മാലദ്വീപിൽ വളരുന്ന മതതീവ്രവാദം; ഇന്ത്യയ്ക്ക് ആശങ്ക

മാലദ്വീപിലെ ചൈനയുടെ സാന്നിധ്യം ഇന്ത്യയ്ക്കു ആശങ്കയുണ്ടാക്കുമ്പോഴാണു മതമൗലികവാദികളുടെ പെരുക്കവും ഉണ്ടാകുന്നത്. സമുദ്രം വഴിയുള്ള തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന് ഇന്ത്യ ആശങ്കപ്പെടുന്നു.

മാലദ്വീപിൽ വളരുന്ന മതതീവ്രവാദം; ഇന്ത്യയ്ക്ക് ആശങ്ക

ഇന്ത്യയുടെ അയല്‍രാജ്യമായ മാലദ്വീപില്‍ മൗലികവാദവും അസഹിഷ്ണുതയും വര്‍ധിക്കുന്നു. യാമീൻ റഷീദ് എന്ന ബ്ലോഗറെ തന്റെ രാഷ്ട്രീയ/മത നിലപാടുകള്‍ തുറന്നെഴുതിയതിനു കഴിഞ്ഞമാസം വെട്ടിക്കൊന്നിരുന്നു. പ്രസിഡന്റ് അബ്ദുള്ള യാമീനിന്റെ ഭരണത്തില്‍ രാജ്യത്തു മതമൗലികവാദികള്‍ പെരുകുന്നെന്നു റഷീദിന്റെ പിതാവ് ഹുസൈന്‍ റഷീദ് പറഞ്ഞു. പ്രസിഡന്റ് യാമീന്‍ മതമൗലികവാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഹുസൈന്‍ ആരോപിച്ചു.

'എന്റെ മകന്‍ കൊല്ലപ്പെട്ടു കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ പ്രസിഡന്റ് യാമീന്‍ പറഞ്ഞതു മതത്തെ പരിഹസിക്കുന്നവരെ ദൈവം ശിക്ഷിക്കുമെന്നാണ്. മതമൗലികവാദികള്‍ക്കു സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു എന്നതിന്റെ തെളിവാണത്. വിദേശശക്തികളുടെ സഹായത്തോടെ മാലദ്വീപ് അതിവേഗത്തില്‍ മതമൗലികവാദത്തിന്റെ അഭയസ്ഥാനമാകുകയാണ്'- ഹുസൈന്‍ പറഞ്ഞു.

ഐഎസില്‍ ചേരാനായി 200 മാലദ്വീപ് ചെറുപ്പക്കാര്‍ സിറിയയിലേയ്ക്കു പോയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. വിദ്വേഷപ്രസംഗം നടത്തുന്നവര്‍ മാലദ്വീപിലെ ദ്വീപുകളില്‍ സ്വതന്ത്രമായി സഞ്ചരിക്കുകയാണ്. മാലദ്വീപ് ഒരു മതമൗലികരാജ്യം ആകുന്നതു തടയാന്‍ ഇന്ത്യയുടെ സഹായം ആവശ്യമാണെന്നും ഹുസൈന്‍ പറഞ്ഞു.

മകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിനെ കാണാന്‍ ജനീവയിലേയ്ക്കു പോകാനൊരുങ്ങുകയാണു ഹുസൈന്‍.

യാമീന്‍ റഷീദ് അഴിമതിയേയും മതമൗലികവാദത്തിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമായിരുന്നു. ദ ഡയ്‌ലി പാനിക് എന്ന ബ്ലോഗിലൂടെ ആയിരുന്നു യാമീന്‍ തന്റെ അഭിപ്രായങ്ങള്‍ എഴുതിയിരുന്നത്. അയാളുടെ പരിഹാസപൂര്‍വ്വവും കര്‍ശനവുമായ വിമര്‍ശനങ്ങള്‍ പുകഴ്ത്തലുകള്‍ നേടിയിട്ടുണ്ടെങ്കിലും മതനേതൃത്വങ്ങള്‍ക്കും സര്‍ക്കാരിനും അത് സ്വീകാര്യമായിരുന്നില്ല.

യാമീന്‍ റഷീദ്

ഇന്ത്യയിലായിരുന്നു യാമീന്‍ വളര്‍ന്നത്. ബംഗളൂരുവില്‍ പഠനം പൂര്‍ത്തിയാക്കിയ അയാള്‍ മാലദ്വീപില്‍ തിരിച്ചെത്തി മാല്‍ദീവ്‌സ് സ്റ്റോക്ക് എക്‌ചേഞ്ചില്‍ ജോലി ചെയ്യാന്‍ തുടങ്ങി. ബ്ലോഗെഴുത്തു കാരണം ധാരാളം ഭീഷണികള്‍ വരുമായിരുന്നു അയാള്‍ക്ക്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നെന്നു ഹുസൈന്‍ പറയുന്നു.

പാകിസ്ഥാന്‍ മാലദ്വീപ് ചെറുപ്പക്കാര്‍ക്കു സ്‌കോളര്‍ഷിപ്പ് നല്‍കി മദ്രസ്സകളില്‍ കൊണ്ടുപോയി പരിശീലനം നല്‍കുന്നുണ്ടെന്ന വാര്‍ത്തകള്‍ മുമ്പു വന്നിരുന്നു. മാലദ്വീപിലെ ചൈനയുടെ സാന്നിധ്യം ഇന്ത്യയ്ക്കു ആശങ്കയുണ്ടാക്കുമ്പോഴാണു മതമൗലികവാദികളുടെ പെരുക്കവും ഉണ്ടാകുന്നത്. സമുദ്രം വഴിയുള്ള തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന് ഇന്ത്യ ആശങ്കപ്പെടുന്നു.

Read More >>