അറേബ്യയില്‍ യുദ്ധസമാനമായ നീക്കങ്ങള്‍: ട്രംപിന്റെ മദ്ധ്യസ്ഥക്ഷണം ഖത്തര്‍ നിരസിച്ചു; ദോഹയിലേയ്ക്ക് തുര്‍ക്കിപ്പട

ഖത്തറിലെ 2.7 ദശലക്ഷം ജനങ്ങള്‍ക്കും ദോഹയിലെ അല്‍ ഉബൈദ് വ്യോമത്താവളത്തിലെ പതിനായിരത്തോളം വരുന്ന അമേരിക്കന്‍ സൈനികര്‍ക്കും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സൗദി അറേബ്യയുമായി അതിര്‍ത്തി പങ്കു വയ്ക്കുന്ന രാജ്യമാണ് ഖത്തര്‍. ഭക്ഷണവും അവശ്യസാധനങ്ങളും ഇറക്കുമതി ചെയ്യാന്‍ അവര്‍ വലിയ തോതില്‍ ആശ്രയിക്കുന്നത് സൗദിയേയാണ്.

അറേബ്യയില്‍ യുദ്ധസമാനമായ നീക്കങ്ങള്‍: ട്രംപിന്റെ മദ്ധ്യസ്ഥക്ഷണം ഖത്തര്‍ നിരസിച്ചു; ദോഹയിലേയ്ക്ക് തുര്‍ക്കിപ്പട

സൗദി അറേബ്യ അടക്കമുള്ള ചില അറബ് രാജ്യങ്ങള്‍ തീവ്രവാദബന്ധം ആരോപിച്ച് ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച ശേഷം ശീതസമരം യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കാന്‍ കുവൈറ്റ് രാജാവ് ഷെയ്ക്ക് സാബാ നടത്തിയ ശ്രമങ്ങളും എങ്ങുമെത്താതെ പോയി. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്ന നിലയിലേയ്ക്കാണ് പുതിയ സംഭവവികാസങ്ങള്‍.

മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണള്‍ഡ് ട്രംപ് സൗദി നേതാക്കളുമായി സംസാരിച്ചിരുന്നു. ആവശ്യമെങ്കില്‍ ചര്‍ച്ചകള്‍ക്കായി വൈറ്റ് ഹൗസില്‍ വേദിയൊരുക്കാമെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ രാജ്യം പ്രതിസന്ധിയെ നേരിടുമ്പോള്‍ താന്‍ എങ്ങോട്ടും പോകാനില്ലെന്ന് ഖത്തര്‍ അമീര്‍ അറിയിച്ചതായി റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ട്രംപിന്‌റെ ക്ഷണത്തെ പൂര്‍ണമായും നിരാകരിക്കുകയാണ് ഖത്തര്‍.

'ഇത് പരിഹരിക്കാന്‍ കുറച്ച് സമയമെടുക്കുമെന്ന് തോന്നുന്നു. ഇപ്പോഴത്തെ ആവശ്യം കാര്യങ്ങള്‍ കൂടുതല്‍ വഷളാകാതെ സൂക്ഷിക്കുക എന്നാണ്,' ഒരു കുവൈറ്റ് നയതന്ത്രപ്രതിനിധി പറഞ്ഞു. ഖത്തറുമായി ബന്ധം വിച്ഛേദിച്ച രാജ്യങ്ങളില്‍ നിന്നും ആവശ്യങ്ങളുടെ പട്ടികയൊന്നും ലഭിച്ചിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷേയ്ക്ക് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍-താനി പറഞ്ഞു.

'ഞങ്ങളെ പാര്‍ശ്വവത്ക്കരിക്കുന്നത് ഞങ്ങള്‍ വിജയിക്കുകയും പുരോഗമിക്കുകയും ചെയ്യുന്നത് കൊണ്ടാണ്. ഞങ്ങള്‍ സമാധാനത്തിന്‌റെ വക്താക്കളാണ്. ഞങ്ങള്‍ കീഴടങ്ങില്ല. ഞങ്ങളുടെ വിദേശനയത്തിന്‌റെ സ്വതന്ത്രതയും അടിയറവ് വയ്ക്കില്ല,' അദ്ദേഹം പറഞ്ഞു.

