സൗദി സ്ത്രീകൾക്ക് അൽപം ആശ്വാസം; ഡോക്ടറെ കാണാൻ ആരുടേയും അനുവാദം വേണ്ട!

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾക്ക് ഇനി സൗദി സ്ത്രീകള്‍ക്ക് രക്ഷകർത്താവിന്റെ അനുമതി ആവശ്യമില്ലെന്ന ഉത്തരവ് സൗദി രാജാവ് സൽമാൻ പുറപ്പെടുവിച്ചു.

സൗദി സ്ത്രീകൾക്ക് അൽപം ആശ്വാസം; ഡോക്ടറെ കാണാൻ ആരുടേയും അനുവാദം വേണ്ട!

സൗദി അറേബ്യയിലെ സ്ത്രീകള്‍ക്ക് ഇനി പുരുഷന്റെ അനുവാദം കൂടാതെ സര്‍ക്കാര്‍ സേവനങ്ങള്‍ സ്വീകരിക്കാം. ഇതിനായുള്ള ഉത്തരവ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുൽ അസീസ് അല്‍ സൗദ് പുറപ്പെടുവിച്ചു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളാണു സ്ത്രീകള്‍ക്ക് തങ്ങളുടെ പുരുഷാനുമതിയില്ലാതെ നേടാവുന്നത്.

സൗദിയിലെ നിയമമനുസരിച്ചു സ്ത്രീകള്‍ക്കു ചികിത്സ, വിദ്യാഭ്യാസം, സുരക്ഷ, യാത്ര, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ക്കു തങ്ങളുടെ ആണ്‍ രക്ഷകര്‍ത്താവിന്റെ അനുമതി ആവശ്യമായിരുന്നു. മിക്കവാറും അത് അവരുടെ പിതാവോ ഭര്‍ത്താവോ ആയിരിക്കും.

സല്‍മാന്‍ രാജാവിന്റെ പുതിയ ഉത്തരവ് സൗദി സ്ത്രീകള്‍ക്ക് ആശ്വാസമേകുന്നതായിരിക്കും. രക്ഷാകര്‍തൃ സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങി വയ്ക്കാന്‍ പുതിയ ഉത്തരവ് കൊണ്ട് സാധിക്കും എന്നാണു പ്രതീക്ഷിക്കുന്നത്.

സൗദിയിലെ ആക്റ്റിവിസ്റ്റുകള്‍ രക്ഷാകര്‍തൃ സംവിധാനത്തെ വളരെക്കാലമായി എതിര്‍ക്കുന്നവരാണ്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 2500 സ്ത്രീകള്‍ സൗദി രാജാവിന്റെ ഓഫീസിലേയ്ക്കു മാര്‍ച്ച് സംഘടിപ്പിച്ചു സ്ത്രീകള്‍ക്കെതിരേയുള്ള അടിമസമ്പ്രദായം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സൗദിയില്‍ നിലവിൽ സ്ത്രീകള്‍ക്കു വാഹനമോടിക്കാനുള്ള അനുവാദമില്ല. പുതിയ ഉത്തരവിലും ആ തടസ്സത്തിനു മാറ്റമില്ല. എന്നാൽ 2015 ഡിസംബറിൽ സൗദിയിലെ സ്ത്രീകള്‍ക്കു മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നൽകിയിരുന്നു.