ഗാസയിലെ ഒരേയൊരു പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു; ഗാസ സിറ്റിയില്‍ വെളിച്ചമില്ല

ഗാസയിലെ ആശുപത്രികളില്‍ സര്‍ജറി വിഭാഗത്തിലും വെന്റിലേറ്ററുകളിലും ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍ ഒരുപാട് ജീവനുകള്‍ കഴിയുന്നുണ്ട്. പലസ്തീനുമേല്‍ ഇസ്രയേല്‍ തുടരുന്ന ഉപരോധം ഇതുവരെയും അപഹരിച്ചത് ലക്ഷക്കണക്കിന് ജീവനുകളാണ്. ഊര്‍ജ ക്ഷാമം കാരണം ആശുപത്രികളുടെ പ്രവര്‍ത്തനം പോലും താറുമാറായിരിക്കുകയാണ്.

ഗാസയിലെ ഒരേയൊരു പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു; ഗാസ സിറ്റിയില്‍ വെളിച്ചമില്ല

ഗാസാ മുനമ്പിൽ പ്രവര്‍ത്തിക്കുന്ന ഒരേയൊരു പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു. ഇതോടെ ഗാസ മുഴുവന്‍ ഇരുട്ടിലായെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കടുത്ത ഊര്‍ജ ക്ഷാമമാണ് ഗാസയില്‍ നിലനില്‍ക്കുന്നത്. കിഴക്കന്‍ ഗാസാ സിറ്റിയില്‍ ഹമാസിന്റെ കീഴിലുള്ള പവര്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവസാനത്തെ ടര്‍ബൈനും തങ്ങള്‍ ഓഫ് ചെയ്തു എന്നാണ്.

20 ലക്ഷത്തിലേറെ ജനങ്ങളാണ് ഏപ്രില്‍ പകുതി മുതല്‍ ഊര്‍ജക്ഷാമം നേരിടുന്നത്. ഹമാസും വെസ്റ്റ് ബാങ്ക് പലസ്തീനിയന്‍ അതോറിറ്റി പ്രസിഡന്റ് മെഹ്മൂദ് അബ്ബാസും തമ്മില്‍ നിലനില്‍ക്കുന്ന നികുതി തര്‍ക്കമാണ് ഇന്ധന പ്രതിസന്ധിയിലേക്ക് നയിച്ചത്.ഒരു ദശാബ്ദത്തിലേറെയായി ഗാസ ഇസ്രയേലി ഉപരോധത്തെ പ്രതിരോധിച്ച് കഴിയുകയാണ്. തുടര്‍ച്ചയായി ഇസ്രയേല്‍,പലസ്തീനിനെ ഇരുട്ടിലാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു ദിവസം മൂന്നോ നാലോ മണിക്കൂര്‍ മാത്രമേ ഇവിടെയുള്ള വീടുകളില്‍ വൈദ്യുതി ലഭിക്കാറുള്ളൂ. അടച്ചുപൂട്ടപ്പെട്ട പവര്‍പ്ലാന്റില്‍ നിന്നും ഇസ്രയേലില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള പവര്‍പ്ലാന്റില്‍ നിന്നുമുള്ള വൈദ്യുതിയാണ് ഇവിടങ്ങളിലേക്ക് എത്തുന്നത്.

ഒരു ദിവസം ഗാസാ സ്ട്രിപ്പില്‍ ആവശ്യമായത് 450 മെഗാവാട്ട് വൈദ്യുതിയാണ്. പക്ഷേ കഴിഞ്ഞ മാസത്തോടെ ലഭിക്കുന്നത് 150 മെഗാവാട്ട് മാത്രമായി ചുരുങ്ങി. ഇന്ധനം തീര്‍ന്നതോടെ 60 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഗാസയിലെ ആകെയുള്ള പവര്‍പ്ലാന്റ് ഏപ്രിലില്‍ അടച്ചുപൂട്ടിയിരുന്നു. അടച്ചുപൂട്ടുന്നതിനുമുമ്പ് പലസ്തീനിയൻ ഭരണകൂടം ഡീസലിന് നികുതി ചുമത്തി.ഇന്ധനവിലയും വര്‍ധിപ്പിച്ചു. രണ്ടാഴ്ച മുമ്പ് ഈജിപ്ത് നാല്‍പത് ലക്ഷം ലിറ്റര്‍ ഇന്ധനം നല്‍കി. എന്നാല്‍ പ്രതിസന്ധി നേരിടാന്‍ മതിയാകുന്നതല്ല ഇത്രയും ഇന്ധനം. സിനായ് പ്രദേശത്തെ പോരാട്ടം കാരണം ഈജിപ്തില്‍ നിന്നും വൈദ്യുതിയെത്തിക്കുന്ന പവര്‍ ലൈനുകളും പണിമുടക്കി.

അധിനിവേശ പ്രദേശങ്ങളിലെ യുഎന്‍ കോഓര്‍ഡിനേറ്റര്‍ റോബര്‍ട്ട് പൈപ്പര്‍ കഴിഞ്ഞ മാസം തന്നെ കടുക്കാന്‍ പോകുന്ന പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാസയിലെ ആശുപത്രികളില്‍ സര്‍ജറി വിഭാഗത്തിലും വെന്റിലേറ്ററുകളിലും ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍ ഒരുപാട് ജീവനുകള്‍ കഴിയുന്നുണ്ട്.


Read More >>