ഖത്തറിലെ 2.7 ദശലക്ഷം ജനങ്ങള്‍ക്കും ദോഹയിലെ അല്‍ ഉബൈദ് വ്യോമത്താവളത്തിലെ പതിനായിരത്തോളം വരുന്ന അമേരിക്കന്‍ സൈനികര്‍ക്കും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സൗദി അറേബ്യയുമായി അതിര്‍ത്തി പങ്കു വയ്ക്കുന്ന രാജ്യമാണ് ഖത്തര്‍. ഭക്ഷണവും അവശ്യസാധനങ്ങളും ഇറക്കുമതി ചെയ്യാന്‍ അവര്‍ വലിയ തോതില്‍ ആശ്രയിക്കുന്നത് സൗദിയേയാണ്.

രാജ്യം ആഹാരസാമഗ്രികളെക്കുറിച്ച് ആകുലപ്പെടുന്നില്ലെന്നും ഇറാന്‍ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും ഷേയ്ക്ക് മുഹമ്മദ് പറഞ്ഞു. പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഖത്തറും ഇറാനും തമ്മില്‍ എണ്ണപ്പാടം പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴത്തെ ശീതസമരം ഖത്തറിനെ ഇറാനോട് കൂടുതല്‍ അടുപ്പിക്കുമെന്ന് ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

'ഞങ്ങള്‍ക്ക് ഇങ്ങനെയൊക്കെ തുടരാന്‍ കഴിയും. ഞങ്ങള്‍ തയ്യാറായിരിക്കുകയാണ്,' ഷേയ്ക്ക് മുഹമ്മദ് പറഞ്ഞു. ഖത്തറില്‍ സൈനികത്താവളമുള്ള തുര്‍ക്കിയും ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുക്കാമെന്ന് ഉറപ്പ് കൊടുത്തിട്ടുണ്ട്. ശീതസമരം രൂക്ഷമാകുന്ന ഈ അവസ്ഥയിലാണ് അമേരിക്ക മദ്ധ്യസ്ഥം വഹിക്കാന്‍ മുന്നോട്ട് വരുന്നത്. ഖത്തറിന്‌റെ ഇറാനുമായുള്ള അടുപ്പം അമേരിക്കയെ അസ്വസ്ഥരാക്കുന്നുണ്ടാകും. എന്നാല്‍ അമേരിക്കയുടെ തുടക്കം അത്ര നല്ലതായിരുന്നില്ല. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള തീരുമാനത്തില്‍ ആദ്യം സൗദിയുടെ പക്ഷം ചേര്‍ന്ന ട്രംപ് ഇപ്പോള്‍ പ്രശ്‌നപരിഹാരത്തിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.

'എന്‌റെ അടുത്ത കാലത്തെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തില്‍ തീവ്രവാദികള്‍ക്ക് പണം കൊടുക്കുന്നത് ഇനിയുണ്ടാകരുതെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ നേതാക്കള്‍ ഖത്തറിനെ ചൂണ്ടിക്കാണിച്ചു,' ട്രംപ് ട്വീറ്റ് ചെയ്തു.

സൗദി അറേബ്യയുമായുള്ള കണ്ടുമുട്ടലിനെ തീവ്രവാദത്തിന്‌റെ അവസാനം എന്ന് വിശേഷിപ്പിച്ച ട്രംപ് ഇപ്പോള്‍ നിലപാട് മാറ്റി പ്രശ്‌നപരിഹാരത്തിനൊരുങ്ങുകയാണ്. അതേ സമയം ട്രംപിന്‌റെ സമാധാനശ്രമങ്ങളൊന്നും കണക്കില്‍ പോലും എടുക്കാതെയാണ് അറബ് മേഖലയില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. തുര്‍ക്കിയുടെ 3000 ട്രൂപ്പുകളെ ഖത്തറിലേക്കയ്ക്കാനുള്ള തീരുമാനം അങ്കാരയുടെ മദ്ധ്യസ്ഥശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാകുകയാണ്.

തുര്‍ക്കിയുടെ പ്രസിഡന്‌റ് റെജപ് തയ്യിപ് എര്‍ദ്വാന്‌റെ സ്വേച്ഛാധിപത്യഭരണവും ഖത്തര്‍ തീവ്രവാദികളെ സഹായിക്കുന്നു എന്ന ആരോപണവും ഇരുരാജ്യങ്ങളേയും കൂടുതല്‍ പാര്‍ശ്വവത്കരിക്കുകയാണ്. സൗദിയുടെ ഏറ്റവും വലിയ എതിരാളിയായ ഇറാനുമായുള്ള ബന്ധവും അവരെ കുറ്റക്കാരാക്കുന്നു.

