അമേരിക്കയ്ക്ക് പോകാനൊരുങ്ങു! എച്ച് വണ്‍ ബി വിസയ്ക്ക് തടസ്സങ്ങളില്ലെന്ന് ഐറ്റി കമ്പനികള്‍

ഡൊണാൾഡ് ട്രംപിന്റെ എച്ച്-1ബി വിസ പരിഷ്കാരങ്ങൾ ആശങ്കയിലാക്കുന്നത് ഇന്ത്യയിലെ ഐറ്റി തൊഴിലാളികളെയാണ്. എന്നാൽ കരുതുന്നത്ര ആഘാതമൊന്നും ഉണ്ടാവില്ലെന്ന് ഐറ്റി കമ്പനികളുടെ അമരക്കാർ നാരദയോട് പറഞ്ഞു.

അമേരിക്കയ്ക്ക് പോകാനൊരുങ്ങു! എച്ച് വണ്‍ ബി വിസയ്ക്ക് തടസ്സങ്ങളില്ലെന്ന് ഐറ്റി കമ്പനികള്‍

അമേരിക്കയുടെ പുതിയ വിസ പരിഷ്ക്കരണങ്ങള്‍ ഇന്ത്യയിലെ ഐടി മേഖലയെ ബാധിക്കില്ല എന്നു വിദഗ്ദര്‍. അതേ സമയം പരിഷ്ക്കാരങ്ങള്‍ അമേരിക്കയ്ക്ക് പോകുന്നവരുടെ എണ്ണം കുറയ്ക്കും. ഇന്ത്യയിലെ ഐറ്റി ഭീമന്മാരിൽ ഒരാളായ നാസ്കോമിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മേധാവി കവിത ദോഷി നാരദയെ അറിയിക്കുന്നതും പുതിയ എച്ച്-1ബി വിസ നയം കാര്യമായ ആഘാതങ്ങളൊന്നും ഉണ്ടാക്കില്ലെന്നാണ്. എച്ച് 1ബി വിസയ്ക്ക് തിരിച്ചടികളൊന്നും ഉണ്ടാകില്ല.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ എച്ച് 1 ബി വിസ ലഭിക്കുന്നത് ഇന്ത്യാക്കാര്‍ക്കാണ്. 2016 ല്‍ മൊത്തം വിസകള്‍ നല്‍കിയതില്‍ 70 ശതമാനവും നേടിയത് ഇന്ത്യാക്കാരാണെന്ന് വാഷിംഗ്ടണിലെ അന്താരാഷ്ട്ര വിസ കൈകാര്യം ചെയ്യുന്ന ഓഫീസ് അറിയിക്കുന്നു. ഗ്രീന്‍ കാര്‍ഡിനായുള്ള അപേക്ഷകളില്‍ ചൈനയും ഇന്ത്യയുമാണ് മുന്നില്‍.

അമേരിക്കക്കാരല്ലാത്തവര്‍ക്ക് ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കായി അമേരിക്കയിലേയ്ക്ക് പോകാനുള്ള താല്‍ക്കാലിക വിസ ആണ് എച്ച് 1 ബി വിസ. കമ്പനികള്‍ക്ക് തങ്ങളുടെ വിദഗ്ദ്ധതൊഴിലാളികളെ അമേരിക്കയില്‍ കൊണ്ടു പോയി ജോലി ചെയ്യിക്കാന്‍ ഈ വിസ അനുവദിക്കുന്നു.

സാധാരണയായി മൂന്ന് വര്‍ഷമാണ് ഒരാള്‍ക്ക് എച്ച് 1 ബി വിസ ഉപയോഗിച്ച് അമേരിക്കയില്‍ താമസിക്കാനാകുക. പരമാവധി സമയം സാഹചര്യം അനുസരിച്ച് നിശ്ചയിക്കപ്പെടും.

ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വിസ പരിഷ്‌കാരങ്ങള്‍ ഇന്ത്യയില്‍ നിന്നുമുള്ള ആളൊഴുക്കിനെ താല്‍ക്കാലികമായെങ്കിലും ബാധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ നിയമം അനുസരിച്ച് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ വിദഗ്ദ്ധതൊഴിലാളികളില്‍ പെടില്ല.

ഇന്ത്യയിലെ ഐറ്റി കമ്പനികളെ ഈ പുതിയ നിയമങ്ങള്‍ ബാധിക്കുന്നത് എങ്ങിനെ ആയിരിക്കും?

