മാര്‍ക്‌സിസ്റ്റ് അല്ലാത്ത ഒരാള്‍ മാര്‍ക്‌സിനെ ഓര്‍ക്കുന്നു!

മാര്‍ക്‌സിസത്തിന്റെ ശില്പിയായ കാള്‍ മാര്‍ക്‌സിന്റെ ജന്മദിനത്തില്‍ മാറിയ സാഹചര്യങ്ങള്‍ക്കും ലോകക്രമത്തിനും മറികടക്കാന്‍ പറ്റാത്തതാണ് മാര്‍ക്‌സിന്റെ ആശയങ്ങള്‍ എന്ന് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ആയ അവിജിത് പാഥക്‌ ഓര്‍ക്കുന്നു.

മാര്‍ക്‌സിസ്റ്റ് അല്ലാത്ത ഒരാള്‍ മാര്‍ക്‌സിനെ ഓര്‍ക്കുന്നു!

അവിജിത് പാഥക്‌

കാള്‍ മാര്‍ക്‌സിന്റെ ജന്മദിനത്തില്‍ എനിക്കൊരു ഉള്‍വിളിയുണ്ടായി; ആധുനിക കാലത്തിന്റെ ആ പ്രവാചകന് ആദരാഞ്ജലികള്‍ അര്‍പ്പിക്കണമെന്ന്. മാര്‍ക്‌സിസ്റ്റ് എന്നൊരാള്‍ സ്വയം വിശേഷിപ്പിക്കണമെങ്കില്‍ ചില കടുത്ത മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പിന്തുടരേണ്ടതുണ്ട് - ചരിത്രപരമായ ഭൗതികവാദത്തിനെ ഉപാധികളില്ലാതെ സ്വീകരിക്കുകയോ വര്‍ഗസമരത്തിന്റെയും അതിന്റെ ഫലമായ സാമൂഹിക പരിവര്‍ത്തിന്റെയും കര്‍ക്കശമായ അടിസ്ഥാന പക്ഷത്തിനെ സ്വീകരിക്കുകയോ ചെയ്യുക. അല്ലെങ്കില്‍ ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് ഉട്ടോപ്യന്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ എന്ന് വിളിക്കുന്നവയെ നിഷേധിച്ച് സഖാവാകുകയോ ചെയ്യുക. ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റ് അല്ല. എന്നാലും എന്നെപ്പോലെയുള്ള നാടോടികളേയും വിദ്യാര്‍ഥികളേയും അദ്ദേഹത്തിന്റെ ചിന്താസമുദ്രം ആവേശം കൊള്ളിക്കുന്നുണ്ട്.

വിപണിയിലെ കൈമാറ്റങ്ങള്‍ വഴി ഒരു ഉല്പന്നത്തിനുണ്ടാകുന്ന വില വെളിപ്പെടുത്തുന്ന രാഷ്ട്രീയ സാമ്പത്തികശാസ്ത്രജ്ഞനും വര്‍ഗങ്ങളുടെ ഉത്ഭവവും സ്റ്റേറ്റിന്റെ സാമൂഹികസ്വഭാവവും കലാപ മുഖരിതമായ സമൂഹത്തില്‍ അധികാരത്തിന്റെ ബലതതന്ത്രവും വിശദീകരിക്കുന്ന രാഷ്ട്രീയ സൈദ്ധാന്തികനും, ഹെഗലിനേയും ഫോയര്‍ബാകിനേയും നിരാകരിക്കുന്ന അസ്തിത്വവാദിയും എല്ലാം മാര്‍ക്‌സിലൂടെ കടന്നു പോകുന്നു. അതുകൊണ്ടാണ് ബെര്‍ലിന്‍ മതില്‍ തകര്‍ന്നിട്ടും സോവിയറ്റ് യൂണിയന്‍ പിളര്‍ന്നിട്ടും നവ ഉദാരവത്കരണം വന്നിട്ടും ആ മനുഷ്യനെ ഓര്‍ക്കാന്‍ ധൈര്യം വരുന്നത്.

