"എനിക്കൊരു സ്വപ്നമുണ്ട്" ലോകമറിയുന്ന പ്രസം​ഗത്തിന് 56 വയസ്സ്

'എന്റെ രാജ്യമേ, സ്വതന്ത്ര്യത്തിന്റെ മധുര ഭൂമീ, നിന്നെക്കുറിച്ചു ഞാന്‍ പാടുന്നു. എന്റെ പിതാക്കന്‍മാര്‍ മരിച്ച ഭൂമീ, തീര്‍ഥാടകന്റെ അഭിമാന ഭൂമീ, എല്ലാ മലഞ്ചെരിവുകളില്‍ നിന്നും സ്വാതന്ത്ര്യം മുഴങ്ങട്ടെ.' അമേരിക്ക ഒരു മഹത്തായ രാഷ്ട്രമായിരിക്കണമെങ്കില്‍ ഇത് സത്യമായിത്തീരണം - മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്

എനിക്കൊരു സ്വപ്നമുണ്ട് ലോകമറിയുന്ന പ്രസം​ഗത്തിന് 56 വയസ്സ്

'എനിക്കൊരു സ്വപ്‌നമുണ്ട്' എന്ന ലോകമെങ്ങും അറിയുന്ന ആ പ്രസം​ഗത്തിന് 56 വയസ്സ് തികയുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ജന്മനാടായ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് പോലും അമേരിക്കന്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ല് എന്ന നിലയിലാണ് ആ വാക്ചാതുരിയെ അനുസ്മരിച്ചത്. അമേരിക്കയിൽ സ്വാതന്ത്ര പ്രഖ്യാപനം നടത്തി നൂറ് വർഷം പിന്നിട്ടിട്ടും കറുത്ത വർഗക്കാരോട് നിലനിന്നിരുന്ന വിവേചനങ്ങൾക്കും, അവഗണനുക്കുമെതിരെ 1963 ഓഗസ്റ്റ് 28 ന് കിങ്ങിന്റെ നേതൃത്വത്തിൽ വാഷിംഗ്ടണിലേക്ക് നടത്തിയ മാർച്ചിൽ എബ്രഹാം ലിങ്കന്റെ സ്മാരകത്തിന് മുൻപിൽ വച്ചായിരുന്നു വിഖ്യാത പ്രസം​ഗം നടത്തിയത്.

പ്രസംഗത്തിന്റെ പൂർണ്ണരൂപം

നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ചരിത്രത്തിലെ ഏറ്റവും മഹത്തായ പ്രകടനമെന്ന് ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തുന്ന ഒന്നില്‍ ഇന്ന് നിങ്ങള്‍ക്കൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. നാമിപ്പോൾ ആരുടെ പ്രതീകാത്മകമായ നിഴലിലാണോ നിൽക്കുന്നത് ആ മഹാനായ മനുഷ്യൻ, ഒരു നൂറ്റാണ്ട് മുൻപ്, അടിമത്ത നിരോധന വിളംബരത്തിൽ ഒപ്പുവെയ്ക്കുകയുണ്ടായി. ആ മഹത്തായ പ്രഖ്യാപനം, അനീതിയുടെ തീജ്വാലയിൽ വെന്തുരുകിയ അനേക ലക്ഷംപേരടങ്ങിയ നീഗ്രോജനതയ്ക്ക് മഹത്തായ പ്രതീക്ഷയുടെ ദീപസ്തംഭമായി മാറി അടിമത്തത്തിന്റെ അതിദീർഘമായ ഘോരാന്ധകാരം അവസാനിച്ച് സന്തോഷകരമായ ഒരു പ്രഭാതം വന്നണയുന്നതുപോലെയായിരുന്നു അത്

