മെല്‍ബണില്‍ മലയാളി വൈദികന് കുത്തേറ്റു; ആക്രമണം കുര്‍ബാനയ്ക്കിടെ

ഇന്ത്യക്കാരനാണെങ്കില്‍ നിങ്ങള്‍ മുസ്ലീമോ ക്രിസ്ത്യനോ ആയിരിക്കുമെന്നും അതിനാല്‍ കുര്‍ബാന നടത്താനുള്ള അധികാരം നിങ്ങള്‍ക്കില്ലെന്നും വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കറിക്കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു.

മെല്‍ബണില്‍ മലയാളി വൈദികന് കുത്തേറ്റു; ആക്രമണം കുര്‍ബാനയ്ക്കിടെ

മെല്‍ബണിലെ പള്ളിയില്‍വച്ച് മലയാളി വൈദികന് കുത്തേറ്റു. റവ. ഫാ. ടോമി കളത്തൂര്‍ മാത്യുവിനാണ് കുത്തേറ്റത്. ഇന്നുരാവിലെ സെന്റ് മാത്യൂസ് പള്ളിയില്‍ കുര്‍ബാന നടന്നുകൊണ്ടിരിക്കെയാണ് സംഭവം. പുരോഹിതന്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരാള്‍ അദ്ദേഹത്തിനു നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുകയായിരുന്നു.

ഇന്ത്യക്കാരനാണെങ്കില്‍ നിങ്ങള്‍ മുസ്ലീമോ ക്രിസ്ത്യനോ ആയിരിക്കുമെന്നും അതിനാല്‍ കുര്‍ബാന നടത്താനുള്ള അധികാരം നിങ്ങള്‍ക്കില്ലെന്നും വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കറിക്കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു. പരുക്കേറ്റ ഫാ. ടോമി കളത്തൂരിനെ നോര്‍ത്തേണ്‍ ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് സാരമുള്ളതല്ല. ഇറ്റാലിയന്‍ വംശജനായ മധ്യവയസ്‌കനാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇയാളെ പിടികൂടാനായിട്ടില്ല.

പള്ളിയിലുണ്ടായിരുന്നവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. അതേസമയം അക്രമത്തിന് പിന്നില്‍ ഭീകരവാദ സംഘടനകള്‍ പോലുള്ളവര്‍ക്ക് പങ്കില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. അക്രമത്തിനു പിന്നിലെ കാരണം സംബന്ധിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.