മതനിന്ദയാരോപിച്ച് പാക്കിസ്താനില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ തല്ലിക്കൊന്നു

അക്രമിസംഘം വിദ്യാര്‍ത്ഥിയെ നഗ്നനാക്കി വടികൊണ്ട് തല്ലിക്കൊല്ലുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ തല പൊട്ടി തലച്ചോര്‍ വെളിയില്‍ വരുന്നതുവരെ മര്‍ദ്ദനം നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

മതനിന്ദയാരോപിച്ച് പാക്കിസ്താനില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ തല്ലിക്കൊന്നു

മതനിന്ദ നടത്തിയെന്നാരോപിച്ച് പാക്കിസ്താനില്‍ സഹപാഠികള്‍ വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നു. പെഷവാര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥിയെയാണ് പത്തോളം വരുന്ന സംഘം അള്ളാഹു അക്ബീര്‍ വിളികളോടെ തല്ലിക്കൊന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാഷാല്‍ ഖാന്‍ എന്ന വിദ്യാര്‍ത്ഥിയാണ് ക്രൂരമായി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. മാഷാലിനെ അക്രമിസംഘം നഗ്നനാക്കി വടികൊണ്ട് തല്ലിക്കൊല്ലുകയായിരുന്നു.

വിദ്യാര്‍ത്ഥിയുടെ തല പൊട്ടി തലച്ചോര്‍ വെളിയില്‍ വരുന്നതുവരെ മര്‍ദ്ദനം നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. സംഭവത്തിന്റെ വീഡിയോ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ചിത്രീകരിക്കുകയും ചെയ്തു. സംഭവത്തിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തതായി മാര്‍ഡാന്‍ പോലീസ് തലവന്‍ മുഹമ്മദ് അലാം ഷിന്‍വാരി പറഞ്ഞു. ക്രൂരമായി കൊലപ്പെടുത്തിയ മാഷാലിന്റെ മൃതദേഹം കത്തിക്കാനുള്ള ശ്രമവും ഇവര്‍ നടത്തിയതായി പോലീസ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റുകളാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. 1990 മുതല്‍ പാക്കിസ്താനില്‍ മതനിന്ദയുമായി ബന്ധപ്പെട്ട് 65 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ആന്റ് സെക്യൂരിറ്റി സ്റ്റഡീസിന്റെ പഠനം പറയുന്നു. ജേണലിസം വിദ്യാര്‍ത്ഥിയായിരുന്നു മാഷാല്‍ ഖാന്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നതായും യാഥാസ്ഥിതക നിലപാടുകളെ വിമര്‍ശിച്ചിരുന്നതായും പറയുന്നു.