അല്‍ ജസീറ അവസാനിപ്പിച്ച് കീഴടങ്ങുക അല്ലെങ്കില്‍ അമീറിനെ നീക്കം ചെയ്യുക; ഖത്തര്‍ പ്രതിസന്ധിയ്ക്ക് ഇതു പരിഹാരം

ഖത്തറിന്റെ അഭിമാനമായ അല്‍ജസീറയാണ് ശത്രുപട്ടികയിലെ ഒന്നാമന്‍. ജിസിസി യോഗത്തില്‍ അല്‍ജസീറ പൂട്ടണമെന്ന ഒറ്റ ഡിമാന്‍ഡില്‍ സൗദി അടക്കമുള്ളവര്‍, സമ്മതിക്കില്ലെന്ന് ഖത്തര്‍. പിന്നാലെ വന്ന ഉപരോധം ഖത്തറിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ സ്ഥാനത്യാഗമാണ് മറ്റൊരു ആവശ്യം. ഈ രണ്ട് ആവശ്യങ്ങളില്‍ പ്രതിസന്ധി പരിഹരിക്കാമെന്ന നിര്‍ദ്ദേശം ജിസിസി രാജ്യങ്ങളോട് അമേരിക്കയും ആവശ്യപ്പെട്ടിട്ടുണ്ടെന്ന വിലയിരുത്തലുകളുമുണ്ട്.

അല്‍ ജസീറ അവസാനിപ്പിച്ച് കീഴടങ്ങുക അല്ലെങ്കില്‍ അമീറിനെ നീക്കം ചെയ്യുക; ഖത്തര്‍ പ്രതിസന്ധിയ്ക്ക് ഇതു പരിഹാരം

ഖത്തറിനുമേലുള്ള ഉപരോധം പിന്‍വലിക്കാന്‍ അല്‍ജസീറ ചാനല്‍ പൂട്ടണമെന്ന ആവശ്യമുയര്‍ത്തി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ രംഗത്ത്. കഴിഞ്ഞ മാസം ചേര്‍ന്ന ജിസിസി യോഗത്തില്‍ സൗദി അറേബ്യ ഖത്തറിനോട് ഇക്കാര്യം ആവശ്യപ്പെട്ടെന്നാണ് വിവരം. മുല്ലപ്പൂ വിപ്ലവം, ഈജിപ്തിലെ ഭരണമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ അല്‍ജസീറ സ്വീകരിച്ചുവരുന്ന നിലപാടുകളാണ് ജിസിസി രാജ്യങ്ങളെ ചൊടിപ്പിക്കുന്നത്. അറബ് രാജ്യങ്ങളിലെ ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ അല്‍ജസീറ സ്വീകരിച്ചുവരുന്ന നിലപാടുകളും ചാനലിനെ പ്രധാനശത്രുവാക്കി.

ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ സൗദി അറേബ്യയും യുഎഇയും അല്‍ജസീറയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഖത്തര്‍ പ്രതിസന്ധി വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ അല്‍ ജസീറയും ചര്‍ച്ചകളിലെ പ്രധാന വിഷയമാകുകയാണ്. ചാനല്‍ പൂര്‍ണ്ണമായും അടച്ചു പൂട്ടി പ്രതിസന്ധി പരിഹരിക്കുമെന്ന ഊഹാപോഹങ്ങളും പ്രചരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കുന്നതിനു ഖത്തറിന്റെ അഭിമാനമായ ചാനലിനെ പകരം നല്‍കാന്‍ തയ്യാറാകുമോ എന്നതിലേക്കും ചര്‍ച്ചകള്‍ നീങ്ങുകയാണ്.

ഖത്തര്‍ ഭരണകൂടത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് ദോഹ കേന്ദ്രമാക്കിയുള്ള അല്‍ ജസീറയുടെ പ്രവര്‍ത്തനം. 1996 ല്‍ അറബി ഭാഷയില്‍ പ്രവര്‍ത്തനം തുടങ്ങിയ ചാനല്‍ 2006ലാണ് ഇംഗ്ലീഷില്‍ സംപ്രേഷണം തുടങ്ങിയത്. സംപ്രേഷണത്തിന്റെ തുടക്കകാലം മുതല്‍ അമേരിക്കയുടേയും മറ്റ് അറേബ്യന്‍ രാജ്യങ്ങളുടേയും എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരുന്നു.

പെന്റഗണ്‍ ആക്രമണത്തിനു തൊട്ടു പിന്നാലെ അല്‍ ഖ്വായ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ അഭിമുഖം പ്രസിദ്ധീകരിച്ചതോടെയാണ് അല്‍ ജസീറ ലോാകശ്രദ്ധ പിടിച്ചു പറ്റിയത്. ഇതോടെ ചാനല്‍ അമേരിക്കയുടെ നോട്ടപ്പുള്ളിയായി മാറിയിരുന്നു. അമേരിക്കയിലെ അറബ് വംശജരെ ലക്ഷ്യമിട്ട് അവിടെയും അല്‍ ജസീറ അമേരിക്ക എന്നപേരില്‍ സംപ്രേഷണം ആരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം അടച്ചു പൂട്ടേണ്ടി വന്നു.

