ചൈനയുടെ മുസ്ലിം കോൺസൻട്രേഷൻ ക്യാമ്പുകൾക്ക് പിന്തുണയുമായി സൗദി കിരീടാവകാശി

ചൈനയിലുടനീളമുള്ള കോൺസൻട്രേഷൻ ക്യാമ്പുകളിലായി ദശലക്ഷക്കണക്കിനു മുസ്ലിങ്ങളാണ് തടവിൽ കഴിയുന്നത്.

ചൈനയുടെ മുസ്ലിം കോൺസൻട്രേഷൻ ക്യാമ്പുകൾക്ക് പിന്തുണയുമായി സൗദി കിരീടാവകാശി

ചൈനയുടെ മുസ്ലിം കോൺസൻട്രേഷൻ ക്യാമ്പുകൾക്ക് പിന്തുണയുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. മുതിർന്ന സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗിയുടെ വധത്തിൽ വ്യാപകമായ വിമർശനങ്ങൾ ഏറ്റു കൊണ്ടിരിക്കവെയാണ് സൗദി രാജകുമാരൻ്റെ പുതിയ പ്രസ്താവന. കഴിഞ്ഞ ദിവസത്തെ ചൈന സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ ഈ പ്രസ്താവന.

"രാജ്യ സുരക്ഷ മുൻനിർത്തി തീവ്രവാദം ഇല്ലാതാക്കുന്നതിന് ചൈനയ്ക്ക് അവകാശമുണ്ട്"- ഒരു ചൈനീസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കോൺസൻട്രേഷൻ ക്യാമ്പുകളെപ്പറ്റി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

ചൈനയിലുടനീളമുള്ള കോൺസൻട്രേഷൻ ക്യാമ്പുകളിലായി ദശലക്ഷക്കണക്കിനു മുസ്ലിങ്ങളാണ് തടവിൽ കഴിയുന്നത്. തീവ്രവാദം ഇല്ലാതാക്കുന്നതിനായി പുനർവിദ്യാഭ്യാസ പരിപാടി നടത്തുന്നു എന്നാണ് ഈ വിഷയത്തിൽ ചൈനയുടെ വിശദീകരണം. പടിഞ്ഞാറൻ ചൈനയിൽ ജീവിച്ചു പോന്നിരുന്ന തുർക്ക് വംശജരാണ് തടവിൽ കഴിയുന്നത്. ക്യാമ്പുകളിൽ കമ്മ്യൂണിസ്റ്റ് പഠന ക്ലാസുകളിൽ സംബധിക്കാൻ ചൈന അവരെ നിർബന്ധിതരാക്കുകയാണ്. ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്.

ക്യാമ്പുകളിൽ മരണം പതിവാണെന്നും ശാരീരികമായും മാനസികമായും തടവുകാർ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണെങ്കിലും വൃദ്ധരും ഗുരുതരമായ അസുഖമുള്ളവരും കുട്ടികളുമുൾപ്പെടെയുള്ളവർ അവിടെ ദുരിതമനുഭവിക്കുകയാണ്. ക്യാമ്പിലെ ദുരിത ജീവിതത്തിൽ മനം നൊന്ത് ആത്മഹത്യാ ശ്രമങ്ങളും അവിടെ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.