വീണ്ടും ആർത്തവ അയിത്ത മരണം; അമ്മയും രണ്ടുമക്കളും ശ്വാസം മുട്ടി മരിച്ചു

തണുപ്പിനെ ചെറുക്കാന്‍ കുടിലിനകത്തെ നെരിപ്പോടില്‍ വിറകിട്ട് തീ കത്തിച്ചിരുന്നു. ഇതില്‍ നിന്ന് വമിച്ച പുക ശ്വസിച്ച് ജനാലയോ മറ്റ് വിടവുകളോ ഇല്ലാത്ത കുടിലിനകത്ത് കിടന്ന് യുവതിയും മക്കളും ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

വീണ്ടും ആർത്തവ അയിത്ത മരണം; അമ്മയും രണ്ടുമക്കളും ശ്വാസം മുട്ടി മരിച്ചുപ്രതീകാത്മക ചിത്രം

ആർത്തവ അയിത്തത്തിന്റെ പേരിൽ വീണ്ടും മരണം. ആർത്തവ അയിത്തത്തിന്റെ പേരിൽ വീട്ടില്‍ നിന്ന് മാറ്റിക്കിടത്തിയ സ്ത്രീയും രണ്ട് മക്കളുമാണ് മരിച്ചത്. നേപ്പാളിലെ ബജുരയിലാണ് സംഭവം.

ആര്‍ത്തവമായതിനെ തുടര്‍ന്ന് മുപ്പത്തിയഞ്ചുകാരിയായ അംബ ബൊഹ്‌റയെ ഭര്‍തൃവീട്ടുകാരാണ് വീടിനടുത്തുള്ള ചെറിയ കുടിലിലേക്ക് മാറ്റിയത്. രാത്രിയില്‍ തണുപ്പിനെ ചെറുക്കാന്‍ കുടിലിനകത്തെ നെരിപ്പോടില്‍ വിറകിട്ട് തീ കത്തിച്ചിരുന്നു. ഇതില്‍ നിന്ന് വമിച്ച പുക ശ്വസിച്ച് ജനാലയോ മറ്റ് വിടവുകളോ ഇല്ലാത്ത കുടിലിനകത്ത് കിടന്ന് യുവതിയും 12ഉം 9ഉം വയസ്സായ ആണ്‍മക്കളും ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

മൂവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാനാവൂ എന്നും പൊലീസ് അറിയിച്ചു. ഇവര്‍ പുതച്ചിരുന്ന കമ്പിളി പകുതി കത്തിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ കാലിലും പൊള്ളലേറ്റ പാടുണ്ട്.

ആര്‍ത്തവ അയിത്തത്തിന്റെ പേരില്‍ സ്ത്രീകളെ വീട്ടില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നത് നിയമപരമായി അംഗീകൃതമല്ലെങ്കിലും നേപ്പാളില്‍ പലയിടങ്ങളിലും ഈ ആചാരം തുടരുന്നുണ്ട്. വിഷയത്തില്‍ സമഗ്രമായ അനവേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്.