അറബ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം ഖത്തറിനെ ബാധിക്കില്ലെന്ന് അധികൃതർ

ഉപരോധമേർപ്പെടുത്തിയ ​ഗൾഫ് രാഷ്ട്രങ്ങളുടെ നടപടി നിരാശാജനകമാണെന്നും ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഖത്തർ അധികാരികൾ വ്യക്തമാക്കി.

അറബ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം ഖത്തറിനെ ബാധിക്കില്ലെന്ന് അധികൃതർ

തീവ്രവാദ ബന്ധം ആരോപിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഖത്തറിനെ ബാധിക്കില്ലെന്ന് അധികൃതര്‍. ഉപരോധമേര്‍പ്പെടുത്തിയ ഗള്‍ഫ് രാഷ്ട്രങ്ങളുടെ നടപടി നിരാശാജനകമാണെന്നും ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഖത്തര്‍ അധികാരികള്‍ വ്യക്തമാക്കി.

ബഹ്‌റിന്‍, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ഖത്തര്‍ തീവ്രവാദത്തേയും ഇസ്ലാമിക സംഘടനകളേയും പിന്തുണയ്ക്കുന്നതായും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നതായും ആരോപിച്ചായിരുന്നു നടപടി.

ഖത്തറും അയല്‍രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം തുടങ്ങിയത് കഴിഞ്ഞ മെയ് മാസത്തിലായിരുന്നു. ഖത്തറിന്റെ ന്യൂസ് ഏജന്‍സിയില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി ഇറാനേയും ഇസ്രായേലിനേയും പറ്റി തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്ന് ആരോപിച്ചതായിരുന്നു തുടക്കം. മറ്റു നാല് രാജ്യങ്ങള്‍ ഖത്തറില്‍ നിന്നുമുള്ള അല്‍ ജസീറ ഉള്‍പ്പടെയുള്ള മാധ്യമങ്ങളെ നിരോധിച്ചുകൊണ്ടായിരുന്നു പ്രതികരിച്ചത്.

ബഹ്റിന്‍ ആണ് ആദ്യമായി ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ബഹ്‌റിന്‍ പൗരന്മാര്‍ ഖത്തറിലേക്കു യാത്ര ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. ബഹ്റിനിലുള്ള ഖത്തര്‍ സ്വദേശികള്‍ രണ്ടാഴ്ചയ്ക്കകം രാജ്യം വിടണമെന്നും ഉത്തരവുണ്ട്.

ഖത്തറുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിച്ചത് രാജ്യത്തെ തീവ്രവാദത്തില്‍ നിന്നും രക്ഷിക്കുന്നതിനാണെന്ന് സൗദി അറേബ്യ അറിയിച്ചു. യെമനില്‍ നടക്കുന്ന യുദ്ധത്തില്‍ നിന്നും ഖത്തറിന്റെ സൈന്യത്തെ പുറത്താക്കുമെന്നും സൗദി അറിയിച്ചു. അതിനു പിന്നാലെയാണ് ഈജിപ്തും യുഎഇയും ഖത്തറിനെ തള്ളിപ്പറഞ്ഞത്.