മാര്‍ക്‌സിന്റെ സമ്മാനം

ലോകത്തെ നോക്കിക്കാണുന്ന രീതിയില്‍ സമൂലമായ മാറ്റം വരുത്തിയ നാല് മാര്‍ക്‌സിയന്‍ ചിന്തകളില്‍ നിന്നും തുടങ്ങാം - ഇതില്‍ നിന്നും മാര്‍ക്‌സിന്റെ എതിരാളികള്‍ക്ക് പോലും രക്ഷപെടാനാവില്ല. ആദ്യമായി മുതലാളിത്തത്തോടുള്ള അദ്ദേഹത്തിന്റെ ധാര്‍മ്മികവും ആത്മീയവുമായ വിമര്‍ശനം ഓര്‍ക്കണം. ഇല്ല, അതെല്ലാം ചെറുപ്പക്കാരനായ മാര്‍ക്‌സിന്റെ കാല്പനികതയാണെന്ന് പറഞ്ഞ് അതിന്റെ പ്രാധാന്യം നിഷേധിക്കാന്‍ എനിക്കു താല്പര്യമില്ല. മറിച്ച്, അന്യവൽക്കരണം, ഭിന്നിപ്പിച്ച അദ്ധ്വാനം, പണത്തിന് എന്തിനേയും മാറ്റി മറിയ്ക്കാനുള്ള കഴിവ്, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, ഇക്കണോമിക് ആന്റ് ഫിലോസഫിക്കല്‍ മാനുസ്‌ക്രിപ്റ്റ്‌സ് എന്നിവയിലെ പരമാനന്ദത്തിന്റെ മരണം തുടങ്ങിയവയിലെ വിജ്ഞാനശാസ്ത്രപരമായ വിടവ് എന്നിവയെക്കുറിച്ച് ഹെഗലിന്റെയും മാര്‍ക്‌സിന്റെയും ചിന്തകളിലെ പൊരുത്തം കണ്ടെത്താനാണ് എന്റെ ശ്രമം. മൂലധനത്തിനെ ഉല്പന്നാരാധന - വസ്തുക്കളോടും ഉല്പന്നങ്ങളോടും മനുഷ്യന് തോന്നുന്ന ആത്മബന്ധം - എന്ന് വിശദീകരിക്കുന്ന മാര്‍ക്‌സിന്റെ വിശദീകരണവും കണക്കിലെടുക്കുന്നു. ഐപിഎല്ലില്‍ പിന്നെന്താണ് - ആഗോളമുതലാളിത്തം, കോര്‍പറേറ്റ് മീഡിയ, ക്രിക്കറ്റ് പ്രദര്‍ശനം - കാണാന്‍ കഴിയുന്നത്?

മുതലാളിത്തം നമ്മളെ ഉല്പന്നങ്ങളാക്കി മാറ്റി നശിപ്പിക്കുന്നു - നമ്മുടെ കഴിവുകള്‍, സര്‍ഗാത്മകത, ബന്ധങ്ങള്‍ എന്നിങ്ങനെ എല്ലാം. ഇത് നമുക്കൊരു കുലീനമായ സ്വപ്‌നം നല്‍കാന്‍ മാര്‍ക്‌സിനെ പ്രേരിപ്പിച്ചു - കമ്മ്യൂണിസത്തിലേയ്ക്കുള്ള അഭിലാഷം: 'നിലനില്‍പും പരമാര്‍ഥവും, ഉല്പന്നവല്‍ക്കരണവും സ്വയം-സ്ഥിരീകരണവും, സ്വാതന്ത്ര്യവും ആവശ്യവും തമ്മിലുള്ള പോരിനെക്കുറിച്ചുള്ള സത്യസന്ധമായ അപഗ്രഥനം', സ്‌നേഹം ഉണ്ടാകുന്നത്, പിന്നെ ഒരാളിരുന്ന് അസ്തിത്വത്തിന്റെ കഴിവുകളെ കൊയ്‌തെടുക്കുന്ന കാഴ്ച,. ജോലിസമയം, മിച്ചമൂല്യം, ലാഭം എന്നിവയെക്കുറിച്ച് സിദ്ധാന്തങ്ങള്‍ ഉണ്ടാക്കുന്നതിന്റെ നാമത്തില്‍ നമ്മള്‍ ഈ കാഴ്ചകളൊന്നും കാണാതെ പോകരുത്. എ കോണ്ട്രിബ്യൂഷന്‍ ടു ദ ക്രിട്ടിക് ഓഫ് പൊളിറ്റിക്കല്‍ ഇക്കേണോമി എന്ന പുസ്തകത്തില്‍ പറയുന്നത് പോലെ അതിനു പ്രാധാന്യമുണ്ട്.