പക്ഷേ, നൂറുവര്‍ഷത്തിനിപ്പുറവും നീഗ്രോ സ്വതന്ത്രനല്ല എന്ന യാഥാർത്ഥ്യത്തെ നാം അഭിമുഖീകരിക്കുന്നു. നൂറുവർഷമായിട്ടും നീഗ്രോ ഇപ്പോഴും അതേ വിവേചനങ്ങളുടെ ചങ്ങലകളിൽ, ഒറ്റപ്പെടുത്തലിന്റെ കൈവിലങ്ങുകളിൽ ബന്ധിതനായി, അതിദയനീയമായി മുടന്തിക്കൊണ്ടിരിക്കുന്നു. നൂറു വർഷം കഴിഞ്ഞിട്ടും, സമ്പന്നമായ ഭൗതികപുരോഗതിയുടെ മഹാസമുദ്രത്തിനു നടുവിൽ ദാരിദ്ര്യത്തിന്റെ ഏകാന്തദ്വീപിൽ കഴിഞ്ഞുകൂടുന്നു. നൂറുവർഷം കഴിഞ്ഞിട്ടും ഇപ്പോഴും അമേരിക്കൻ സമൂഹത്തിന്റെ മൂലകളിൽ അതിദയനീയനായി, സ്വന്തം രാജ്യത്തിനകത്തു തന്നെ നാടുകടത്തപ്പെട്ടവനായി, നീഗ്രോ തന്നെത്തന്നെ കണ്ടെത്തുന്നു. അതുകൊണ്ട് ഭയാനകമായ ആ അവസ്ഥയെ നാടകീയമായി ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് നാം ഇന്നിവിടെ എത്തിച്ചേർന്നിരിക്കുന്നത്. ഒരർത്ഥത്തിൽ നാമിന്ന് തലസ്ഥാനത്ത് വന്നു ചേർന്നിട്ടുള്ളത്, ഒരു പഴയ ചെക്ക് മാറ്റിക്കിട്ടുന്നതിനാണ്. മഹനീയമായ പദങ്ങൾ കൊണ്ട് സ്വന്തം ഭരണഘടനയും സ്വാതന്ത്ര്യപ്രഖ്യാപനവും എഴുതുമ്പോൾ ഈ റിപ്പബ്ലിക്കിന്റെ ശില്പികൾ എല്ലാ അമേരിക്കക്കാർക്കും അർഹതപ്പെട്ട ഒരു പ്രോമിസറി നോട്ടിൽ ഒപ്പുവെയ്ക്കുകയായിരുന്നു. ആ പത്രികയിൽ എല്ലാ മനുഷ്യർക്കും ജീവിക്കാനുള്ള അവകാശം, സ്വാതന്ത്ര്യം, ആഹ്ലാദമനുഭിക്കാനുള്ള അവസരം എന്നിവ ഉറപ്പാക്കുമെന്നുള്ള വാഗ്ദാനമാണ് എഴുതിവെച്ചിരുന്നത്

