നായ്ക്കള്‍ക്ക് ഭക്ഷണമായി പൂച്ചയെ നല്‍കി: മൂന്ന് പേരെ 90 ദിവസം ശിക്ഷിച്ച് ദുബായ്

സാമൂഹ്യ സേവനത്തിന്റെ ഭാഗമായി ദുബായ് മൃഗശാല പ്രതിദിനം നാല് മണിക്കൂര്‍ വീതം തുടര്‍ച്ചയായി 90 ദിവസം വൃത്തിയാക്കാനാണ് ശിക്ഷ

നായ്ക്കള്‍ക്ക് ഭക്ഷണമായി പൂച്ചയെ നല്‍കി: മൂന്ന് പേരെ 90 ദിവസം ശിക്ഷിച്ച് ദുബായ്

ജിവനുള്ള പൂച്ചയെ വിശന്നിരിക്കുന്ന നായ്ക്കള്‍ക്ക് ഭക്ഷണമായി നല്‍കുകയും ആ രംഗം ചിത്രീകരിക്കുകയും ചെയ്ത മൂന്ന് പേര്‍ക്ക് 90 ദിവസം ദുബായ് മൃഗശാല വൃത്തിയാക്കാന്‍ ശിക്ഷ. രണ്ട് ഏഷ്യക്കാരുള്‍പ്പെടെ 3 പേര്‍ക്കാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അലി മക്തം ഈ ശിക്ഷ വിധിച്ചത്. വളര്‍ത്തുമൃഗത്തോട് കാണിച്ച ക്രൂരതയെത്തുടര്‍ന്ന് മൂവരേയും ദുബായ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. മൃഗങ്ങളോട് ദയ കാണിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്നും അത് ലംഘിച്ച മൂന്ന് പേരും പ്രതിദിനം നാല് മണിക്കൂര്‍ വീതം മൃഗശാല വൃത്തിയാക്കാന്‍ ദുബായ് ഭരണാധികാരി ഉത്തരവിട്ടതായും ദുബായ് മീഡിയ ഓഫീസ് പറഞ്ഞു.

ഇത്തരമൊരു ശിക്ഷ മറ്റുള്ളവര്‍ക്കുള്ള സന്ദേശം കൂടിയാണെന്ന് ദുബായ് പോലീസ് തലവന്‍ മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ മേറി പറഞ്ഞു. ഇതിന് സമാനമായ ശിക്ഷകള്‍ നേരത്തെയും ദുബായ് ഭരണാധികാരി നല്‍കിയിട്ടുണ്ട്. അപകടകരമായ രീതിയില്‍ മോട്ടോര്‍ സൈക്കിള്‍ അഭ്യാസം നടത്തിയ യുവാവിനോട് തുടര്‍ച്ചയായി ഒരു മാസം ദിവസം നാല് മണിക്കൂര്‍ വീതം റോഡ് വൃത്തിയാക്കാനാണ് ഉത്തരവിട്ടത്.