ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ പ്രഖ്യാപനം: പ്രതിഷേധവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

മുസ്ലിംകള്‍ക്കും ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ പാവനമായ ഭൂമിയാണ് ജറൂസലമെന്നും അത് തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ പ്രഖ്യാപനം: പ്രതിഷേധവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീരകരിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. ജറുസലേമിനെ അംഗീകരിക്കുന്നതിന്റെ ഭാഗമായി യുഎസ് നയതന്ത്ര കാര്യാലയം ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റുന്നതിന് ട്രംപ് ഭരണകൂടം തീരുമാനിച്ചതിനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.

ഇതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ മാര്‍പാപ്പ രംഗത്ത് വന്നത്. ജറൂസലമില്‍ തല്‍സ്ഥിതി തുടരണമെന്നും മസ്ജിദുല്‍ അഖ്സയുടെ പാവനത്വം നിലനിലര്‍ത്തണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. മുസ്ലിംകള്‍ക്കും ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ പാവനമായ ഭൂമിയാണ് ജറൂസലമെന്നും അത് തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ട്രംപിന്റെ നീക്കം പ്രകോപനപരമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കുറ്റപ്പെടുത്തിയിരുന്നു. വന്‍ ദുരന്തമാണിതെന്ന് ജോര്‍ദന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ പ്രതികരിച്ചു. ഈജിപ്ത് പ്രസിഡന്റ് ഫതഹ് അല്‍സീസിയും ട്രംപിനെതിരെ രംഗത്തുവന്നു. ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നത് ട്രംപിന്റെ അജ്ഞതയും പരാജയവുമാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ വിമര്‍ശിച്ചു. ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പു നല്‍കി. യു.എസിന്റെത് തീക്കളിയാണെന്നും വന്‍ ദുരന്തമാകും സംഭവിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1967ലെ യുദ്ധത്തില്‍ കിഴക്കന്‍ ജറുസലേം പിടിച്ചെടുത്ത ശേഷം തങ്ങളുടെ ആസ്ഥാനമാണ് ഇതെന്നാണ് ഇസ്രയേല്‍ അവകാശമുന്നയിക്കുന്നത്.

Read More >>