1963 ആഗസ്റ്റ് 28നു വാഷിങ്ങ്ടൺ മാർച്ചിൽ പങ്കെടുത്ത ജനക്കൂട്ടംനാളിതുവരെ തൊലിയുടെ നിറം മാത്രം നോക്കി പൗരന്മാർക്ക് അവകാശങ്ങൾ അനുവദിച്ചു നൽകുക വഴി, അമേരിക്ക ആ വിശുദ്ധ വാഗ്ദാനപത്രികയുടെ കാര്യത്തിൽ വീഴ്ച വരുത്തി എന്നത് വ്യക്തമാണ്. ആ മഹത്തായ കടമ നിർവഹിക്കുന്നതിനു പകരം അമേരിക്കൻ ഭരണകൂടം നീഗ്രോജനതയ്ക്ക് നൽകിയത് ഒരു വണ്ടിച്ചെക്കാണ്. ആവശ്യത്തിനു ഫണ്ടില്ലെന്ന് രേഖപ്പെടുത്തി അത് മടങ്ങി വന്നിരിക്കുന്നു. എന്നാൽ നീതിയുടെ ബാങ്ക് പൊളിഞ്ഞിരിക്കുന്നുവെന്ന് വിശ്വസിക്കാൻ ഞങ്ങൾ തയ്യാറല്ല. അവസരങ്ങളുടെ കാര്യത്തിൽ ഈ രാജ്യത്തിന്റെ മഹത്തായ ഖജനാവിൽ വേണ്ടത്ര ഫണ്ടില്ല എന്നു പറയുന്നത് വിശ്വസിക്കാൻ ഞങ്ങൾ തയ്യാറല്ല. ആ ചെക്ക് ഞങ്ങൾക്ക് ലോപമില്ലാത്ത സ്വാതന്ത്ര്യവും നീതിയുടെ മഹാസുരക്ഷിതത്വവും നൽകുമെന്നുറപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ട് ആ പഴയ ചെക്ക് മാറ്റിക്കിട്ടാൻ ഞങ്ങൾ ഇവിടെ വന്നിരിക്കുന്നു. ഞങ്ങൾ പരിവേഷഭരിതമായ ഈ സ്ഥലത്ത് വന്നു നിൽക്കുന്നത് തികച്ചും പ്രചണ്ഡമായ ആ ഒരാവശ്യം ഉടനടി നടപ്പിലാക്കിക്കിട്ടേണ്ടതിന്റെ ആവശ്യകതയെപറ്റി അമേരിക്കയെ ഓർമ്മപ്പെടുത്താനാണ്.

ഇത് തണുപ്പൻ മട്ടിലിരിക്കേണ്ട സമയമല്ല. ഇത് അവസരം വരുന്നതുവരെ കാത്തിരിക്കണമെന്നു പറയുന്ന വാചകമടി കേട്ട്, മയക്കുമരുന്ന് കഴിച്ച് ശാന്തരായവരെപ്പോലെയിരിക്കേണ്ട സമയമല്ല. ഇപ്പോൾ ഒറ്റപ്പെടുത്തലിന്റെ ഭീകരമായ താഴ്വരകളുപേക്ഷിച്ച്, ഇരുട്ടിൽ നിന്നു രക്ഷപ്പെട്ട്, വംശീയമായ നീതി ലഭിക്കുന്ന സൂര്യപ്രകാശത്തിലേക്ക് വരേണ്ട സമയമായിരിക്കുന്നു. ഇതാ ഇപ്പോൾ എല്ലാ ദൈവമക്കൾക്കുമായി അവസരങ്ങളുടെ വാതായനങ്ങൾ തുറന്നു കൊടുക്കേണ്ട സമയമായിരിക്കുന്നു. അനീതിയുടെ പൂഴിമണലിൽ പൂണ്ടുകിടക്കുന്ന നമ്മുടെ രാജ്യത്തെ, സാഹോദര്യത്തിന്റെ ഉറപ്പുള്ള പാറപ്പുറത്തേയ്ക്ക് വലിച്ചുയർത്തേണ്ട സമയം സമാഗതമായിരിരിക്കുന്നു. ഈ അടിയന്തരസ്ഥിതിയെ അവഗണിക്കാനും നീഗ്രോ ജനതയുടെ ദൃഢനിശ്ചയത്തെ വിലകുറച്ചു കാണാനുമാണ് ശ്രമമെങ്കിൽ, അത് ഈ രാജ്യത്തിന്റെ വിധിയെ തന്നെ നിർണ്ണയിച്ചേക്കാം. നിയമവശാൽ നീഗ്രോ അനുഭവിക്കുന്ന അസംതൃപ്തികളുടെ ഈ ചുട്ടുപൊള്ളിക്കുന്ന വേനൽക്കാലം, സ്വാതന്ത്ര്യത്തിന്റേയും സമത്വത്തിന്റേയും ഊർജ്ജസ്വലത പ്രദാനംചെയ്യുന്ന ശരത്കാലം സമാഗതമാകുന്നതുവരെ അവസാനിക്കുകയില്ല.

