പാക്ക് ഭീകര സംഘടനകള്‍ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി അമേരിക്ക

ഭീകര സംഘടനകളെ അടിച്ചമര്‍ത്തുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെടുന്നതും പത്താന്‍കോട്ട്-ഉറി ഭീകരാക്രമണങ്ങളെക്കുറിച്ച് പാക്കിസ്ഥാന്‍ നടത്തുന്ന അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതും ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്-യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയല്‍ കോട്ട്‌സ് പറഞ്ഞു

പാക്ക് ഭീകര സംഘടനകള്‍ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി അമേരിക്ക

പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയെക്കൂടാതെ അഫ്‍ഗാനിസ്ഥാനെ ആക്രമിക്കാനും സംഘത്തിന് ലക്ഷ്യമുള്ളതായി യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയല്‍ കോട്ട്‌സ് പറഞ്ഞു.

'പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ നിയന്ത്രിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു. ഇതിന്റെ ഫലമായി ശക്തി പ്രാപിച്ച ഭീകരസംഘടകള്‍ ഇന്ത്യയേയും അഫ്‍ഗാനിസ്ഥാനേയും ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്'- സെനറ്റ് സെലക്റ്റ് കമ്മിറ്റിക്ക് മുമ്പില്‍ ഡാനിയല്‍ കോട്ട്‌സ് അവതരിപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു.

പ്രദേശത്തെ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് തീവ്രവാദിസംഘടനകള്‍ ഭീഷണിയാണെന്നും കോട്ട്‌സ് പറഞ്ഞു. 2016ല്‍ നടന്ന പത്താന്‍കോട്ട്-ഉറി ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ഇന്ത്യാ-പാക്കിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളായതായും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. ''ഭീകരസംഘടനകളെ അടിച്ചമര്‍ത്തുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെടുന്നതും പത്താന്‍കോട്ട്-ഉറി ഭീകരാക്രമണങ്ങളെക്കുറിച്ച് പാക്കിസ്ഥാന്‍ നടത്തുന്ന അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതും ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്'' അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി ഇന്ത്യ മികച്ച ബന്ധം തുടരുന്നതിനാല്‍ പാക്കിസ്ഥാന്‍ ചൈനയോട് കൂടുതല്‍ അടുക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ട് പറയുന്നു.