സൗദിയിൽ ഇനി സിനിമാ കോഴ്സുകള്‍; ആദ്യ മലയാള സിനിമ 14ന്

സൗദിയിലെ ഫിലിം കൗണ്‍സില്‍ രാജ്യത്ത് സിനിമാ കോഴ്സുകള്‍ പ്രഖ്യാപിച്ചു.

സൗദിയിൽ ഇനി സിനിമാ കോഴ്സുകള്‍; ആദ്യ മലയാള സിനിമ 14ന്

സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനത്തിനുള്ള വിലക്ക് മാറിയ ശേഷമുള്ള ആദ്യ മലയാള സിനിമ ഈ മാസം 14ന് പ്രദര്‍ശിപ്പിക്കും. ആസിഫ് അലി നായകനായ ബി.ടെക്കാണ് ആദ്യ ചിത്രം. ഇതോടെ, സൗദിയിലെ മള്‍ട്ടിപ്ലക്‌സിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമയാകുമിത്. മറ്റെന്നാൾ റിയാദ് പാര്‍ക്കിലെ വോക്‌സ് മള്‍ട്ടിപ്ലക്‌സിലാണ് ആദ്യ പ്രദര്‍ശനം. ആസിഫ് അലി നായകനായ ചിത്രം കഴിഞ്ഞ മാസമാണ് റിലീസായത്.

വോക്‌സ് മള്‍ട്ടിപ്ലക്‌സില്‍ മലയാളി പ്രേക്ഷകർ നിത്യ സന്ദർശകരാണെങ്കിലും മലയാള സിനിമ റിലീസ് ചെയ്തിരുന്നില്ല. എന്നാൽ മറ്റു ഭാഷാ ചിത്രങ്ങൾ അവധി ദിനങ്ങളിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചിരുന്നത്. രജനീകാന്തിന്റെ 'കാലാ' പ്രദര്‍ശനമാണ് ഇപ്പോൾ തുടരുന്നത്. സൗദിയിലെ ആദ്യ ഇന്ത്യന്‍ സിനിമാ പ്രദര്‍ശനമാണിത്. 35 വര്‍ഷത്തെ നിരോധനത്തിന് ശേഷമാണ് സൗദിയില്‍ സിനിമാ പ്രദര്‍ശനം തിരിച്ചു വന്നത്. ഹോളിവുഡ് ചിത്രമായ 'ബ്ലാക്ക് പാന്തര്‍' ആയിരുന്നു നിരോധനത്തിന് ശേഷം റിലീസ് ചെയ്ത ആദ്യ സിനിമ.

ഇതിനിടെ സൗദിയിലെ ഫിലിം കൗണ്‍സില്‍ രാജ്യത്ത് സിനിമാ കോഴ്സുകള്‍ പ്രഖ്യാപിച്ചു. സിനിമാ നിര്‍മാണത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടി സൗദി ഫിലിം കൗൺസില്‍ നടത്തുന്ന കോഴ്സുകളാണ് പ്രഖ്യാപിച്ചത്. ആനിമേഷന്‍ കോഴ്സുകളാണ് ആദ്യ ഘട്ടത്തില്‍. ഇതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. www.film.sa എന്ന സൈറ്റിലൂടെ ഈ മാസം 17 വരെ രജിസ്ട്രേഷന്‍ ചെയ്യാം. അന്താരാഷ്ട്ര സിനിമാ പരിശീലന കേന്ദ്രങ്ങളിലാകും പരിശീലനം. തിരക്കഥാരചന, സംവിധാനം തുടങ്ങിയ കോഴ്സുകളും ഉടന്‍ ആരംഭിക്കും. ജനറല്‍ അതോറിറ്റി ഫോര്‍ കള്‍ച്ചറിന് കീഴിലാണ് പദ്ധതികള്‍ നടപ്പാക്കുക.

1970ന് മുമ്പ് സൗദിയില്‍ തിയറ്ററുകള്‍ ഉണ്ടായിരുന്നെങ്കിലും സൗദി പുരോഹിതര്‍ക്ക് ഭരണകൂടത്തിലുണ്ടായിരുന്ന സ്വാധീനം കൊണ്ട് അവ അടച്ചുപൂട്ടുകയായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടരുന്ന വിപ്ലവകരമായ നടപടികളുടെ ഭാഗമായാണ് ഇപ്പോള്‍ തുടരുന്ന കലാ-സാംസ്കാരിക വളർച്ച.

ആഴ്ചകൾക്കു മുൻപ് കലാ കായിക വിനോദ പരിപാടികൾക്കായി സൗദി ബ്രോഡ്​കാസ്റ്റിങ്​ കോർപറേഷൻ പുതിയ ടി വി ചാനലും പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ പ്രമുഖ അഭിനേതാക്കളും സംവിധായകരും പുതിയ ചാനലിൽ പ്രത്യക്ഷപ്പെടും. ആറു​ മാസം നീണ്ട തയ്യാറെടുപ്പിന് ഒടുവിലാണ് പുതിയ ചാനൽ എത്തുന്നത്. റമളാനിൽ സംപ്രേഷണം തുടങ്ങും. തിയറ്ററുകള്‍ തുറന്ന സൗദിയിലേക്ക് പുതിയ വിനോദ സാധ്യതകൾ തുറന്നിടുകയാവും ചാനല്‍ എന്ന വിശ്വാസത്തിലാണ് ബ്രോഡ്കാസ്റ്റിങ് കമ്പനി.

Read More >>