ഇന്ത്യയില്‍ വിമാനക്കമ്പനി ആരംഭിക്കാനൊരുങ്ങി ഖത്തര്‍;വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ഉടന്‍

ബംഗളുരു അടിസ്ഥാനമാക്കി മൂന്ന് വര്‍ഷത്തിനുള്ളില്‍ ഖത്തറിന്റെ വിമാനക്കമ്പനി നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യയില്‍ വിമാനക്കമ്പനി ആരംഭിക്കാനൊരുങ്ങി ഖത്തര്‍;വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ഉടന്‍

ഖത്തറിന് ഇന്ത്യയില്‍ വിമാനക്കമ്പനി ആരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് നിലവിലുള്ള വ്യോമയാന നിയമങ്ങള്‍ അനുസരിച്ച് വിമാനക്കമ്പനി ആരംഭിക്കാനാണ് അനുമതി നല്‍കുക. ഇതുപ്രകാരം വിദേശ കമ്പനികള്‍ക്ക് പരമാവധി 49 ശതമാനം ഷെയറുകളേ അനുവദിക്കുകയുള്ളൂ .

ബാക്കിയുള്ള 51 ശതമാനം ഓഹരികള്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി പോലുള്ള വിമാനക്കമ്പനികളല്ലാത്ത നിക്ഷേപകര്‍ക്ക് നല്‍കാം. വിമാനക്കമ്പനിയുടെ മാനേജ്‌മെന്റ് തലപ്പത്ത് മൂന്നില്‍ രണ്ട് പേരും ഇന്ത്യക്കാരാകണമെന്നും വ്യവസ്ഥയുണ്ട്. ആഭ്യന്തരമായി നിയന്ത്രണം ലഭിക്കുന്നതിന് കമ്പനിയുടെ ചെയര്‍മാന്‍ ഇന്ത്യക്കാരനാകണമെന്നതാണ് മറ്റൊരു വ്യവസ്ഥ. കഴിഞ്ഞ മാസം നടന്ന ഐടിബി ബര്‍ലിന്‍ ട്രാവല്‍ ഷോയില്‍ ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ ബക്കര്‍ ഇത്തരത്തില്‍ ഇന്ത്യയില്‍ വിമാനക്കമ്പനി ആരംഭിക്കുന്നതിനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു.

ബംഗളുരു അടിസ്ഥാനമാക്കി മൂന്ന് വര്‍ഷത്തിനുള്ളില്‍ ഖത്തറിന്റെ വിമാനക്കമ്പനി നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.നിലവില്‍ അബുദാബി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വെയ്‌സിന് ഇന്ത്യന്‍ കമ്പനിയായ ജെറ്റ് എയര്‍വെയ്‌സില്‍ 24 ശതമാനം ഓഹരിയുണ്ട്. അതേസമയം ഇന്ത്യന്‍ വിമാനക്കമ്പനികളായ സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്‌സ് എന്നിവ ഉള്‍പ്പെടുന്ന ദി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഖത്തര്‍ വിമാനക്കമ്പനിയുടെ പ്രവേശനത്തെ എതിര്‍ക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.