അമേരിക്കൻ കളിയിൽ കടുങ്ങി മിഡിൽ ഈസ്റ്റിന്റെ സമാധാനം; അതിശക്തനായി അമേരിക്ക

സൗദി അറേബ്യയുടെ ഏറ്റവും ശക്തമായ സഖ്യകക്ഷിയാണ് അമേരിക്കയെങ്കിലും മിഡിൽ ഈസ്റ്റിൽ അമേരിക്ക ഏറ്റവും വലിയ സൈനിക കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത് ദോഹയിലാണ്.

അമേരിക്കൻ കളിയിൽ കടുങ്ങി മിഡിൽ ഈസ്റ്റിന്റെ സമാധാനം; അതിശക്തനായി അമേരിക്ക

അമേരിക്ക അറബ് മേഖലയിൽ അതിശക്തനാകുന്ന കാലമാണ് വരാനിരിക്കുന്നത്. വിഘടിച്ചു നിൽക്കുന്ന അറേബ്യൻ രാജ്യങ്ങൾ, എല്ലാവരും അമേരിക്കയുടെ പാദത്തിൽ ശരണം പ്രാപിക്കുന്ന കാഴ്ച അടുത്ത ദിനം മുതൽ തന്നെ കാണാനാവും. മിഡിൽ ഈസ്റ്റിൽ ഒരു ബിഗ് ബ്രദർ ചമയാൻ അമേരിക്കയ്ക്ക് ഇനി എളുപ്പമാകും. എണ്ണ രാഷ്ട്രീയത്തിൽ നേരിട്ടിടപെടാനും പ്രഹസങ്ങൾ ഉണ്ടാകാനും ആദ്യവെടി പൊട്ടിക്കാനും വെടിനിർത്തലിനും അമേരിക്ക മുന്നിട്ടിറങ്ങും.

സൗദി അറേബ്യയുടെ ഏറ്റവും ശക്തമായ സഖ്യകക്ഷിയാണ് അമേരിക്കയെങ്കിലും മിഡിൽ ഈസ്റ്റിൽ അമേരിക്ക ഏറ്റവും വലിയ സൈനിക കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത് ദോഹയിലാണ്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ നിന്നും 33 കിലോമീറ്റർ തെക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ എയർ ബേസിൽ പതിനൊന്നായിരം അമേരിക്കൻ സൈനികർ ഉണ്ട്.പേർഷ്യൻ കടലിടുക്കിലെ ഏറ്റവും നീളമേറിയ റൺവേ ഈ കേന്ദ്രത്തിലാണെന്നാണ് അമേരിക്കയുടെ അവകാശവാദം. പത്രണ്ടായിരത്തി അഞ്ഞൂറ് അടി നീളമുള്ള റൺവേ മേഖലയിൽ അമേരിക്കയ്ക്ക് ഏറ്ററ്വും തന്ത്രപ്രധാനമായ കേന്ദ്രമാണ്. ഇവിടെ ഒരേ സമയം 120 എയർ ക്രാഫ്റ്റുകൾ സൂക്ഷിക്കാൻ കഴിയും.


കംബൈൻഡ് എയർ ആൻഡ് സ്പേസ് ഓപ്പറേഷൻസ് സെന്റർ (CAOC)

കഴിഞ്ഞ വർഷം ഇറാഖിലെയും സിറിയയിലെയും ഐഎസ് കേന്ദ്രങ്ങളിലേക്ക് നടത്തിയ ബി-52 വ്യോമാക്രമണത്തിനു നേതൃത്വം നൽകിയത് അൽ ഉദ്ദിദ് എയർ ബേസാണ്. നേരത്തെ അഫ്‌ഗാനിസ്ഥാനിൽ എഫ്-16, ഇ-8സി യുദ്ധവിമാനങ്ങൾ സംയുക്തമായി നടത്തിയ ആക്രമണങ്ങൾ നിയന്ത്രിച്ചതും നിരീക്ഷിച്ചതും ഇതേ എയർ ബേസാണ്. ഇവിടെ യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറച്ചു നൽകാനുള്ള സംവിധാനങ്ങളും ഉണ്ട്.

മിഡിൽ ഈസ്റ്റ് വിഷയങ്ങളിൽ വിദഗ്ദ്ധനായ ക്രിസ്റ്റഫർ എം ബ്ലാഞ്ചാർഡ് 2014ൽ അവതരിപ്പിച്ച ഒരു ഗവേഷണപ്രബന്ധത്തിൽ ഖത്തർ ഏതാണ്ട് ഒരു ബില്യൺ ഡോളർ ഈ സൈനികകേന്ദ്രത്തിനായി നിക്ഷേപം നടത്തിയതായി പറയുന്നുണ്ട്. 1990കളിൽ ഒരു ചെറിയ വ്യോമസേനാ കേന്ദ്രം നിർമിക്കുകയായിരുന്നു അവരുടെ ഉദ്ദേശം. പിന്നീടത്, അമേരിക്കൻ സൈനിക ശക്തികളുമായി ആഴത്തിലുള്ള ഒരു സഹകരണത്തിലേക്ക് നീങ്ങുകയായിരുന്നു.

യുഎസ് എയർഫോഴ്സ് സെൻട്രൽ കമാൻഡ്, കംബൈൻഡ് എയർ ആൻഡ് സ്പേസ് ഓപ്പറേഷൻസ് സെന്റർ, 379 ാം എയർ എക്സ്പെഡിഷൻ വിങ് എന്നിവയുടെ ഫോർവേഡ് ഹെഡ്ക്വാർട്ടേഴ്സ് ആസ്ഥാനംകൂടിയാണ് അൽ ഉദ്ദിദ് എയർ ബേസ്. അഫ്‌ഗാനിസ്ഥാൻ, സിറിയ, ഇറാഖ്, മറ്റ് 18 രാജ്യങ്ങൾ എന്നിവിടങ്ങളിലെ യുഎസ് സൈനിക വിമാന ഇടപെടലുകളുടെ മേൽനോട്ടത്തിനായുള്ള കംബൈൻഡ് എയർ ആൻഡ് സ്പേസ് ഓപ്പറേഷൻസ് സെന്റർ (CAOC) പ്രവർത്തിക്കുന്നതും ഇവിടെത്തന്നെ.അമേരിക്കൻ വ്യോമസേന, കരസേന, നാവികസേന, മറൈൻ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കുപുറമെ സഖ്യകക്ഷി രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഇവിടെ പ്രവർത്തിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ മിഡിൽ ഈസ്റ്റിന്റെ ഭാവി നിർണയിക്കാനും ഏതൊരു ഭരണാധികാരിയെ വിറപ്പിക്കാനും ഈ സൈനിക കേന്ദ്രത്തിലെ നിലവിലെ സന്നാഹങ്ങൾ മതി. അറബ് ശക്തികൾക്കിടയിൽ അമേരിക്ക സൃഷ്ട്ടിച്ച വിള്ളൽ അവർക്കനുകൂലമായി വളരാൻ കാലമേറെയൊന്നും വേണ്ട. ഭസ്മാസുരന് വരം കൊടുത്ത പരമശിവന്റെ അവസ്ഥയാകും സൗദി അറേബ്യയ്ക്കും കൂട്ടർക്കും.

Read More >>