അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം; പരാജയമെന്ന് അമേരിക്കയും ദക്ഷിണ കൊറിയയും

ഉത്തര കൊറിയയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയൂളില്‍ എത്താനിരിക്കെയാണ് മിസൈല്‍ പരീക്ഷണം. മിസൈല്‍ പരീക്ഷണം നടന്നെന്നും എന്നാല്‍ പരാജയമായിരുന്നെന്നും ദക്ഷിണ കൊറിയയും അമേരിക്കയും വ്യക്തമാക്കി.

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം; പരാജയമെന്ന് അമേരിക്കയും ദക്ഷിണ കൊറിയയും

അമേരിക്കന്‍ ഭീഷണിയ്ക്ക് വഴങ്ങില്ലെന്നുറപ്പിച്ച ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഇന്നു പുലര്‍ച്ചെ ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തെ സിന്‍പോയില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി വമ്പന്‍ സൈനിക പ്രകടനം നടത്തിയതിനു പിന്നാലെയാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം.

ഏതു തരം മിസൈലാണ് പരീക്ഷിച്ചതെന്ന് വ്യക്തമാല്ല. പരീക്ഷണം നടന്നതായി ദക്ഷിണകൊറിയന്‍ സൈന്യവും അമേരിക്കന്‍ സേനയും സ്ഥിരീകരിച്ചിട്ടുണ്ട്. മിസൈല്‍ പരീക്ഷണം പരാജയമായിരുന്നെന്നും ഭൂഖണ്ഡാന്തര മിസൈലല്ലെന്നുമാണ് അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും വാദം. വിക്ഷേപണം നടന്ന് സെക്കന്‍ഡുകള്‍ക്കകം മിസൈല്‍ പൊട്ടിത്തെറിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തരകൊറിയയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയൂളില്‍ എത്താനിരിക്കെയാണ് മിസൈല്‍ പരീക്ഷണം. ഇത് അമേരിക്കയ്ക്ക് മുന്നറിയിപ്പാണെന്ന വ്യാഖ്യാനത്തിനാണ് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉത്തരകൊറിയ നടത്തിയ സൈനിക പ്രകടനത്തില്‍ നിരവധി വമ്പന്‍ മിസൈലുകളും പ്രദര്‍ശിപ്പിച്ചിരുന്നു. അമേരിക്കയില്‍ പോലും നേരിട്ട് ആക്രമിക്കന്‍ ശേഷിയുള്ള മിസൈലുകള്‍ ഉത്തര കൊറിയ വികസിപ്പിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്.

കൊറിയ ആണവ പരീക്ഷണം പൂര്‍ണമായും നിര്‍ത്തിവെക്കണമെന്ന ആവശ്യമാണ് മിസൈല്‍ പരീക്ഷണത്തിലൂടെ ഉത്തരകൊറിയ തള്ളിയിരിക്കുന്നത്. ഇതിനകം തന്നെ ഉത്തര കൊറിയ അഞ്ച് ആണവ പരീക്ഷണങ്ങളും നിരവദി മിസൈല്‍ പരീക്ഷണങ്ങളും നടത്തിക്കഴിഞ്ഞു. കൊറിയന്‍ തീരത്ത് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നങ്കൂരമിട്ടിട്ടുണ്ട്. കൊറിയക്ക് മേലുള്ള സമ്മര്‍ദ്ദം ശക്തമാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.