രണ്ടാമത്, അദ്ദേഹം നമ്മുടെ കണ്ണുകള്‍ തുറന്നു, വിമര്‍ശനാത്മകമായ ചിന്തയുടെ ഊര്‍ജ്ജം നമ്മളില്‍ നിറച്ചു - നമ്മുടെ സാമൂഹികാന്തരീക്ഷം, ഉല്പാദനവുമായുള്ള നമ്മുടെ ബന്ധം, ഭരണവര്‍ഗത്തിന്റെ പ്രത്യയശാസ്ത്രം തുടങ്ങിയവയെ നമ്മുടെ ആശയങ്ങളുമായി ഒത്തുനോക്കാനുള്ള കഴിവ്. ഈ ആശയപരമായ മായക്കാഴ്ചകളുടെ കെണിയില്‍ നിന്നും നമുക്ക് രക്ഷപെടേണ്ടതുണ്ട്. നല്ല രീതിയിലുള്ള മത്സരം സൃഷ്ടിക്കുന്നത് വിഭജിക്കപ്പെട്ട സമൂഹത്തെയാണെന്നും, സമ്പത്തിന്റെയും അധികാരത്തിന്റെയും സമീകൃതമല്ലാത്ത വിതരണം മൂലം തുല്യമായ നീരോട്ടമല്ല ഉണ്ടാക്കുന്നതെന്നുമുള്ള അറിവ്. അത് സ്‌റ്റേറ്റിനെ പുനര്‍നിര്‍വചിക്കുകയായിരുന്നു. അതിന്റെ നിഷ്പക്ഷതയുടെ കീഴില്‍ ഒഴുകുന്നത് മാറ്റമില്ലാത്ത സ്ഥിതി നിലനിര്‍ത്താനുള്ള ബലാത്കാരവും ആശയപരവുമായ ആയുധങ്ങള്‍ തന്നെയാണ്.

മൂന്നാമത്, കലഹത്തിന് ഒരു പുതിയ അര്‍ഥം കണ്ടെത്താന്‍ മാര്‍ക്‌സ് സഹായിച്ചു. കലഹം എന്നാല്‍ വെറുമൊരു വ്യതിചലനമോ ക്രമസമാധാന പ്രശ്‌നമോ അല്ല. കലഹം എല്ലായിപ്പോഴും വിലോപവുമല്ല. കലഹം വേരുറപ്പിച്ചിരിക്കുന്നത് സാമൂഹികവല്കരണത്തിന്റെ നിര്‍മ്മാണത്തിലാണ്. വര്‍ഗ താല്പര്യങ്ങളുടെ, അദ്ദേഹത്തിന്റെ വൈരുദ്ധ്യാത്മക യുക്തികളില്‍ പറയുന്നത് പോലെ, ചരിത്രപരമായ ഉന്നമനത്തിനുള്ള ഉത്തേജനമാണത്.

