ബന്ധുവിന്റെ മരണം: ഖത്തര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് സൗദി കുടുംബത്തെ ഭരണകൂടം വിലക്കി

6,500 കുടുംബങ്ങളെ നിലവിലെ പ്രതിസന്ധി ബാധിച്ചേക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സഹായമഭ്യര്‍ത്ഥിച്ച് വ്യാഴാഴ്ച വരെ ഖത്തര്‍ സ്വദേശികളില്‍ നിന്നും ഇതര അറബ് രാഷ്ട്രങ്ങളിലുള്ളവരില്‍ നിന്നും 400 അഭ്യര്‍ത്ഥനകള്‍ ലഭിച്ചതായി ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി അറിയിച്ചു.

ബന്ധുവിന്റെ മരണം: ഖത്തര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് സൗദി കുടുംബത്തെ ഭരണകൂടം വിലക്കി

ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഖത്തറിലേക്ക് പോകാനുള്ള സൗദി കുടുംബത്തിന്റെ ശ്രമത്തെ ഭരണകൂടം വിലക്കി. ജാബിര്‍ സലിം എന്നയാള്‍ക്കും കുടുംബത്തിനുമാണ് സൗദി ഖത്തറില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ഇതിനെത്തുടര്‍ന്ന് ദോഹയിലെ ഹമദ് ആശുപത്രിയില്‍ മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അഞ്ച് അറബ് രാജ്യങ്ങള്‍ ഖത്തറിന് ഭ്രഷ്ട് കല്‍പ്പിച്ച ശേഷം സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാകുന്നു ഈ സംഭവം.

ഖത്തറില്‍ ബന്ധുക്കളുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുള്ളവരും സമാനമായ പ്രതിസന്ധികള്‍ അടുത്ത ദിവസങ്ങളില്‍ നേരിട്ടേക്കാമെന്ന ആശങ്കയുണ്ട്. 6,500 കുടുംബങ്ങളെ നിലവിലെ പ്രതിസന്ധി ബാധിച്ചേക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സഹായമഭ്യര്‍ത്ഥിച്ച് വ്യാഴാഴ്ച വരെ ഖത്തര്‍ സ്വദേശികളില്‍ നിന്നും ഇതര അറബ് രാഷ്ട്രങ്ങളിലുള്ളവരില്‍ നിന്നും 400 അഭ്യര്‍ത്ഥനകള്‍ ലഭിച്ചതായി ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി അറിയിച്ചു. മറ്റ് അറബ് രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ഖത്തര്‍ സ്വദേശികള്‍ക്ക് മാതൃരാജ്യത്തേക്ക് തിരികെ പോകേണ്ടി വരുമെന്ന ആശങ്കയുമുണ്ട്.