ഇറാഖ് യുദ്ധസമയത്ത് അമേരിക്കന്‍ വിരുദ്ധ നിലപാടെടുത്ത ചാനലിനെ വിമര്‍ശിച്ച് ബുഷ് ഭരണകൂടം രംഗത്തെത്തിയിരുന്നു.2003-ല്‍ ബാഗ്ദാദില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറയുടെ മൂന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും വിവാദമായിരുന്നു. സൗദി രാജകുടുംബത്തിനെതിരെ ചാനലിൽ വന്ന പരാമര്‍ശങ്ങളും വിവാദചുഴിയിലാക്കി. 2002 ല്‍ സൗദി തിരിച്ചു വിളിച്ച പ്രതിനിധി 2007ലാണ് ദോഹയില്‍ മടങ്ങിയെത്തിയത്.

അറബ് രാജ്യങ്ങളിലെ ഭരണസിരാ കേന്ദ്രങ്ങളെ ആശങ്കപ്പെടുത്തിയ മുല്ലപ്പൂവിപ്ലവത്തിന് ചാനല്‍ നല്‍കിയ കവറേജ് സമരങ്ങള്‍ ആളിപ്പടരാന്‍ ഇടയാക്കിയിരുന്നു. ലിബിയ, ഈജിപ്ത്, യെമന്‍, സിറിയ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുന്നതിനൊപ്പം അറബ് രാജ്യങ്ങളില്‍ നിന്ന് അല്‍ജസീറയ്‌ക്കെതിരെയും മുറുമുറുപ്പുയര്‍ന്നു. ബഹ്‌റിന്‍ അടക്കമുള്ള രാജ്യങ്ങള്‍ കടുത്ത ഭാഷയില്‍ എതിര്‍പ്പുന്നയിച്ചു. മറ്റുള്ള അറബ് രാജ്യങ്ങളെ അല്‍ ജസീറ വിമര്‍ശിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഖത്തറിനു നേരെയുള്ള വിമശങ്ങള്‍ ചാനല്‍ പ്രക്ഷേപണം ചെയ്യാത്തതെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ് അനുകൂല നിലപാടാണ് ഏറ്റവുമൊടുവില്‍ ചാനലിനെ സൗദിയുടേയും യുഎഇയുടേയും ഹിറ്റ്‌ലിസ്റ്റില്‍ വരുത്തിയത്. മുഹമ്മദ് മുര്‍സിയെ അധികാര ഭ്രഷ്ടനാക്കാന്‍ സൈന്യത്തിനു പിന്തുണ നല്‍കിയ സൗദി അറേബ്യയുടേയും യുഎഇയുടേയും നീക്കം ചാനല്‍ തുറന്നുകാട്ടി. മുര്‍സിയ്ക്കു പിന്നാലെ ഭരണത്തിലെത്തിയ അബ്ദുള്‍ ഫത്തേ എല്‍-സീസിയെ ചോദ്യം ചെയ്തു ഇടയ്ക്കിടെ രംഗത്തെത്തുന്നതും ചാനലിനെതിരെ പട ശക്തമാകാനിടയായി.

മൂന്ന് ജേര്‍ണലിസ്റ്റുകളെ 2014ല്‍ ഈജിപ്ത് തടവിലാക്കിയതും ഇതുമായി ബന്ധപ്പെട്ടായിരുന്നു. ഈജിപ്തില്‍ ചാനല്‍ പൂട്ടുന്നതിലേക്കാണ് ഈ തര്‍ക്കം ചെന്നെത്തിയത്. പശ്ചിമേഷ്യയിലും മറ്റും കൊല്ലപ്പെടുന്ന ഭീകരരെ ഷഹീദ് അഥവാ രക്തസാക്ഷി എന്നു ചാനല്‍ പലപ്പോഴും വിശേഷിപ്പിച്ചതും വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തി.

ജിസിസി രാജ്യ തലവന്‍മാരെയും അമേരിക്കയടക്കമുള്ള ലോകശക്തികളെയും നിരന്തരം വിമര്‍ശിക്കുന്ന ചാനല്‍ പൂര്‍ണമായി അടച്ചു പൂട്ടുക അല്ലെങ്കില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സ്ഥാനത്യാഗം ചെയ്യുക എന്ന ആവശ്യമാണ് പ്രശ്‌നപരിഹാരത്തിനു മുന്നിലുള്ളത്. ഖത്തര്‍ രാജകുടുംബത്തിനകത്തെ പടലപ്പിണക്കങ്ങളും ഇതിനു പിന്നിലുണ്ടെന്നും വിലയിരുത്തലുകളുണ്ട്. ജിസിസി രാജ്യങ്ങളുടെ മേല്‍ അമേരിക്ക ഈ രീതിയിലുള്ള സമ്മര്‍ദ്ദം ചൊലുത്തുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

Read More >>