വാസ്തവത്തില്‍ ഇതേ രീതിശാസ്ത്രം - നിലപാടും വിരോധവും തമ്മിലുള്ള വൈരുദ്ധ്യാത്മക കണ്ണുപൊത്തിക്കളി- തന്നെയാണ് ചരിത്രത്തിന്റെ ക്രമത്തിലുമുള്ളത്. പുതിയ രീതികളിലുള്ള ഉത്പാദനമാണ് ഫ്യൂഡലിസത്തെ ഇല്ലാതാക്കിയ വ്യാവസായിക/ബൂര്‍ഷ്വാ വര്‍ഗത്തിന്റെ ജനനത്തിനു കാരണമായതെന്നും, ദേശീയതയിലൂന്നിയ ബൂര്‍ഷ്വാസികളുടെ ഉദയം കൊളോണിയല്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യസമരത്തിന് കാരണമായതെന്നും, ഛത്തീസ്ഘഡിലും ഝാര്‍ഖണ്ഡിലും മാവോയിസ്റ്റ് കുതിപ്പും വ്യാജ ഏറ്റുമുട്ടലുകളും അത് തദ്ദേശീയരെ പീഡിപ്പിക്കുന്നതിലും പാർശ്വവൽകരിയ്ക്കുന്നതിലുമുള്ള സാമ്പത്തികശാസ്ത്രം ഇഴ പിരിക്കാന്‍ കഴിയാത്തതുമെല്ലാം ഇങ്ങനെയാണ് നമ്മള്‍ മനസ്സിലാക്കുന്നത്.

അവസാനമായി, മനുഷ്യന്റെ സാധ്യതകളും അതിരുകളും തിരിച്ചറിയാന്‍ മാര്‍ക്‌സ് സഹായിച്ചു. ഭൗതിക ലോകത്ത് നമ്മുടെ സ്വാതന്ത്ര്യം പരിപൂര്‍ണമല്ല. കാരണം, നമ്മള്‍ ചരിത്രപരമായി സാമൂഹിക/സാമ്പത്തിക ഘടനയിലെ അഭിനേതാക്കളാണ്. ആശയങ്ങള്‍, ധര്‍മ്മനീതി, മതം എന്നിവയ്ക്ക് -ദ ജര്‍മ്മന്‍ ഐഡിയോളജിയില്‍ മാര്‍ക്‌സ് പറഞ്ഞത് പോലെ - സ്വയംഭരണാവകാശം ഇല്ല. വ്യക്തികള്‍ തങ്ങളുടെ ഉല്പാദനത്തിലൂടെ ഏകോപിപ്പിക്കുന്നത് എന്ത് ഉല്പാദിപ്പിക്കണമെന്നും എങ്ങിനെ ഉല്പാദിപ്പിക്കണമെന്നുമാണ്.

ഫോയര്‍ബാക്കിന്റെ മെക്കാനിസ്റ്റ് ഭൗതികവാദം പോലെയല്ല മാര്‍ക്‌സിന്റെ ഭൗതികവാദം എന്നത് മറക്കരുത്. ബോധത്തിനും യാഥാര്‍ഥ്യത്തിനും ഇടയില്‍ നടപടിക്രമം ഉണ്ട്. ഈ നടപടിക്രമത്തിലൂടെയാണ് നമ്മള്‍ പ്രാധാന്യം നേടുന്നതും ചരിത്രപരമായ പരിവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതും. ചരിത്രത്തിന്റെ ഇരുമ്പുമുഷ്ടിയില്‍ നിന്നും വേറിട്ട നിരീക്ഷകനായിരുന്നില്ല മാര്‍ക്‌സ്. അദ്ദേഹം നമ്മുടെ ചരിത്രപരമായ ഉത്തരവാദിത്തത്തിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ആവേശഭരിതനായ നിരീക്ഷകന്‍ ആയിരുന്നു. ഫോയര്‍ബാക്കിനെക്കുറിച്ചുള്ള പതിനൊന്നാം പ്രബന്ധത്തില്‍ അദ്ദേഹം അത് വ്യക്തമാക്കുന്നുണ്ട്: 'തത്വചിന്തകര്‍ ഈ ലോകത്തെ പല രീതികളില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ലോകത്തെ മാറ്റണം എന്നതിലാണ് കാര്യമുള്ളത്.'

