അമേരിക്കയുടെ അഫ്ഗാനിലെ ബോംബാക്രമണം: ഐഎസ് ഭീകരരുടെ മരണ സംഖ്യ 90 ആയി

ജനവാസ കേന്ദ്രങ്ങളിലാണ് ഐഎസ് തങ്ങളുടെ ഒളിത്താവളം നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അമേരിക്കയുടെ അഫ്ഗാനിലെ ബോംബാക്രമണം: ഐഎസ് ഭീകരരുടെ മരണ സംഖ്യ 90 ആയി

അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 90 ആയതായി അഫ്ഗാന്‍ ഗവണ്‍മെന്റ് അറിയിച്ചു. ഏറ്റവും വലിയ ആണവേതര ബോംബായ ജിബിയു 43/ബി എംഒഎബി ഉപയോഗിച്ചാണ് അമേരിക്കന്‍ സൈന്യം കഴിഞ്ഞ ദിവസം ഐഎസ് ഭീകരരുടെ കേന്ദ്രത്തില്‍ ആക്രമണം നടത്തിയത്. ''കുറഞ്ഞത് 92 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു '' അക്കിന്‍ ജില്ലാ ഗവര്‍ണര്‍ ഇസ്മായില്‍ ഷിന്‍വാരി പറഞ്ഞു.

സംഭവത്തില്‍ സൈനികരോ സാധാരണക്കാരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 36 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് അഫ്ഗാന്‍ ഗവണ്‍മെന്റ് നേരത്തെ അറിയിച്ചത്. നാന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ ഐഎസ് സ്ഥാപിച്ച ടണലുകളും ഗുഹയും മറ്റുമാണ് ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ സേന ലക്ഷ്യം വെച്ചത്. ജനവാസ കേന്ദ്രങ്ങളിലാണ് ഐഎസ് തങ്ങളുടെ ഒളിത്താവളം നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഐഎസിന്റെ വരവോടെ പ്രദേശവാസികള്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയുടെ നടപടിയ്ക്ക് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More >>