വൈറ്റ് ഹൗസ് ഒരു ഹോട്ടൽ പോലെ; ഭക്ഷണത്തിന് പണം നൽകണം: മിഷേൽ ഒബാമയുടെ ഇൻ്റർവ്യൂ

പറയുന്നത് അമേരിക്കയുടെ മുൻ പ്രസിഡൻ്റ് ബറാക്ക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമയാണ്. വീഡിയോ കാണാം:

വൈറ്റ് ഹൗസ് ഒരു ഹോട്ടൽ പോലെ; ഭക്ഷണത്തിന് പണം നൽകണം: മിഷേൽ ഒബാമയുടെ ഇൻ്റർവ്യൂ

അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയാണ് വൈറ്റ് ഹൗസ്. ഒട്ടേറെ ചരിത്രപ്രാധാന്യമുള്ള ഈ വെളുത്ത കെട്ടിടം മൂന്ന് നൂറ്റാണ്ടുകളായി ആ കടമ നിർവഹിച്ച് മുന്നോട്ടു പോവുകയാണ്. എന്നാൽ ഒരു വീട് എന്നതിനപ്പുറം വൈറ്റ് ഹൗസ് ഒരു ഹോട്ടൽ പോലെയാണെന്നതാണ് സത്യം. അതായത്, വൈറ്റ് ഹൗസിൽ നിന്ന് കഴിക്കുന്ന എല്ലാ തരം ഭക്ഷണങ്ങൾക്കും പണം നൽകണം. ഇത് പറയുന്നത് അമേരിക്കയുടെ മുൻ പ്രസിഡൻ്റ് ബറാക്ക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമയാണ്.

വാർത്താ ചാനലായ സിഎൻഎനിനു നൽകിയ അഭിമുഖത്തിലാണ് വൈറ്റ് ഹൗസിനെപ്പറ്റി മിഷേൽ വാചാലയായത്. അവിടെ കഴിക്കുന്ന ഭക്ഷണത്തിനു പോലും പണം നൽകണമെന്നാണ് മിഷേൽ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. "നിങ്ങൾക്ക് എന്ത് വേണമെങ്കിലും ഓർഡർ ചെയ്യാമെന്ന് അവർ (വൈറ്റ് ഹൗസ് സ്റ്റാഫ്) പറയും. നമ്മൾ പറയുന്നത് അവർ ശ്രദ്ധിച്ച് കേൾക്കും. പ്രസിഡൻ്റ് പറയുന്ന വാക്കുകൾ എല്ലാവരും ശ്രദ്ധിക്കുമല്ലോ. ഞാൻ ബറാക്കി(ഒബാമ)നോട് പറയുമായിരുന്നു, നിങ്ങൾക്ക് എന്തെങ്കിലും വേണമെന്ന് പറയരുതെന്ന്. കാരണം, പറഞ്ഞാൽ പിന്നെ അത് ഒരുപാട് കഴിക്കേണ്ടി വരും.തന്നെയല്ല, അതിന് പണവും നൽകണം"- മിഷേൽ പറയുന്നു.

"ഒരുപാട് ആളുകൾ തെറ്റിദ്ധരിക്കുന്നുണ്ട്. അതായത് (വൈറ്റ് ഹൗസ് ചെലവുകൾ) നികുതിയിൽ നിന്നാണെന്നാണ് അവർ വിചാരിക്കുന്നത്. ഒരു പരിധി വരെ അത് ശരിയാണ്. സ്റ്റാഫുകൾക്കൊന്നും പണം നൽകണ്ട. പക്ഷേ, കഴിക്കുന്ന ഭക്ഷണത്തിന് പണം നൽകണം. കഴിക്കുന്ന നിലക്കടലയുടെ ബില്ല് പോലും മാസാവസാനം ലഭിക്കും. വൈറ്റ് ഹൗസിൽ നമ്മളെ കാണാൻ വരുന്നവർ കഴിക്കുന്ന ഭക്ഷണത്തിൻ്റെയും ബില്ല് നൽകേണ്ടത് നമ്മളാണ്."- മിഷേൽ വിശദീകരിക്കുന്നു.