ഇന്ത്യന്‍ വംശജനായ ഡോ:വിവേക് മൂര്‍ത്തിയോട് സർജൻ ജനറല്‍ സ്ഥാനമൊഴിയാന്‍ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടു

2014ല്‍ അമേരിക്കന്‍ പ്രസിഡന്റായ ബറാക്ക് ഒബാമയാണ് മൂര്‍ത്തിയെ സര്‍ജന്‍ ജനറലായി നിയമിച്ചിരുന്നത്.

ഇന്ത്യന്‍ വംശജനായ ഡോ:വിവേക് മൂര്‍ത്തിയോട് സർജൻ ജനറല്‍ സ്ഥാനമൊഴിയാന്‍ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടു

അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപിന്റെ ഭരണപരിഷ്ക്കാരങ്ങളുടെ ഭാഗമായി ഇന്ത്യന്‍ വംശജനായ ഡോ: വിവേക് മൂര്‍ത്തിയോട് സർജൻ ജനറല്‍ സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടു. 2014ല്‍ അമേരിക്കന്‍ പ്രസിഡന്റായ ബറാക്ക് ഒബാമയാണ് മൂര്‍ത്തിയെ സര്‍ജന്‍ ജനറലായി നിയമിച്ചിരുന്നത്.അന്ന് 37കാരനായ മൂര്‍ത്തി ഈ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും പ്രഥമ ഇന്ത്യന്‍ വംശജനുമായിരുന്നു.

സില്‍വിയ ട്രെന്റ് ആദംസ് എന്ന സീനിയര്‍ നേഴ്സിനാണ് മൂര്‍ത്തിയെ ഒഴിവാക്കിയ പദവിയുടെ താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെ ദരിദ്രനായ ഒരു കര്‍ഷകന്റെ ചെറുമകന് ഇത്ര ഉന്നതമായ ഒരു പദവി ലഭിച്ചത് തന്നെ ഒരു അമേരിക്കന്‍ കഥ പോലെ അനുഭവപ്പെടുന്നു എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ മൂര്‍ത്തി കുറിച്ചത്. ഒരു രാജ്യത്തിന്റെ മുഴുവന്‍ ആരോഗ്യക്കാര്യങ്ങളുടെ ചുമതല പ്രസിഡന്റ്‌ എനിക്ക് നല്‍കിയത് മനോഹരമായ ഒരു അമേരിക്കന്‍ കഥ പോലെ തോന്നുന്നു.40 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടേക്ക് കുടിയേറി പാര്‍ത്ത ഒരു കുടുംബത്തെ ഇത്രയധികം സ്വാഗതം ചെയ്യുകയും, ഈ രാജ്യത്തെ സേവിക്കുവാന്‍ എനിക്ക് അവസരം നല്‍കുകയും ചെയ്തവരോട് എന്നും നന്ദിയുണ്ടാകും. മൂര്‍ത്തി പറയുന്നു.

കർണ്ണാടകയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഡോ. വിവേക് മൂർത്തിയുടെ കുടുംബം. ഇംഗ്ലണ്ടിലെ ഹഡേഴ്സ്ഫീൽഡ് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്, മൂന്ന് വയസ്സായപ്പോൽ മൂർത്തിയുടെ കുടുംബം മയാമിയിലേക്ക് താമസം മാറിയിരുന്നു.

കുടിയേറ്റക്കരോടുള്ള പ്രസിഡന്റിന്റെ അതൃപ്തിയാണോ മൂര്‍ത്തിയുടെ സ്ഥാനചലനത്തിനു കാരണമെന്ന് വ്യക്തമല്ല. ട്രംപ് ഭരണത്തില്‍ ഉന്നതമായ പദവി നഷ്ടപ്പെടുന്ന രണ്ടാമത്തെയാളാണ് മൂര്‍ത്തി. യു.എസ് അറ്റോര്‍ണിയായിരുന്ന പ്രീത് ഭരാരയോടും തല്‍സ്ഥാനമൊഴിയാന്‍ മാര്‍ച്ചില്‍ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.

യു.എന്‍ അംബാസ്സഡര്‍ നിക്കി ഹാലി, കാബിനറ്റ്‌ റാങ്കിലുള്ള സീമാ വര്‍മ്മ, ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മിഷന്‍ തലവന്‍ അജിത്‌ പൈ എന്നിവരെ പോലെ പല ഇന്ത്യന്‍ വംശജരും അമേരിക്കയില്‍ ഉന്നതപദവികളില്‍ തുടരുന്നുമുണ്ട്.

Read More >>