സക്കീർ നായിക്കിന്റെ പൌരത്വം: മലേഷ്യയിലെ ഹിന്ദു സംഘടനകൾ ആശങ്കയിൽ

നായിക് രാജ്യത്ത് തുടരുന്നതിനെ എതിര്‍ക്കരുതെന്ന മലേഷ്യന്‍ അധികാരികളുടെ സമ്മര്‍ദ്ദം അവിടത്തെ ഹിന്ദു സംഘടനകളേയും ക്ഷേത്രങ്ങളേയും ആശങ്കയിലാക്കിയിട്ടുണ്ട്. ബട്ടര്‍വര്‍ത്ത് സിറ്റിയിലെ ഒരു ക്ഷേത്രം മലേഷ്യന്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. അവിടെ നായിക്കിനെതിരേയുള്ള പ്രക്ഷോഭം ആസൂത്രണം ചെയ്യുന്നു എന്ന കാരണമാണ് പൊലീസ് പറയുന്നത്.

സക്കീർ നായിക്കിന്റെ പൌരത്വം: മലേഷ്യയിലെ ഹിന്ദു സംഘടനകൾ ആശങ്കയിൽ

വിവാദ ഇസ്ലാമിക് പ്രഭാഷകനും മതപണ്ഡിതനുമായ സക്കീര്‍ നായിക് മലേഷ്യന്‍ പൗരത്വത്തിന് ശ്രമിക്കുന്നു. തീവ്രവാദവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നോട്ടപ്പുള്ളിയാണ് നായിക്. യുഏഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ താവളം മാറ്റിക്കൊണ്ടിരിക്കുകയാണ് അയാളിപ്പോള്‍. ഇന്ത്യയുടെ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ അഭ്യര്‍ഥന പ്രകാരം ഇന്റര്‍പോള്‍ നായിക്കിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മലേഷ്യയില്‍ സ്ഥിരതാമസത്തിനുള്ള അനുമതിയുള്ളയാളാണ് നായിക്ക്.

അതേ സമയം, മലേഷ്യയിലെ ഹിന്ദുക്കള്‍, പ്രത്യേകിച്ചും തമിഴര്‍, നായിക്കിനെതിരേ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. മലേഷ്യന്‍ സര്‍ക്കാര്‍ നായിക്കിന് സുരക്ഷിതതാവളം കൊടുക്കരുത് എന്നതാണ് അവരുടെ ആവശ്യം. മലേഷ്യയിലെ ഹിന്ദു റൈറ്റ്‌സ് ആക്ഷന്‍ ഫോഴ്‌സ് (ഹിന്ഡ്രാഫ്) ചെയര്‍മാന്‍ പി വൈദാനമൂര്‍ത്തി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ കൗണ്ടര്‍ ടെററിസം കമ്മിറ്റിയോട് സക്കീറിന് അഭയം നല്‍കുന്നതില്‍ നിന്നും മലേഷ്യയെ പിന്തിരിപ്പിക്കണമെന്ന് അപേക്ഷിച്ചു.

എന്നാല്‍ നായിക് രാജ്യത്ത് തുടരുന്നതിനെ എതിര്‍ക്കരുതെന്ന മലേഷ്യന്‍ അധികാരികളുടെ സമ്മര്‍ദ്ദം അവിടത്തെ ഹിന്ദു സംഘടനകളേയും ക്ഷേത്രങ്ങളേയും ആശങ്കയിലാക്കിയിട്ടുണ്ട്. ബട്ടര്‍വര്‍ത്ത് സിറ്റിയിലെ ഒരു ക്ഷേത്രം മലേഷ്യന്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. അവിടെ നായിക്കിനെതിരേയുള്ള പ്രക്ഷോഭം ആസൂത്രണം ചെയ്യുന്നു എന്ന കാരണമാണ് പൊലീസ് പറയുന്നത്. എന്നാല്‍ അവിടെ സമാധാനത്തിന് വേണ്ടിയുള്ള പ്രതിജ്ഞ മാത്രമാണ് നടന്നിട്ടുള്ളതെന്ന് ക്ഷേത്രം ചെയര്‍മാന്‍ പറഞ്ഞു. ഹിന്ഡ്രാഫുമായി യാതൊരു ബന്ധവും ഇല്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.

മലേഷ്യയിലെ ഹിന്ദു സംഘടനകളേയും നായിക് വിമര്‍ശിച്ചു. കഴിഞ്ഞ മാസം സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ ഹിന്‍ഡ്രാഫിനെ വിമര്‍ശിച്ച് കൊണ്ട് മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യത്ത് ഇസ്ലാമിക് പുരോഹിതനെതിരേ സംസാരിക്കാനുള്ള അവകാശം ഹിന്ദുക്കള്‍ക്കില്ലെന്ന് നായിക് പറഞ്ഞിരുന്നു.


കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികള്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ കേട്ടാണ് പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് പറഞ്ഞതോടെയാണ് അയാള്‍ ഇന്ത്യയുടെ നോട്ടപ്പുള്ളിയായത്. അപ്പോള്‍ത്തന്നെ നായിക് ഇന്ത്യ വിടുകയും ചെയ്തിരുന്നു. നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളും തീവ്രവാദപ്രചരണം നടത്തുന്നുവെന്ന പേരില്‍ നിരോധിച്ചിരുന്നു.