അമേരിക്കയോടൊപ്പം ചേർന്ന് ഐക്യരാഷ്ട്ര സഭയെ വെല്ലുവിളിച്ച് സൗദി അറേബ്യ

യുഎന്‍ റിപ്പോര്‍ട്ടില്‍ കാര്‍ബണ്‍ ഉപഭോഗം കുറയ്ക്കാന്‍ പ്രതിജ്ഞയെടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

അമേരിക്കയോടൊപ്പം ചേർന്ന് ഐക്യരാഷ്ട്ര സഭയെ വെല്ലുവിളിച്ച് സൗദി അറേബ്യ

അമേരിക്കയ്ക്ക് പിന്നാലെ ഐക്യരാഷ്ട്ര സഭയെ വെല്ലുവിളിച്ച് സൗദി അറേബ്യ. യുഎന്നിന്റെ നിര്‍ണായകമായ കാലാവസ്ഥ വ്യതിയാന ബില്‍ തടയുമെന്നാണ് സൗദിയുടെ ഭീഷണി. സൗദി എതിര്‍ത്താല്‍ ഇത് പാസാകുന്ന കാര്യം കഷ്ടമാകും. പക്ഷേ സൗദിയുടെ എതിര്‍പ്പ് യുഎന്നില്‍ വലിയ പ്രശ്‌നങ്ങള്‍ വഴിവെക്കുമെന്നാണ് സൂചന. നേരത്തെ പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറിയിരുന്നു. ഇത് ഉടമ്പടിയുടെ പ്രസക്തി തന്നെ ഇല്ലാതാക്കുന്നതായിരുന്നു.

ഇതിന് പിന്നാലെയാണ് സൗദിയും യുഎന്നിനെ വെല്ലുവിളിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ അമേരിക്കയുടെ സമ്മര്‍ദമുണ്ടെന്നാണ് സൂചന. അതേസമയം റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ സൗദിക്ക് താല്‍പര്യമില്ലാത്തതാണെന്ന് സൂചനയുണ്ട്. നേരത്തെ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള ഫണ്ട് നിര്‍ത്തലാക്കിയതടക്കമുള്ള നീക്കങ്ങളിലൂടെ ഐക്യരാഷ്ട്രസഭയുമായി തുറന്ന പോരിലായിരുന്നു അമേരിക്ക. സൗദി കൂടി വന്നതോടെ യൂറോപ്പ്യന്‍ രാജ്യങ്ങളുടെ പിന്തുണയില്ലാതെ റിപ്പോര്‍ട്ട് പുറത്തിറക്കാനാവില്ല.

യുഎന്‍ റിപ്പോര്‍ട്ടില്‍ കാര്‍ബണ്‍ ഉപഭോഗം കുറയ്ക്കാന്‍ പ്രതിജ്ഞയെടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. റിപ്പോര്‍ട്ടിലെ സുപ്രധാന കാര്യവും ഇതുതന്നെയാണ്. എന്നാല്‍ കാര്‍ബണ്‍ ഉപഭോഗത്തില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യമാണ് സൗദി. ഇത് കുറയ്ക്കുന്നത് വ്യവസായങ്ങളെയും കയറ്റുമതിയെയും ബാധിക്കുമെന്ന് സൗദിക്കറിയാം. ഈ ഭാഗം റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കുകയോ അത് ഭേദഗതി വരുത്തുകയോ ചെയ്യണമെന്നാണ് സൗദിയുടെ ആവശ്യം. അതല്ലെങ്കില്‍ റിപ്പോര്‍ട്ടിനെ തടയുമെന്നാണ് സൗദിയുടെ ഭീഷണി.

Read More >>