1963 ഒരവസാനമല്ല. പക്ഷേ, ഒരു ആരംഭമാണ്. നീഗ്രോയ്ക്ക് ഒരു പൊട്ടിത്തെറി ആവശ്യമായിരുന്നെന്നും അതുണ്ടായ സ്ഥിതിയ്ക്ക് അവന്‍ ശാന്തനായിരിക്കുമെന്നും പ്രതീക്ഷിക്കുന്നവര്‍, രാജ്യം അതിന്റെ പതിവുചര്യകളിലേക്ക് മടങ്ങിയാല്‍ ഉണര്‍ന്നെണീക്കുക ഒരു വലിയ ഞെട്ടലിലേക്കായിരിക്കും. നീഗ്രോയ്ക്ക് അവന്റെ പൗരാവകാശങ്ങള്‍ അനുവദിക്കുംവരെ അമേരിക്കയില്‍ വിശ്രമമോ വിശ്രാന്തിയോ ഉണ്ടാവില്ല. നീതിയുടെ പ്രഭാപൂര്‍ണമായ ദിനങ്ങള്‍ ഉയരുംവരെ വിപ്ലവത്തിന്റെ ചുഴലിക്കാറ്റുകള്‍ നമ്മുടെ രാജ്യത്തിന്റെ അടിത്തറയെ ഇളക്കിക്കൊണ്ടിരിക്കും. അതിനാല്‍, നീതിയുടെ കൊട്ടാരത്തിലേക്ക് നയിക്കുന്ന തകര്‍ന്ന വാതായനത്തില്‍ നില്‍ക്കുന്ന എന്റെ ജനത്തോട് ഞാന്‍ പറയുന്നതും അതുതന്നെയാണ്. നമുക്കവകാശപ്പെട്ട ഇടം നേടാനായുള്ള പ്രക്രിയ്ക്കിടയില്‍ തെറ്റുചെയ്‌തെന്ന കുറ്റബോധം നമുക്കുണ്ടാവരുത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പാനപാത്രത്തില്‍ നിന്ന് കുടിച്ച് നമ്മുടെ സ്വാതന്ത്ര്യ ദാഹം ശമിപ്പിക്കാന്‍ നാം ശ്രമിക്കരുത്.

അന്തസ്സിന്റെയും അച്ചടക്കത്തിന്റെയും ഉന്നതതലത്തില്‍ നിന്നാവണം നാം എന്നും നമ്മുടെ പോരാട്ടം നടത്തേണ്ടത്. നമ്മുടെ സര്‍ഗാത്മക പ്രക്ഷോഭങ്ങള്‍ കായികമായ അക്രമത്തിലേക്ക് അധ:പതിക്കാന്‍ നാം അനുവദിക്കരുത്. കായികശക്തിയെ ആത്മബലംകൊണ്ട് നേരിടുന്ന മഹത്തായ ഔന്നത്യത്തിലേയ്ക്ക് നാം വീണ്ടും വീണ്ടും ഉയരണം. നീഗ്രോ സമൂഹത്തെ ഗ്രസിച്ചിട്ടുള്ള വിസ്മയാവഹമായ ഈ പുത്തന്‍ സമരോത്സുകത എല്ലാ വെള്ളക്കാരെയും അവിശ്വസിക്കുന്നതിലേക്ക് നമ്മെ നയിക്കരുത്. നമ്മുടെ വെള്ളക്കാരായ ഒട്ടേറെ സഹോദരങ്ങള്‍, അവരില്‍ പലരും ഇന്നിവിടെയുള്ള അവരുടെ സാന്നിദ്ധ്യം വഴി തെളിയിച്ചിട്ടുള്ളപോലെ, അവരുടെ വിധി നമ്മുടെ വിധിയുമായി കെട്ടുപിണഞ്ഞുകിടക്കുയാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. അവരുടെ സ്വാതന്ത്ര്യം നമ്മുടെ സ്വാതന്ത്ര്യത്തോട് ഇഴപിരിക്കാനാവാത്തവിധം കെട്ടപ്പെട്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്.

