അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ ബോംബാക്രമണം: ഉപയോഗിച്ച ബോംബിനെക്കുറിച്ചറിയേണ്ട 10 കാര്യങ്ങള്‍

ഈ ബോംബിനെ 'എല്ലാ ബോംബുകളുടേയും അമ്മ' എന്ന് വിശേഷിപ്പിക്കാനാവില്ല എന്ന് വിദഗ്ധര്‍ പറയുന്നു. ഏറ്റവും വലിയ ആണവേതര ബോംബാകാമിത്. എന്നാല്‍ അത്രക്ക് നാശകാരിയല്ല. ''ഹിരോഷിമയിലിട്ട ബോംബിന്റെ ഒരു ശതമാനത്തിന്റെ പത്തിലൊന്ന് പ്രഹരശേഷി മാത്രമേ ഈ ബോംബിനുള്ളു. ഇത് അണുകിരണങ്ങള്‍ കൊണ്ടുള്ള പ്രശ്‌നങ്ങളുമുണ്ടാക്കുന്നില്ല''

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ ബോംബാക്രമണം: ഉപയോഗിച്ച ബോംബിനെക്കുറിച്ചറിയേണ്ട 10 കാര്യങ്ങള്‍

അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ ഉപയോഗിച്ച ബോംബിന്റെ വീര്യത്തെക്കുറിച്ച് പ്രസക്തമായ ചില വിവരങ്ങള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

1) സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകന്‍ കോറി ഷേയ്ക്ക് പറയുന്നത് അഫ്ഗാനില്‍ ഉപയോഗിച്ച ബോംബ് ഹിരോഷിമയിലിട്ടതിനെക്കാള്‍ വളരെക്കുറഞ്ഞ പ്രഹരശേഷി മാത്രമുള്ളതാണെന്നാണ്. ഈ ബോംബിനെ 'എല്ലാ ബോംബുകളുടേയും അമ്മ' എന്ന് വിശേഷിപ്പിക്കാനാവില്ല എന്ന് അദ്ദേഹം പറയുന്നു. ഏറ്റവും വലിയ ആണവേതര ബോംബാകാമിത്. എന്നാല്‍ അത്രക്ക് നാശകാരിയല്ല. ''ഹിരോഷിമയിലിട്ട ബോംബിന്റെ ഒരു ശതമാനത്തിന്റെ പത്തിലൊന്ന് പ്രഹരശേഷി മാത്രമേ ഈ ബോംബിനുള്ളു. ഇത് അണുകിരണങ്ങള്‍ കൊണ്ടുള്ള പ്രശ്‌നങ്ങളുമുണ്ടാക്കുന്നില്ല'' ഫോക്‌സ്‌ന്യൂസില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു.


2) 'അമേരിക്കന്‍ സൈന്യത്തിന്റെ കൈവശമുള്ള 'ബി 61 എന്ന ഏറ്റവും ചെറിയ ബോംബിന് അഫ്ഗാനില്‍ നിക്ഷേപിച്ച എം ഒ എ ബി ബോംബിനേക്കാള്‍ 30 ഇരട്ടി പ്രഹരശേഷിയുണ്ട്'' എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.

3) ജിബിയു-43ബി എന്നാണ് ഈ ബോംബ് അറിയപ്പെടുന്നത്. ഇത് 11 ടണ്‍ സ്‌ഫോടകവസ്തുക്കള്‍ പുറത്തുവിടുന്നു.

4) ഈ ബോംബ് നിര്‍മിക്കാന്‍ ഒരു യൂണിറ്റിന് 16 ബില്യണ്‍ ഡോളര്‍ ചെലവാകുമെന്ന് ഡീഗല്‍ എന്ന അമേരിക്കന്‍ സൈന്യത്തിന്റെ വെബ്‌സൈറ്റ് പറയുന്നു. ഇതുവരെ ഈയിനത്തില്‍ വരുന്ന ബോംബ് നിര്‍മിക്കാനായി അമേരിക്ക 314 മില്യണ്‍ ഡോളര്‍ ചെലവഴിച്ചതായി ഹെവി.കോം റിപ്പോര്‍ട്ടു ചെയ്യുന്നു.

5) ഈ ബോംബ് കഴിഞ്ഞ ഒരു ദശകമായി അമേരിക്കന്‍ വ്യോമസേനയുടെ പ്രധാന ആയുധമാണ്. ഇറാഖ് യുദ്ധകാലത്ത് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ചെങ്കിലും ഒരിക്കല്‍പ്പോലും ഇറാഖില്‍ ഉപയോഗിച്ചിട്ടില്ല.

6) ഭീകരന്‍മാര്‍ ഒളിച്ചിരിക്കുന്ന ടണലുകള്‍, പ്രവേശനകവാടങ്ങള്‍ പോലുള്ളവയെ ലക്ഷ്യമിടാനാണ് സാധാരണയായി ഒഎബി (മാസീവ് ഓര്‍ഡിനന്‍സ് എയര്‍ ബ്ലാസ്റ്റ്) ഉപയോഗിക്കുന്നത്. വിമാനത്തിന്റെ റിയര്‍ സമ്മര്‍ദ്ദമേല്‍പ്പിച്ചാണ് ഈ ബോംബ് പുറത്തേക്ക് വിടുന്നത്. ജിപിഎസ് സംവിധാനത്തോടെ ബോംബിന്റെ ദിശ നിര്‍ണയിക്കുകയും ചെയ്യുന്നു.


7) ബോംബ് വായുവില്‍ വെച്ചാണ് സ്‌ഫോടനം നടത്തുക. ഇതോടെ വായുവിലുണ്ടാകുന്ന വന്‍ സമ്മര്‍ദ്ദം ടണലുകള്‍ പോലുള്ളവയെ നശിപ്പിക്കും. ശത്രുക്കളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്നതിനാണ് പൊതുവേ ഈ ബോംബ് ഉപയോഗിക്കുന്നതെന്ന് ഫോക്‌സ്‌ന്യൂസ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

8) എംഒഎബിയുടെ നിയമസാധുത അമേരിക്ക ഉറപ്പുവരുത്തിയതാണ്. യുദ്ധവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുന്ന തരത്തിലുള്ള ബോംബായ എംഒഎബി 'വിവേചനമില്ലാതെ ആളുകളെ കൊല്ലുന്നതല്ല' എന്ന് സൈന്യം പറയുന്നു.

9) ഈ ബോംബ് ഉപയോഗിച്ചുള്ള സ്‌ഫോടനത്തിന് ദൃക്‌സാക്ഷികളാകുന്നവര്‍ക്ക് മാനസികമായി കരുത്ത് നഷ്ടമാകാനിടയുണ്ടെന്ന് പെന്റഗണ്‍ പറയുന്നു.

10) അമേരിക്കയുടെ എംസി-130 എന്ന പ്രത്യേക യുദ്ധ വിമാനത്തില്‍ നിന്നാണ് ബോംബ് വര്‍ഷിച്ചതെന്ന് അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനം നടത്തിയ ശേഷം നടത്തിയ പ്രതികരണത്തില്‍ പെന്റഗണ്‍ വക്താവ് പറഞ്ഞു.