അറബ് വിച്ഛേദം: ഖത്തറിലെ ബാങ്കിങ് മേഖല പ്രതിസന്ധിയിലേക്ക്; ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ക്കു നിര്‍ദേശം

ഡോളറുമായുള്ള ഖത്തര്‍ റിയാലിന്റെ മൂല്യം ഇടിഞ്ഞെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ശ്രീലങ്കയടക്കമുള്ള രാജ്യങ്ങളിലെ ചില ബാങ്കുകള്‍ ഖത്തര്‍ റിയാലുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉപരോധം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കില്ലെന്ന് ഭരണാധികാരികള്‍ ഉറപ്പു നല്‍കുന്നു.

അറബ് വിച്ഛേദം: ഖത്തറിലെ ബാങ്കിങ് മേഖല പ്രതിസന്ധിയിലേക്ക്; ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ക്കു നിര്‍ദേശം

സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അഞ്ച് അറബ് രാജ്യങ്ങള്‍ ഭ്രഷ്ട് കല്‍പ്പിച്ച സാഹചര്യത്തില്‍ ഖത്തറിലെ ബാങ്കിങ് മേഖല പ്രതിസന്ധിയിലേക്ക്. അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉടലെടുത്ത നയതന്ത്ര തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് വാണിജ്യബാങ്കുകള്‍ ഖത്തരീ ബാങ്കുകളുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവച്ചതോടെയാണ് മേഖലയില്‍ പ്രതിസന്ധി കനത്തത്. ഇതോടെ ഖത്തരീ കറന്‍സിയുടെ വിനിമയത്തിനു തിരിച്ചടിയുണ്ടാവുകയായിരുന്നു.

അതാതു സര്‍ക്കാരുകള്‍ ഖത്തറുമായുള്ള നയതന്ത്ര-ഗതാഗത ബന്ധങ്ങളെല്ലാം വിച്ഛേദിച്ചതിനു ശേഷം, സൗദി അറേബ്യന്‍, യുഎഇ, ബഹ്‌റിന്‍ ബാങ്കുകള്‍ ഖത്തരീ ബാങ്കുകളുമായുള്ള കടപത്ര ഇടപാടുകള്‍ വൈകിപ്പിക്കാനും തുടങ്ങി. ഖത്തരീ ബാങ്കുകളുമായി അവിടുത്തെ റിയാലിന്മേലുള്ള യാതൊരുവിധ ഇടപാടുകളും പാടില്ലെന്ന് സൗദി അറേബ്യന്‍ ഭരണകൂടം തങ്ങളുടെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിനു സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദേശരാജ്യങ്ങളില്‍ നിന്നാണ് ഖത്തര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള പണം കടമെടുക്കുന്നത്. 2015 മാര്‍ച്ചില്‍ 310 ബില്ല്യണ്‍ റിയാലായിരുന്ന വിദേശ ബാധ്യത 451 ബില്ല്യണ്‍ റിയാലായി (96 ബില്ല്യണ്‍ പൗണ്ട്) വര്‍ധിച്ചതായി സെന്‍ട്രല്‍ ബാങ്ക് വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിദേശ ബാങ്കുകള്‍ ഭ്രഷ്ട് നീട്ടിക്കൊണ്ടുപോവുകയാണെങ്കില്‍, ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതിക്കാരായ ഖത്തറിന്റെ സാമ്പത്തികസ്ഥിതി കൂടുതല്‍ പ്രശ്‌നപങ്കിലമാവും. യുഎഇ, യൂറോപ്പ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലെ ബാങ്കുകളാണ് ഖത്തറിനു പണം കടം കൊടുത്തുകൊണ്ടിരിക്കുന്നത്.

തങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നും കൃത്യമായ നിര്‍ദേശം കിട്ടാത്ത പശ്ചാത്തലത്തില്‍ സൗദി അറേബ്യന്‍, യുഎഇ, ബഹ്‌റിന്‍ ബാങ്കുകള്‍ ഖത്തറുമായുള്ള ഇടപാടുകള്‍ വൈകിപ്പിക്കുകയാണെന്ന് പേരു വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത ഒരാള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎഇ, ബഹ്‌റിന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ ഖത്തരീ ബാങ്കുകളുമായുള്ള ഇടപാടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തങ്ങളുടെ അധീനതയിലുള്ള ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ യുഎഇ, ബഹ്‌റിന്‍ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ലെന്ന് റോയിട്ടേഴ്‌സ് പറയുന്നു.

അതേസമയം, മറ്റു രാജ്യങ്ങളിലേക്ക് പ്രകൃതിവാതകത്തിന്റെ കയറ്റുമതി ചെയ്യാന്‍ കഴിയുന്നതുകൊണ്ടും കരുതല്‍ ധനമുള്ളതുകൊണ്ടും പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷ. എന്നാല്‍ ഡോളറുമായുള്ള ഖത്തരീ റിയാലിന്റെ മൂല്യം ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഓഹരി സൂചികയിലും ഇടിവുണ്ടായിട്ടുണ്ട്. ഇത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ് ഖത്തരി സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ പ്രതികരണം. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെയും ഖത്തര്‍ പ്രതിസന്ധി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ചില ശ്രീലങ്കന്‍ ബാങ്കുകള്‍ ഖത്തര്‍ റിയാല്‍ വാങ്ങുന്നത് നിര്‍ത്തി. ഇവരുടെ സിംഗപൂരിലെ ബാഹ്കുകളോട് ഖത്തര്‍ റിയാലുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.


Read More >>