ഖത്തര്‍ പ്രതിസന്ധി കേരളത്തെ ബാധിക്കും: ലുലുവും ഗള്‍ഫാറും ക്വാളിറ്റിയുമടക്കം മലയാളി വ്യവാസിയകളുടെ വന്‍നിക്ഷേപം; ഇന്ത്യാക്കാരില്‍ 70 ശതമാനവും മലയാളികള്‍

ഖത്തറിലെ ആറരലക്ഷം ഇന്ത്യാക്കാരില്‍ നാല് ലക്ഷം പേരും മലയാളികളാണ്. പ്രധാന വ്യവസായികളില്‍ മിക്കവരും മലയാളികള്‍. സൗദി അരേബ്യയുമായുള്ള അതിര്‍ത്തിയായ അബു സാമ്ര അടച്ചെന്നാണ് ഖത്തറിലെ വ്യവസായികളില്‍ നിന്ന് നാരദാന്യൂസിന് ലഭിക്കുന്ന വിവരം. ഭക്ഷ്യവസ്തുക്കളെത്തുന്ന അതിര്‍ത്തി അടച്ചാല്‍ വന്‍ ഭക്ഷ്യപ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുക. കഷ്ടിച്ച് രണ്ടാഴ്ച്ചത്തേക്കുള്ള ഭക്ഷ്യവസ്തുക്കളേ സ്റ്റോക്കുണ്ടാകൂ എന്നാണ് വിവരം.

ഖത്തര്‍ പ്രതിസന്ധി കേരളത്തെ ബാധിക്കും: ലുലുവും ഗള്‍ഫാറും ക്വാളിറ്റിയുമടക്കം മലയാളി വ്യവാസിയകളുടെ വന്‍നിക്ഷേപം; ഇന്ത്യാക്കാരില്‍ 70 ശതമാനവും മലയാളികള്‍

ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി അടക്കമുള്ള നാല് രാജ്യങ്ങള്‍ വിഛേദിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിസന്ധിയിലാകും. ഖത്തറിലെ ആറര ലക്ഷം ഇന്ത്യാക്കാരില്‍ നാല് ലക്ഷം പേരും മലയാളികളാണ്. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവാണ് വരും ദിവസങ്ങളില്‍ ഖത്തര്‍ നേരിടാന്‍ പോകുന്ന പ്രധാന പ്രതിസന്ധി. മൊത്തം ഭക്ഷ്യ ആവശ്യത്തിന്റെ 80 ശതമാനത്തിനും മറ്റ് രാജ്യങ്ങളെയാണ് ഖത്തര്‍ ആശ്രയിക്കുന്നത്.

സൗദി അറേബ്യയുമായുള്ള അതിര്‍ത്തിയായ അബു സാമ്ര അടച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സൗദിയില്‍ നിന്നും ഖത്തറിലേക്ക് ചരക്കുകള്‍ എത്തുന്നത് അബു സാമ്ര വഴിയാണ്. ആകെയെത്തുന്ന ഭക്ഷ്യവസ്തുക്കളില്‍ അമ്പത് ശതമാനം ഇതുവഴിയാണ് എത്തുന്നത്. നിലവില്‍ രണ്ടാഴ്ചത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് രാജ്യത്ത് സ്റ്റോക്കുള്ളതെന്ന് വ്യവസായികള്‍ പറയുന്നത്. നോമ്പുകാലമായതും ഭക്ഷ്യപ്രതിസന്ധി വരും ദിവസങ്ങളില്‍ രൂക്ഷമാകും.

ഒന്നോ രണ്ടോ ഫാമുകള്‍ മാത്രമാണ് ഖത്തറിലുള്ളത്. ആവശ്യമുള്ള പച്ചക്കറിയുടെ പതിനൊന്ന് മുതല്‍ പതിനേഴ് ശതമാനം വരെയാണ് ഖത്തറില്‍ ഉത്പാദിപ്പിക്കുന്നത്. 2023 ആകുമ്പോഴേക്കും ആവശ്യമുള്ള പച്ചക്കറിയുടെ എഴുപത് ശതമാനവും രാജ്യത്ത് ഉത്പാദിപ്പിക്കാനുള്ള പദ്ധതികള്‍ ഖത്തര്‍ ഭരണകൂടം തയ്യാറാക്കി വരികയാണ്.

ദുബായ് വഴിയും ഭക്ഷ്യവസ്തുക്കള്‍ ഖത്തറിലേക്ക് എത്തുന്നുണ്ട്. ജോര്‍ദാനില്‍ നിന്നും സൗദിയില്‍ നിന്നും റോഡ് മാര്‍ഗമാണ് പച്ചക്കറി പ്രധാനമായും എത്തുന്നത്. സൗദി, ഒമാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് മത്സ്യം ഖത്തറിലേക്കെത്തുന്നത്. ഇതും സൗദി അതിര്‍ത്തിയായ അബു സാമ്ര വഴിയാണ്. അതിര്‍ത്തി അടച്ചതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വിമാനമാര്‍ഗമോ, കടല്‍ മാര്‍ഗമോ വഴി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനുള്ള ശ്രമം ഖത്തര്‍ നടത്തുന്നുണ്ടെന്നാണ് വിവരം. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവ് രാജ്യത്തെ റേഷന്‍ സംവിധാനത്തേയും ബാധിക്കും.

അതിര്‍ത്തി അടച്ചതോടെ ഖത്തരില്‍ നിന്നുള്ളവര്‍ക്ക് പുറത്തേക്ക് പോകാന്‍ കഴിയുന്നില്ല. ഉംറ തീര്‍ത്ഥാടനത്തിനടക്കം പോയവരെ റോഡ് മാര്‍ഗവും സൗദി എയര്‍ലൈന്‍സ് വഴിയും തിരിച്ചെത്തിക്കുന്നുണ്ട്. പ്രതിസന്ധി തുടര്‍ന്നാല്‍ ഖത്തറിന്റെ പ്രധാന വരുമാനമാര്‍ഗമായ ഗ്യാസ്, ഓയില്‍, പെട്രോ കെമിക്കല്‍, അലുമിനിയം വ്യവസായങ്ങളും പ്രതിസന്ധിയിലാകും.

മലയാളി വ്യവസായികളായ എം എ യൂസഫലി (ലുലു), മുഹമ്മദ് അലി(ഗള്‍ഫാര്‍), സി കെ മേനോന്‍(ബെഹ്‌സാദ്), മുഹമ്മദ് അലി(സീഷോര്‍), മുഹമ്മദ് ഈസാ (അലി ഇന്റര്‍നാഷണല്‍), ഷംസുദ്ദീന്‍ (ക്വാളിറ്റി) എന്നിവര്‍ക്ക് ഖത്തറില്‍ നിക്ഷേപങ്ങളുണ്ട്. നിര്‍മ്മാണം, ഭക്ഷ്യം, റിയല്‍ എസ്റ്റേറ്റ് മേഖലകളിലാണ് ഇവര്‍ക്ക് നിക്ഷേപമുള്ളത്.