ട്രംപ് ഭരണത്തില്‍ അമേരിക്കയില്‍ പോകാന്‍ കഴിയുമെന്ന് കരുതുന്നില്ല: സ്റ്റീഫന്‍ ഹോക്കിംഗ്

ട്രംപിന്റെ പരിസ്ഥിതി നയങ്ങളില്‍ ആശങ്കയുള്ളതായി ഹോക്കിംഗ് മുമ്പ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

ട്രംപ് ഭരണത്തില്‍ അമേരിക്കയില്‍ പോകാന്‍ കഴിയുമെന്ന് കരുതുന്നില്ല: സ്റ്റീഫന്‍ ഹോക്കിംഗ്

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം തനിക്ക് അമേരിക്കയിലേക്ക് സ്വാഗതമോതുമെന്ന് കരുതുന്നില്ലെന്ന് വിഖ്യാത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞു. വോട്ടുചെയ്ത് വിജയിപ്പിച്ച ഉദാര മനസ്‌കരോ വേണ്ടത്ര അറിവ് നേടിയവരോ അല്ലാത്ത ജനങ്ങളോടാണ് ട്രംപിന് കടപ്പാടുള്ളതെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. അമേരിക്കയില്‍ വീണ്ടും പോകാനും മറ്റ് ശാസ്ത്രജ്ഞരുമായി ചര്‍ച്ചകള്‍ നടത്താനും ആഗ്രഹമുണ്ടെന്ന് ബ്രിട്ടീഷുകാരനായ ഹോക്കിംഗ് ഐ ടി വി ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ ട്രംപ് ഭരണകൂടം തനിക്ക് സ്വാഗതമോതുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വാചകമടി മാത്രമുള്ള നേതാവെന്ന് നേരത്തെ സ്റ്റീഫന്‍ ഹോക്കിംഗ് ട്രംപിനെ വിമര്‍ശിച്ചിരുന്നു. താന്‍ ഇപ്പോഴും അമേരിക്കയെ സ്‌നേഹിക്കുന്നതായി യു എസ് ഫ്രാങ്ക്‌ളിന്‍ അവാര്‍ഡ് ജേതാവ് കൂടിയായ ഹോക്കിംഗ് പറഞ്ഞു. ട്രംപിന്റെ പരിസ്ഥിതി നയങ്ങളില്‍ ആശങ്കയുള്ളതായി ഹോക്കിംഗ് മുമ്പ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന് എതിരായ നിലപാട് സ്വീകരിച്ചിരുന്ന ഹോക്കിംഗ് ബ്രെക്‌സിറ്റിലൂടെ രാജ്യം ഒറ്റപ്പെട്ടതായും ഐ ടി വി അഭിമുഖത്തില്‍ പറഞ്ഞു.