സൗദിയിൽ സമ​ഗ്ര നിതാഖാത്ത് തുടങ്ങി; മലയാളികൾ അടക്കം ലക്ഷക്കണക്കിന് വിദേശികൾ ആശങ്കയിൽ

ഇനി നിയമം ലംഘിച്ച് ജോലിയിൽ തുടർന്നാൽ 20,000 റിയാൽ (ഏകദേശം 3,90,000 രൂപ) വരെ പിഴയും മറ്റു നടപടികളും നേരിടേണ്ടിവരുമെന്നാണ് തൊഴിൽമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സൗദിയിൽ സമ​ഗ്ര നിതാഖാത്ത് തുടങ്ങി; മലയാളികൾ അടക്കം ലക്ഷക്കണക്കിന് വിദേശികൾ ആശങ്കയിൽ

സൗദി വ്യാപാര മേഖലയിൽ മലയാളികൾ അടക്കമുള്ള ലക്ഷക്കണക്കിന് വിദേശികളെ ആശങ്കയിലാഴ്ത്തി സമ​ഗ്ര നിതാഖാത്തിന്റെ സുപ്രധാന ഘട്ടത്തിന് തുടക്കമായി. ഓട്ടോ മൊബൈൽ, ഓഫീസ് ഫർണിച്ചർ, വസ്ത്രം, ഗാർഹിക ഉപകരണങ്ങൾ എന്നീ മേഖലകളിലാണ് സമഗ്ര നിതാഖാത് നടപ്പാക്കുന്നത്. ഇതോടെ ഏകദേശം 70 ശതമാനം വിദേശികൾക്കാണ് ജോലി നഷ്ടപ്പെടാൻ പോവുന്നതെന്നാണ് വിലയിരുത്തൽ.

ഇനി നിയമം ലംഘിച്ച് ജോലിയിൽ തുടർന്നാൽ 20,000 റിയാൽ (ഏകദേശം 3,90,000 രൂപ) വരെ പിഴയും മറ്റു നടപടികളും നേരിടേണ്ടിവരുമെന്നാണ് തൊഴിൽമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഇതോടെ ആയിരക്കണക്കിന് മലയാളികൾ തൊഴിൽ നഷ്ടമായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നാണ് സൂചന.

സൗദിയിലെ വ്യാപാരമേഖലയിൽ 65 ശതമാനവും വിദേശികളാണ്. ഏകദേശം 12.30 ലക്ഷം വിദേശികളാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. ചില്ലറ വ്യാപാര മേഖലയിൽ 3.40 ലക്ഷം സ്ഥാപനങ്ങളും മൊത്തവ്യാപാര മേഖലയിൽ 35000ലേറെ സ്ഥാപനങ്ങളും സൗദിയിലുണ്ട്. വാഹനമേഖലയിലെ 95,000 സ്ഥാപനങ്ങളിലായി വിപണി, റിപ്പയറിങ് മേഖലകളിൽ നാലു ലക്ഷത്തിലേറെപ്പേരും ജോലി ചെയ്യുന്നു. 70 ശതമാനത്തോളം പേരുടെ ജോലി നഷ്ടമാകുന്നതോടെ ലക്ഷക്കണക്കിന് വിദേശികളാകും മടങ്ങേണ്ടി വരുന്നത്.

സൗദിയിൽ 10 ലക്ഷത്തിലേറെ മലയാളികളിൽ 70 ശതമാനം ചെറുകിട സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത്. സ്വദേശിവൽകരണത്തിലും ലെവി പരിഷ്കാരത്തിലും പിടിച്ചുനിൽക്കാൻ കഴിയാതെ ഒട്ടേറെ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൂട്ടിയിരുന്നു. മെഡിക്കൽ, എഞ്ചിനീയറിങ്, ഓഡിറ്റിങ് തുടങ്ങിയ മേഖലകളിലെ തസ്തികകളിലേക്ക് മാറാമെന്ന സാധ്യതയാണ് തൊഴിൽ നഷ്ടപ്പെടുന്ന വിദേശികളുടെ ഏക ആശ്വാസം.

ഈ രംഗങ്ങളിൽ യോഗ്യതയും പരിചയവുമുള്ളവർക്ക് ജോലി മാറ്റത്തിലൂടെ താൽകാലികമായി പിടിച്ചുനിൽക്കാം. പ്രൊഫഷൻ മാറ്റം ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികൾ സ്പോൺസറോ കമ്പനിയോ മുഖേന അപേക്ഷിക്കണം. ആഭ്യന്തര മന്ത്രാലയമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതെന്നതും വിദേശികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Read More >>