റാൻസംവെയറിൽ കുടുങ്ങി ഡിസ്നി; പണം കൊടുത്തില്ലെങ്കിൽ പൈറേറ്റ്സ് ഓഫ് ദ കരീബിയൻ 5 പുറത്താകും

പണം കൊടുത്തില്ലെങ്കില്‍ സിനിമയുടെ അഞ്ചു മിനിറ്റു നേരത്തെ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നു ഹാക്കര്‍മാരുടെ ഭീഷണി.

റാൻസംവെയറിൽ കുടുങ്ങി ഡിസ്നി; പണം കൊടുത്തില്ലെങ്കിൽ പൈറേറ്റ്സ് ഓഫ് ദ കരീബിയൻ 5  പുറത്താകും

ജോണി ഡെപ് നായകനായ പൈറേറ്റ്‌സ് ഓഫ് ദ കരീബിയനും റാന്‍സംവെയറിന്റെ പിടിയില്‍. വാള്‍ട്ട് ഡിസ്‌നി പിക്‌ചേഴ്‌സിന്റെ ബാനറില്‍ വരാനിരിക്കുന്ന പൈറേറ്റ്‌സിന്റെ അഞ്ചാം ഭാഗത്തിനെയാണു ഹാക്കര്‍മാര്‍ പൂട്ടിയത്. ആവശ്യപ്പെട്ട പണം കൊടുത്തില്ലങ്കില്‍ സിനിമയുടെ ഭാഗങ്ങള്‍ പുറത്തു വിടുമെന്നാണു ഭീഷണി.

എന്നാല്‍ മോചനദ്രവ്യം കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണു ഡിസ്‌നി സിഇഓ ബോബ് ഇഗര്‍ പറയുന്നത്. പണം കൊടുത്തില്ലെങ്കില്‍ സിനിമയുടെ അഞ്ചു മിനിറ്റു നേരത്തെ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നു ഹാക്കര്‍മാരുടെ ഭീഷണി. ബിറ്റ്‌കോയിനില്‍ തന്നെയാണു മോചനപ്പണം ആവശ്യപ്പെട്ടിരിക്കുന്നത്.

സമാനമായ ഭീഷണി നെറ്റ്ഫ്‌ളിക്‌സിനും ഉണ്ടായി. ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക് എന്ന അവരുടെ സീരിയല്‍ ആണു ഹാക്കര്‍മാര്‍ തട്ടിയെടുത്തത്. നെറ്റ്ഫ്‌ളിക്‌സും പണം നല്‍കാന്‍ വിസമ്മതിച്ചു.

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ തിയേറ്ററുകളില്‍ എത്താന്‍ ഒരാഴ്ച കൂടിയുള്ളപ്പോഴാണു ഹാക്കര്‍മാരുടെ രംഗപ്രവേശം.

സൈബര്‍ ക്രിമിനലുകളുടെ പ്രധാന ലക്ഷ്യമാണു ഹോളിവുഡ്. 2014 ല്‍ വടക്കന്‍ കൊറിയയുടെ പരമോന്നത മേധാവി ആയ കിം ജോങ് ഉന്നിനെ വധിക്കുന്ന പശ്ചാത്തലത്തിലുള്ള കോമഡി സീരിയല്‍ ആയ ദ ഇന്റര്‍വ്യൂ സംപ്രേഷണം ചെയ്യരുതെന്ന് ആവശ്യപ്പെട്ടു സോണി പിക്‌ചേഴ്‌സിനെ ഹാക്ക് ചെയ്തിരുന്നു.

ഡിസ്‌നി താരതമ്യേന ലാഭമുണ്ടാക്കാവുന്ന ഇരയാണ് ഹാക്കർമാർക്ക്. ഹോളിവുഡ് ബോക്‌സ് ഓഫീസിലെ ഏറ്റവും വലിയ പണം കൊയ്ത്തുകാരാണു ഡിസ്‌നി.

Read More >>