ഇത്തരം ഒരു മാന്ത്രികമായ ചിന്തയിലൂടെ മാര്‍ക്‌സ് ലോകത്തെ വിവിധ തുറകളിലുള്ള മനുഷ്യരെ സ്വാധീനിച്ചതിൽ അത്ഭുതമില്ല - കലാകാരന്മാര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, അക്കാദമീഷ്യന്മാര്‍, തത്വചിന്തകര്‍ എന്നിങ്ങനെ. വിയോജിപ്പുകള്‍ ഉണ്ടായിരുന്നപ്പോഴും അദ്ദേഹത്തില്‍ നിന്നും രക്ഷപ്പെടുക പ്രയാസമായിരുന്നു. മാക്‌സ് വെബറിനെപ്പോലെ ഒരു സാമൂഹ്യശാസ്ത്രജ്ഞന്‍ വര്‍ഗം, പദവി, അധികാരം എന്നിവയ്ക്ക് മുതലാളിത്തം നിര്‍മ്മിക്കുന്നതിലെ പങ്കിനെക്കുറിച്ച് പുതിയ ആശയങ്ങളുമായി വന്നെങ്കിലും 'മാര്‍ക്‌സിന്റെ പ്രേത'ത്തില്‍ നിന്നും രക്ഷയുണ്ടായിരുന്നില്ല. ഇന്ത്യയിലെ ഒരു മാര്‍ക്‌സിസ്റ്റ്, അംബേദ്കറിന്റെ പ്രേരണയില്‍, ജാതിയുടെ ആപേക്ഷികമായ ആധിപത്യത്തെപ്പറ്റി സംസാരിക്കുമ്പോള്‍ അതിന്റെ സാമ്പത്തികവശം കണക്കിലെടുക്കാന്‍ മറക്കുന്നില്ല. എന്തിന്, ഴാങ് പോള്‍ സാര്‍തൃന്റെ അസ്തിത്വവാദം പോലും മാര്‍ക്‌സിസത്തില്‍ നിന്നും വിഭിന്നമായിരുന്നില്ല. സാര്‍തൃന്റെ 'വഞ്ചന'യോടുള്ള അമര്‍ഷം പോലും പാർശ്വവൽകരിക്കപ്പെട്ട മനുഷ്യന്റെ യാതനയുടെ മാര്‍ക്‌സിന്റെ വീക്ഷണങ്ങളോട് ചേര്‍ന്നുള്ളതാണ്. മിഷേല്‍ ഫൂക്കോ, മാര്‍ക്‌സിന്റെ അധികാരത്തിനെപ്പറ്റിയുള്ള ഗ്രാന്റ് തിയറിയെ വിമര്‍ശിക്കുന്നുണ്ടെങ്കിലും, മൈക്രോ ഫിസിക്‌സ് ഓഫ് പവറിനെ കുറിയ്ക്കുമ്പോള്‍ മാര്‍ക്‌സിന്റെ അതേ വിമര്‍ശന ഊര്‍ജ്ജമാണ് ഉപയോഗിക്കുന്നത്.

