ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ് പ്രവചിച്ച വിശ്വവിഖ്യാതനായ ശാസ്ത്രജ്ഞൻ

കൈകാലുകളും പേശികളും തളര്‍ന്നുപോകുന്ന മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന ഗുരുതരമായ നാഡീരോഗത്തിന് അടിമയായായ ഹോക്കിങ്ങിന് കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് രോഗം ബാധിക്കുന്നത്.

ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ് പ്രവചിച്ച വിശ്വവിഖ്യാതനായ ശാസ്ത്രജ്ഞൻ

ഭൂമിയിൽ മനുഷ്യരാശിക്ക് ഒരു നൂറ്റാണ്ടിലധികം ആയുസുണ്ടാവില്ലെന്ന് പ്രവചിച്ച ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനാണ്‌ ഇന്ന് അന്തരിച്ച സ്റ്റീഫൻ വില്യം ഹോക്കിങ്‌. റോബോര്‍ട്ടുകൾ, അന്യഗ്രഹജീവികൾ, ആണവായുധങ്ങൾ എന്നീ മൂന്നു വിപത്തുകളാൽ 100 വര്‍ഷത്തിനുള്ളില്‍ ഭൂമിയില്‍ നിന്നും മനുഷ്യൻ ഇല്ലാതാകുമെന്നാണ് സ്റ്റീഫൻ ഹോക്കിങ് പ്രവചിച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെക്കുറിച്ച് ഇപ്പോള്‍ നടത്തുന്ന ഗവേഷണങ്ങള്‍ ഫലം കണ്ടാല്‍ കമ്പ്യൂട്ടറുകള്‍ മനുഷ്യനെ കീഴടക്കും. സാങ്കേതികവിദ്യ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ അതും മനുഷ്യന്റെ നിലനില്‍പിനു ഭീഷണിയാകും. റോബോര്‍ട്ടുകളും അന്യഗ്രഹ ജീവികളും ഭീഷണിയായില്ലെങ്കില്‍ ആണവായുധങ്ങളാകും നാശത്തിനു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നും ഒരുഘട്ടത്തില്‍ അവര്‍ ഭൂമിയിലേക്ക് അധിനിവേശം ചെയ്‌തേക്കാമെന്നും വിശ്വസിക്കുന്ന ശാസ്ത്രജ്ഞനായിരുന്നു ഹോക്കിങ്‌.

പതിറ്റാണ്ടുകളായി യന്ത്രസഹായത്തോടെ ലോകത്തോട് സംസാരിക്കുന്ന സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതം എന്നും ലോകത്തിന് ഒരത്ഭുതമായിരുന്നു. കൈകാലുകളും പേശികളും തളര്‍ന്നുപോകുന്ന മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന ഗുരുതരമായ നാഡീരോഗത്തിന് അടിമയായായ ഹോക്കിങ്ങിന് കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് രോഗം ബാധിക്കുന്നത്.

17ാം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ഹോക്കിങ്ങിന്റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥമാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. പഠനകാലത്ത് റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ്‌ ഹോക്കിങ്ങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്. സൈദ്ധാന്തിക ജ്യോതിശാസ്ത്രമാണ്‌ സ്റ്റീഫൻ ഹോക്കിങ്ങിന്റെ മുഖ്യ ഗവേഷണ മേഖല. തുടർന്ന് ഇരുവരും ചേർന്നാണ് ‍ആൽബർട്ട് ഐൻസ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകിയത്. തമോഗർത്തങ്ങളുടെ പിണ്ഡം, ചാർജ്, കോണീയ സംവേഗബലം എന്നിവയെക്കുറിച്ച് തുടർപഠനങ്ങൾ നടത്തിയ ഹോക്കിങ് ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് തെളിയിച്ചു.

1942 ജനുവരി എട്ടിന് ഓക്സ്ഫോർഡിലാണ്‌ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമാണ് മാതാപിതാക്കൾ. 1965ൽ ജെയ്ൻ വൈൽഡിനെ വിവാഹം കഴിക്കുകയും 1991ൽ വിവാഹമോചിതരാവുകയും ചെയ്തിരുന്നു.


Read More >>