നമുക്ക് തനിയേ നടക്കാനാവില്ല. അതുപോലെ, നാം നടക്കുമ്പോഴെല്ലാം കാലത്തിന് മുമ്പേനടക്കുമെന്ന് നാം പ്രതിജ്ഞ ചെയ്യണം. നമുക്ക് പിന്തിരിയാനാവില്ല. 'നിങ്ങള്‍ എപ്പോള്‍ തൃപ്തരാവു'മെന്ന് പൗരാവകാശത്തിന്റെ ഉപാസകരോട് ചോദിക്കുന്ന ചിലരുണ്ട്. പോലീസ് മൃഗീയതയുടെ വിവരണാതീതമായ ഭീകരതകളുടെ ഇരയായി നീഗ്രോ തുടരുവോളം കാലം ഞങ്ങള്‍ക്ക് തൃപ്തരാകാനാവില്ല. യാത്രാക്ഷീണത്താല്‍ കനംതൂങ്ങിയ ഞങ്ങളുടെ ശരീരങ്ങള്‍ക്ക് ഹൈവേകളിലെ മോട്ടലുകളിലും നഗരങ്ങളിലെ ഹോട്ടലുകളിലും ഇടത്താവളം നേടിയെടുക്കാനാകാതിരിക്കുവോളം കാലം ഞങ്ങള്‍ക്ക് ഒരിക്കലും തൃപ്തരാകാനാവില്ല. നീഗ്രോയുടെ അടിസ്ഥാന സഞ്ചാരസ്വാതന്ത്ര്യം നഗരത്തിലെ ചെറുചേരിയില്‍ നിന്ന് വലുതിലേക്ക് എന്ന നിലയില്‍ തുടരുവോളം ഞങ്ങള്‍ക്ക് തൃപ്തരാകാനാവില്ല. 'വെള്ളക്കാര്‍ക്കു മാത്രം' എന്ന ചിഹ്നങ്ങളാല്‍ ഞങ്ങളുടെ കുട്ടികളുടെ കൗമാരം ഉരിഞ്ഞെറിയുകയും അവരുടെ ആത്മാഭിമാനം കവര്‍ന്നെടുക്കുകയും ചെയ്യുന്ന കാലത്തോളം ഞങ്ങള്‍ക്ക് ഒരിക്കലും തൃപ്തരാകാനാവില്ല.

മിസിസ്സിപ്പിയിലെ നീഗ്രോയ്ക്ക് വോട്ടു ചെയ്യാന്‍ കഴിയാതിരിക്കുകയും ന്യുയോര്‍ക്കിലെ നീഗ്രോ വോട്ടുചെയ്യാന്‍ തനിക്കൊന്നുമില്ലെന്ന് വിശ്വസിക്കുകയും ചെയ്യുന്ന കാലത്തോളം ഞങ്ങള്‍ക്ക് തൃപ്തരാകാനാവില്ല. ഇല്ല, ഇല്ല, നീതി ജലം പോലെയും നീതിബോധം വന്‍ അരുവിപോലെയും ഒഴുകിയെത്തും വരെ ഞങ്ങള്‍ തൃപ്തരല്ല. തൃപ്തരാവില്ല. കൊടിയ പരീക്ഷണങ്ങളും ക്ലേശങ്ങളും സഹിച്ചാണ് നിങ്ങളില്‍ ചിലര്‍ ഇവിടെയെത്തിയിരിക്കുന്നതെന്ന കാര്യം ഞാന്‍ ശ്രദ്ധിക്കാതെയല്ല. ഇടുങ്ങിയ ജയിലറകളില്‍ നിന്ന് നേരിട്ടെത്തിയിട്ടുള്ളവരാണ് നിങ്ങളില്‍ ചിലര്‍. നിങ്ങളുടെ സ്വാതന്ത്ര്യ ദാഹം പീഡനങ്ങളുടെ കൊടുങ്കാറ്റില്‍ തകര്‍ക്കപ്പെട്ട, പോലീസ് മൃഗീയതയുടെ കാറ്റില്‍ വേച്ചുപോയ ഇടങ്ങളില്‍ നിന്നാണ് നിങ്ങളില്‍ ചിലര്‍ വന്നിരിക്കുന്നത്. സര്‍ഗാത്മക സഹനത്തിന്റെ ആചാര്യന്‍മാരാണ് നിങ്ങള്‍. അര്‍ഹിക്കാത്ത സഹനം വീണ്ടെടുപ്പാണെന്ന വിശ്വാസത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുക.