അപകടങ്ങളും സര്‍ഗാത്മകമായ പരീക്ഷണങ്ങളും

എന്തായായും മറക്കാന്‍ പാടില്ലാത്ത അപകടങ്ങളും ഉണ്ട് - സാമ്പത്തിക പരിധിവല്കരണവും അധികാരവല്കരണത്തിന്റെ ബലപ്രയോഗവും. ഭാഗ്യവശാല്‍, സര്‍ഗാത്മകരായ, വഴക്കപ്രകാരമല്ലാത്ത മാര്‍ക്‌സിസ്റ്റുകള്‍ കാലത്തിനനുസരിച്ചുള്ള വിമോചനപരമായ മാറ്റങ്ങള്‍ പുനര്‍നിര്‍മ്മിച്ചു. വിശകലനം ചെയ്യപ്പെടുന്ന, നിര്‍ണായകമായ, പ്രതീക്ഷാപരമായ പ്രമാണം കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചു. അന്‌റോണിയോ ഗ്രാംഷിയ്ക്കു നന്ദി. നിക്കോളായ് ബുഖാറിനും ജോര്‍ജി പ്ലെഖനോവും കൊണ്ടുവന്ന അസംസ്‌കൃതമായ പരിണാമവാദവും പ്രതിഭാസസിദ്ധാന്തവും അദ്ദേഹം സംശയിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. ബെനെഡെറ്റോ ക്രോചേയെപ്പോലെയുള്ള ആദര്‍ശവാദികളുടെ സ്വാധീനവും സംസ്‌കാരത്തിലും മാനുഷിക സാധ്യതകളിലുമുള്ള അവബോധവും അദ്ദേഹത്തിനെ പ്രയുക്തിയുടെ തത്വചിന്ത രൂപപ്പെടുത്താന്‍ സഹായിച്ചു. ചരിത്രത്തിനെ മുന്നോട്ട് നയിക്കുന്ന യാന്ത്രികമോ ക്ലിപ്തമായതോ ആയ ഒരു നിയമവും ഇല്ല. സര്‍ഗാത്മകപ്രവര്‍ത്തിയുടെ ഒഴുക്ക് രാഷ്ട്രീയമാകുമ്പോള്‍ ഗ്രാംഷി പറയുന്നത് പോലെ ഒരാള്‍ക്ക് പ്രവര്‍ത്തിക്കുന്നത് മുന്‍കൂട്ടി കാണാനാകും. ഗ്രാംഷിയിലൂടെ നമ്മള്‍ മനസ്സിലാക്കിയത് ലോകപ്രിയമായ ഘടകം കണ്ടെത്താനും ചിന്താപരമായ ഘടകത്തിനെക്കുറിച്ച് ആലോചിക്കാനും സംസ്‌കാരത്തില്‍ ആധിപത്യത്തിനെതിരായ സമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനുമായിരുന്നു. ഗ്രാംഷിയിലൂടെ മാര്‍ക്‌സിസം അതിന്റെ പ്രധാനപ്പെട്ട മനുഷ്യത്വവാദം തിരിച്ചു പിടിച്ചു.

അതുപോലെ, ശാസ്ത്രത്തിന്റെ ഭാരം. [മാര്‍ക്‌സ് യൂറോപ്യന്‍ നവോത്ഥാനത്തിന്റെ സന്തതിയാണെന്ന് മറക്കരുത്] - ശാസ്ത്രീയമായ ക്ലിപ്തതയുടെ പ്രമാണമാണത്, അത് ന്യൂട്ടോണിയന്‍ തിയറിയോ ഡാര്‍വിന്റെ പരിണാമസിദ്ധാന്തമോ തടസ്സമാണെന്ന് തെളിയിച്ചാല്‍ പോലും. ഇരുപതാം നൂറ്റാണ്ടിലെ മാറുന്ന സാമൂഹികയാഥാര്‍ഥ്യം - ശാസ്ത്രത്തിന്റെ ആദര്‍ശവത്കരണം സാങ്കേതിക കലാപത്തിലേയ്ക്കും പ്രേരകമായ യുക്തിവിചാരവും കൊണ്ടുവന്നതും ഫാസിസത്തിന്റെ ഉത്ഭവവും, അഡോള്‍ഫ് ഹിറ്റലര്‍, ബെനിറ്റോ മുസ്സോളിനി, ജോസഫ് സ്റ്റാലിന്‍ എന്നിവരെപ്പോലെയുള്ള പരമാധികാര വ്യക്തിത്വങ്ങളുടെ വരവും എല്ലാം - ആവശ്യപ്പെട്ടത് ക്ലാസ്സിക്കല്‍ മാര്‍ക്‌സിസത്തിന് കൊണ്ടുവരാന്‍ കഴിയാത്ത ഒരു പുതിയ രീതിയിലുള്ള ചിന്താരീതി ആയിരുന്നു. മഹത്തായ ഒരു കാര്യം സംഭവിക്കുകയും ചെയ്തു. ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂള്‍ ജനിക്കുകയും തിയോഡോര്‍ അഡോര്‍ണോയുടെ സാംസ്‌കാരിക വ്യവസായത്തെക്കുറിച്ചുള്ള ഉഗ്രന്‍ പഠനവും മാര്‍ക്യൂസിന്റെ സാമൂഹിക നിയന്ത്രണത്തിനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകളും എറിക് ഫ്രോമും ഫ്രോയ്ഡും തമ്മിലുള്ള വ്യവഹാരങ്ങളും മാര്‍ക്‌സ് പറഞ്ഞ ജീവിച്ചിരിക്കുന്നതിലെ 'ഉള്ളത്' എന്നതിനേക്കാള്‍ 'നിലനിൽക്കുന്നത്' എന്നതിലേയ്ക്കുള്ള നയിക്കലും എല്ലാം.