ഓഫ്‌ഷോറന്റ് സൊല്യൂഷൻസ് എന്ന ഐറ്റി സ്ഥാപനത്തിന്റെ കൊച്ചി ഓഫീസ് എം ഡി കെ സി ജഗദീപ് നാരദയോട് പറയുന്നത് എച്ച് 1 ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ വേതനത്തില്‍ വര്‍ദ്ധനവുണ്ടാക്കുന്നതായാണ് പുതിയ വിസ പരിഷ്‌കാരം എന്നാണ്. ഔട്ട് സോഴ്‌സിംഗ് മേഖലയിലും ഉണര്‍വുണ്ടാക്കാന്‍ സഹായകമാകും എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അമേരിക്കയില്‍ നിന്നും കാനഡ, ആസ്‌ത്രേല്യ എന്നിവിടങ്ങളിലേയ്ക്ക് തൊഴിലിടം മാറ്റാന്‍ തൊഴിലുടമകളെ പ്രേരിപ്പിക്കാനും സാധ്യതയുണ്ടെന്ന് ജഗദീപ് പറയുന്നു.

കൊച്ചി ഇൻഫോപാർക്കിലെ കബോട്ട് ടെക്നോളജിയുടെ സി ഇ ഓ വെങ്കടേഷ് ത്യാഗരാജനും പറയാനുള്ളത് സമാനമായ അഭിപ്രായമാണ്. ഇന്ത്യൻ ഐറ്റി കമ്പനികളിൽ നിന്നും അമേരിക്കയിലേയ്ക്ക് പോകുന്നത് വിദ്ഗ്ധതൊഴിലാളികളാണ്. വർഷങ്ങളുടെ ജോലിപരിചയം ഉള്ളവരും ഉന്നതസാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവരും ആയിരിക്കും എച്ച്-1ബി വിസയ്ക്ക് അപേക്ഷിക്കുക. അതുകൊണ്ട് പുതിയ നിയമം കാര്യമായ ആഘാതമൊന്നും ഉണ്ടാക്കില്ല.

പുതിയ വിസ നയം കാരണം ഓഫ്ഷോർ ജോലികൾ അധികരിക്കുമെന്നും വെങ്കടേഷ് പറയുന്നു. അടുത്ത പത്തു വർഷത്തിനുള്ളിൽ അമേരിക്കയിലേയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ഇൻഫോസിസ്, ടിസിഎസ് പോലെയുള്ള വൻ കിട കമ്പനികൾക്കാകും അല്പമെങ്കിലും പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ളത്. എച്ച്-1ബി വിസയ്ക്കുള്ള അപേക്ഷ തയ്യാറാക്കുക എന്നത് തന്നെ സമയമെടുക്കുന്ന ജോലിയാണ്. വലിയ അളവിൽ തൊഴിലാളികളെ അമേരിക്കയിലേയ്ക്ക് അയയ്ക്കുന്ന ഇത്തരം കമ്പനികൾ വളരെ നേരത്തേ തന്നെ അതിനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടാകും. വിസയ്ക്കുള്ള വിൻഡോ തുറക്കുന്നത് വരെ കാത്തിരിക്കുക എന്നതു മാത്രമാണ് അവർക്ക് ചെയ്യാനുണ്ടാകുക.

പക്ഷേ, പെട്ടെന്നുള്ള വിസ നിയമപരിഷ്കാരങ്ങൾ അവരുടെ അപേക്ഷകളെ പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും. അതു കാരണം ഉണ്ടാകുന്ന കാലതാമസവും സമയനഷ്ടവുമായിരിക്കും പ്രധാനമായും ഐറ്റി മേഖലയിൽ ഉണ്ടാകാവുന്ന ആഘാതം എന്ന് ആ രംഗത്തുള്ളവർ തന്നെ പറയുന്നു.

പുതിയ നിയമങ്ങൾ വിസയെ സംബന്ധിച്ചുള്ളത് മാത്രമായതിനാൽ ഔട്ട്സോഴ്സിംഗ് മേഖലയിലുള്ളവർക്ക് തൽക്കാലം ഭയക്കാനൊന്നുമില്ലെന്നും അവർ അറിയിക്കുന്നു.

Read More >>