെങ്കിലും ഖത്തര്‍ പറയുമോയെന്ന് ചോദിച്ചപ്പോള്‍ അങ്ങിനെയൊരു കരാറില്‍ ഒപ്പ് വയ്ക്കാന്‍ സമ്മതിച്ച് വര്‍ഷങ്ങളോളം അത് നീട്ടിക്കൊണ്ട് പോയി തീവ്രവാദികളെ പിന്തുണയ്ക്കുന്ന രീതി തുടരുകയാണെങ്കില്‍ വിഷമമാകും. നല്ല രീതിയിലുള്ള നിരീക്ഷണസംവിധാനം ആവശ്യമായി വരുമെന്ന് ഖോബാര്‍ പറഞ്ഞു.

'ഞങ്ങളെ പാര്‍ശ്വസത്ക്കരിക്കുന്നത് ഞങ്ങള്‍ വിജയിക്കുകയും പുരോഗമിക്കുകയും ചെയ്യുന്നത് കൊണ്ടാണ്. ഞങ്ങള്‍ സമാധാനത്തിന്‌റെ വക്താക്കളാണ. ഞങ്ങള്‍ കീഴടങ്ങില്ല. ഞങ്ങളുടെ വിദേശനയത്തിന്‌റെ സ്വതന്ത്രതയും അടിയറവ് വയ്ക്കില്ല,' എന്ന് ഖത്തർ വിദേശകാര്യമന്ത്രി ഷേയ്ക്ക് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍-താനി പറഞ്ഞിരുന്നു.

തീവ്രവാദികള്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഖത്തര്‍. നിരീക്ഷകര്‍ പറയുന്നത് ഖത്തര്‍ തീവ്രവാദികള്‍ക്ക് പണം കൊടുത്തെന്നതിനുള്ള തെളിവുകള്‍ ദുര്‍ബലമാണെന്നാണ്.

Story by