മാര്‍ക്‌സ് ഒരു വഴിത്തിരിവായിരുന്നു - ആധുനിക ലോകത്തിലെ ഏറ്റവും മഹത്തായ മതേതരമായ മതത്തിന്റെ സ്ഥാപകന്‍. എന്നാലും, രബീന്ദ്രനാഥ് ടാഗോറും മഹാത്മാ ഗാന്ധിയും തിരിച്ചറിഞ്ഞ ഒരു കാര്യം അദ്ദേഹം ശ്രദ്ധിക്കാതെ വിട്ടു. 'കവിയുടെ മതം' എന്ന് ടാഗോര്‍ പ്രകടിപ്പിച്ച ഒരു കാര്യം. കൃതജ്ഞതയും പ്രാര്‍ഥനയും ചേര്‍ന്ന സൗന്ദര്യാത്മകമായ ധാര്‍മ്മികത്വം, പ്രപഞ്ചത്തെ ഒന്നിച്ചു നിര്‍ത്താനുള്ള ധാര്‍മ്മികത്വം. വര്‍ഗ അപഗ്രഥനത്തിന്റെ അളവുകോലുകള്‍ക്കപ്പുറം ഉള്ള ഒന്ന്. ഗാന്ധി പറഞ്ഞ അകംലോകത്തേയ്ക്കുള്ള യാത്രയും അദ്ദേഹം കാണാതെ വിട്ടു. യുക്തിയുടെ പടിഞ്ഞാറന്‍ വ്യവഹാരങ്ങളില്‍ മാര്‍ക്‌സ് ആത്മാവിന്റെ സംഗീതം നഷ്ടപ്പെടുത്തി.

എങ്കിലും ഇങ്ങനെയൊക്കെയാണല്ലോ ജീവിതം. നമ്മള്‍ പഠിച്ചു കൊണ്ടിരിക്കുന്നു, നമ്മുടെ ചക്രവാളങ്ങള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. നമ്മള്‍ ശരിക്കും പരീക്ഷണാലുവാകുകയും മനുഷ്യസ്‌നേഹിയായ മാര്‍ക്‌സ്, കവിയായ ടാഗോര്‍, ദാര്‍ശനികനായ ഗാന്ധി എന്നിവരോടൊപ്പം സഞ്ചരിക്കാന്‍ തയ്യാറാകുകയാണെങ്കില്‍, ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും - ദേശീയതയിലൂന്നിയ ഭീകരവാദം, സാമൂഹിക അസമത്വം കൊണ്ടുവരുന്ന ആശയവാദം, വികസനം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയുടെ പേരിലുള്ള കടുത്ത കൈയേറ്റങ്ങള്‍, രാഷ്ട്രീയത്തിനെ വില്‍ക്കുന്ന മലിനമായ പൊതുമണ്ഡലം എന്നിവയില്‍ നിന്നും രക്ഷപെടാനുള്ള വാതില്‍ തുറന്ന് കിട്ടാന്‍ സാധ്യതയുണ്ട്.

Read More >>