സൗദിയും മറ്റ് അറബ് രാജ്യങ്ങളും ഖത്തറിനെതിരേ തിരിഞ്ഞ ശേഷം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എര്‍ദ്വാന്‍ ശ്രമിച്ചിരുന്നു. ശേഷം തുര്‍ക്കി പാര്‍ലമെന്‌റിലെ പ്രത്യേക സെഷനില്‍ 3000 ട്രൂപ്പുകളെ ഖത്തറിലേയ്ക്കയക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും സമാനമായ ഭീഷണി നേരിടുകയാണെന്ന് പറഞ്ഞ എര്‍ദ്വാന്‍ കഴിഞ്ഞ വര്‍ഷം ദോഹയില്‍ സൈനികത്താവളം തുറക്കുകയും 150-300 ട്രൂപ്പുകളെ അങ്ങോട്ടയയ്ക്കുകയും ചെയ്തിരുന്നു. തുര്‍ക്കിയ്ക്കും അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്ന തീരുമാനമാണത്. പ്രത്യേകിച്ചും സൗദി അറേബ്യ ഖത്തറിനെ ആക്രമിക്കുകയോ പിടിച്ചടക്കുകയോ ചെയ്യുകയാണെങ്കില്‍.

'ഖത്തര്‍ ഒരു വശത്തും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ മറുവശത്തുമാണെങ്കില്‍ സൂക്ഷിക്കണം. ഖത്തറിനെ പിന്തുണച്ചു കൊണ്ട് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തികനിക്ഷേപ ബന്ധങ്ങളെ ഒറ്റയ്ക്ക് നേരിടാനുള്ള പ്രാപ്തി ആര്‍ക്കുമില്ല,' തുര്‍ക്കിയിലെ ഗാലതസാരേ യൂണിവേഴ്‌സിറ്റിയിലെ ഇന്‌റര്‍നാഷണല്‍ റിലേഷന്‍സ് ഡിപാര്‍ട്ട്‌മെന്‌റ് അംഗമായ ഡോ. അലി ഫൈക്ക് ദെമീര്‍ പറയുന്നു.

ഖത്തറിന് വേണ്ടി യുദ്ധം ചെയ്യാന്‍ തുര്‍ക്കി ട്രൂപ്പുകള്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നത് കൊണ്ട് ട്രൂപ്പുകളെ അയയ്ക്കാനുള്ള തീരുമാനം ഒഴിവാക്കാമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മിലും റഷ്യയുമായും ഇറാനുമായും നല്ല ബന്ധങ്ങള്‍ പുലര്‍ത്തുന്ന തുര്‍ക്കി മുസ്ലീം രാജ്യത്തിലും മിഡില്‍ ഈസ്റ്റിലും പ്രധാന ശക്തികേന്ദ്രമാണ് എന്നും ദെമീര്‍ പറഞ്ഞു.

ഉടന്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഖത്തര്‍ കടുത്ത പ്രതിസന്ധിയിലാകുമെന്ന് തുര്‍ക്കിയിലെ ഖാദിര്‍ ഹാസ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ സെര്‍ഹാത് ഗുവേങ്ക് അഭിപ്രായപ്പെടുന്നു. ഖത്തറിനെ പിന്തുണയ്ക്കുന്നത് കൊണ്ട് തുര്‍ക്കിയ്ക്കും പ്രശ്‌നമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തുര്‍ക്കിയുടെ തീരുമാനം അവര്‍ക്ക് സാമ്പത്തികമായി പ്രധാനപ്പെട്ടതാണ്. തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഖത്തര്‍. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 19 ലക്ഷം കോടി ഡോളറിന്‌റെ നിക്ഷേപമാണ് ഖത്തര്‍ തുര്‍ക്കിയില്‍ നടത്തിയിരിക്കുന്നത്. തുര്‍ക്കിയിലെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കളായ ബിഎംസിയിലും ഖത്തറിന് പങ്കാളിത്തമുണ്ട്. ഡിസംബര്‍ 2015 ല്‍ ഖത്തറില്‍ നിന്നും നാച്വറല്‍ ഗ്യാസ് വാങ്ങാനുള്ള ദീര്‍ഘകാലകരാറില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട് തുര്‍ക്കി. കഴിഞ്ഞ വര്‍ഷം 710 ദശലക്ഷം ഡോളറിന്‌റെ ഉഭയകക്ഷി വാണിജ്യം തുര്‍ക്കിയും ഖത്തറും തമ്മിലുണ്ടായിട്ടുണ്ട്.