നാലാം വട്ടവും ഷേഖ ഹസീന തന്നെ; ബംഗ്ലാദേശിൽ വിജയമുറപ്പിച്ച് അവാമി ലീഗ്

ഫലപ്രഖ്യാപനം നടത്തിയ 298 സീറ്റുകളിൽ 287 സീറ്റുകളിലും വിജയിച്ചു കൊണ്ടാണ് അവാമി ലീഗിൻ്റെ പടയോട്ടം.

നാലാം വട്ടവും ഷേഖ ഹസീന തന്നെ; ബംഗ്ലാദേശിൽ വിജയമുറപ്പിച്ച് അവാമി ലീഗ്

ബംഗ്ലാദേശില്‍ നാലാം തവണയും ഷേഖ് ഹസീന പ്രധാനമന്ത്രി പദത്തിലേക്ക്. ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് വിജയം ഉറപ്പാക്കിയിട്ടുണ്ട്. ഫലപ്രഖ്യാപനം നടത്തിയ 298 സീറ്റുകളിൽ 287 സീറ്റുകളിലും വിജയിച്ചു കൊണ്ടാണ് അവാമി ലീഗിൻ്റെ പടയോട്ടം.

ഗോപാല്‍ ഗഞ്ച് മണ്ഡലത്തില്‍നിന്നും മത്സരിച്ച ഷേഖ് ഹസീന മൃഗീയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശി നാഷ്ണലിസ്റ്റ് പാര്‍ടിയുടെ നേതാവും മുന്‍ പ്രധാനന്ത്രിയുമായ ഖാലിദ സിയ നിലവില്‍ ജയിലിലാണ്. ഇത് ഹസീനയുടെ വിജയം അനായാസമാക്കി.

1996 മുതല്‍ 2001 വരെ പ്രധാനന്ത്രിയായിരുന്ന ഹസീന 2009ലാണ് വീണ്ടും പ്രധാനമന്ത്രിയായത്. തുടര്‍ന്ന് മൂന്നാം തവണയും അധികാരം നിലനിര്‍ത്തി.

അതേ സമയം, അവാമി ലീഗിൻ്റെ വൻ വിജയത്തിനു പിന്നിൽ വോട്ട് തട്ടിപ്പുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിൽ വ്യാപക അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു സുരക്ഷാഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 17 പേരാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടത്.