ഐടിക്കാരുടെ യുഎസ് ജോലിക്ക് കര്‍ശന നിയന്ത്രണം; ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി

പുതിയ നിര്‍ദേശങ്ങളനുസരിച്ച് ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ ഏറെ ഉപയോഗപ്പെടുത്തിയിരുന്ന എച്ച് വണ്‍ ബി വിസയ്ക്ക് അപേക്ഷിക്കുന്ന കമ്പനികള്‍ ജോലിയുടെ സ്വഭാവവും വിശദാംശങ്ങളും കൂടി അറിയിക്കേണ്ടിവരും. ജോലിയുടെ സങ്കീര്‍ണതയും ഉയര്‍ന്ന യോഗ്യതയുമുള്ളവര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ജോലിയാണെന്ന് തെളിയിക്കുന്ന രേഖകളും കൂടി സമര്‍പ്പിച്ചാലേ വിസ അനുവദിക്കൂ.

ഐടിക്കാരുടെ യുഎസ് ജോലിക്ക് കര്‍ശന നിയന്ത്രണം; ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയിരുന്ന എച്ച് വണ്‍ ബി വിസകള്‍ക്ക് അമേരിക്ക കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളാണ് അമേരിക്കന്‍ ഭരണകൂടം പുറപ്പെടുവിച്ചിരിക്കുന്നത്. കുറഞ്ഞ ശമ്പളത്തില്‍ ഇന്ത്യയില്‍നിന്നുള്‍പ്പെടെ ജോലിക്കാരെ നിയമിക്കുന്നതിലൂടെ അമേരിക്കന്‍ സ്വദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതുള്‍പ്പെടെ കണക്കിലെടുത്താണ് നിയന്ത്രണം.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ബി. ടെക്, എംസിഎ അടക്കമുള്ള ബിരുദങ്ങള്‍ നേടിയ ഉദ്യോഗാര്‍ത്ഥികള്‍ ഈ വിസയിലാണ് അമേരിക്കയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഉയര്‍ന്ന ശമ്പളവും ഉയര്‍ന്ന യോഗ്യതയും ഉള്ള ജോലികളിലേക്ക് മാത്രം ഇത്തരം വിസകള്‍ അനുവദിച്ചാല്‍ മതിയെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. അമേരിക്കന്‍ പൗരന്മാര്‍ക്ക് പരമാവധി ജോലി നല്‍കിയ ശേഷം മതിയായ യോഗ്യതയുള്ള സ്വദേശികളെ കിട്ടാത്തിടങ്ങളിലേക്ക് മാത്രമാകും ഇനി വിസ അനുവദിക്കുക. അടുത്ത വര്‍ഷത്തിലേക്കുള്ള വിസ അപേക്ഷകള്‍ ഇന്നലെ മുതലാണ് സ്വീകരിച്ചുതുടങ്ങിയത്. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരുടെ ജോലി വിദഗ്ധ ജോലിയായി കണക്കാക്കാനാവില്ലെന്നും നിഷ്‌കര്‍ഷയുണ്ട്.

ഇതോടെ ഐടി മേഖലയിലുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരുടെ നില പരുങ്ങലിലാകും. പുതിയ നിര്‍ദേശങ്ങളനുസരിച്ച് വിസയ്ക്ക് അപേക്ഷിക്കുന്ന കമ്പനികള്‍ ജോലിയുടെ സ്വഭാവവും വിശദാംശങ്ങളും കൂടി അറിയിക്കേണ്ടിവരും. ജോലിയുടെ സങ്കീര്‍ണതയും ഉയര്‍ന്ന യോഗ്യതയുമുള്ളവര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ജോലിയാണെന്ന് തെളിയിക്കുന്ന രേഖകളും കൂടി സമര്‍പ്പിച്ചാലേ വിസ അനുവദിക്കൂ. കുറഞ്ഞ ശമ്പളത്തിലുള്ള ജോലിയാണെങ്കില്‍ വിസ അനുവദിക്കില്ല.

17 വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങളാണ് ഇക്കുറി അമേരിക്കന്‍ ഭരണകൂടം ഭേദഗതി ചെയ്തത്. മതിയായ സമയം നല്‍കാതെ ഇത്തരമൊരു മാറ്റം കൊണ്ടുവന്നതിനെതിരേ കമ്പനികള്‍ നിയമനടപടികള്‍ സ്വീകരിക്കാനുള്ള സാധ്യതയുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എച്ച് വണ്‍ ബി വിസയ്ക്കുള്ള സൗകര്യം കമ്പനികള്‍ ദുരുപയോഗം ചെയ്യരുതെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അമേരിക്കക്കാര്‍ക്കുള്ള തൊഴിലവസരങ്ങള്‍ നിഷേധിക്കുന്ന ഒരു സമീപനവും സ്വീകരിക്കരുതെന്നും ഭരണകൂടം പറയുന്നു.