ഈ സ്ഥിതിവിശേഷം എന്തായാലും മാറുമെന്നും മാറ്റുമെന്നും അറിഞ്ഞുകൊണ്ട് മിസിസ്സിപ്പിയിലേയ്ക്ക് മടങ്ങൂ, അലബാമയിലേക്ക് മടങ്ങൂ, സൗത്ത കാരലീനയിലേക്ക് മടങ്ങൂ, ജോര്‍ജിയയിലേക്ക് മടങ്ങൂ, ലൂസിയാനയിലേക്ക് മടങ്ങൂ, നമ്മുടെ വടക്കന്‍ നഗരങ്ങളിലെ ചേരികളിലേക്കും കുടികളിലേക്കും മടങ്ങൂ. നമുക്ക് നിരാശയുടെ താഴ്‌വരയില്‍ ഉഴറിനടക്കാതിരിക്കാം. ഇന്നു ഞാന്‍ നിങ്ങളോട് പറയുന്നു, എന്റെ സുഹൃത്തുക്കളേ, ഇന്നിന്റെയും നാളെയുടെയും പ്രയാസങ്ങളെ നമ്മള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും എനിക്ക് ഇപ്പോഴും ഒരു സ്വപ്‌നമുണ്ട്. അമേരിക്കന്‍ സ്വപ്‌നത്തില്‍ ആഴത്തില്‍ വേരൂന്നിയ ഒരു സ്വപ്‌നമാണത്. എനിക്കൊരു സ്വപ്‌നമുണ്ട്, 'സകല മനുഷ്യരും തുല്യരായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന സത്യങ്ങള്‍ തെളിവുകളും വിശദീകരണങ്ങളും ആവശ്യമില്ലാത്തതാണെന്ന് ഞങ്ങള്‍ കരുതുന്നു' എന്ന തിരിച്ചറിവിലേക്ക് ഒരു നാള്‍ ഈ രാഷ്ട്രം ഉയര്‍ത്തെഴുന്നേല്‍ക്കുകയും സ്വന്തം വിശ്വാസപ്രമാണത്തിന്റെ ശരിയായ അര്‍ഥത്തിനനുസരിച്ച് ജീവിക്കുകയും ചെയ്യും.

എനിക്കൊരു സ്വപ്‌നമുണ്ട്, ജോര്‍ജിയയിലെ ചുവന്ന കുന്നുകള്‍ക്ക് മേലെ മുന്‍ അടിമകളുടെ മക്കള്‍ക്കും മുന്‍ ഉടമകളുടെ മക്കള്‍ക്കും സാഹോദര്യത്തിന്റെ മേശയ്ക്കു ചുറ്റും ഒരുമിച്ചിരിക്കാന്‍ കഴിയുന്ന ഒരു നാള്‍. എനിക്കൊരു സ്വപ്‌നമുണ്ട്, അനീതിയുടെയും അടിമത്തത്തിന്റെയും ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനമായ മിസിസ്സിപ്പി പോലും സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും മരുപ്പച്ചയായി പരിണമിക്കുന്ന ഒരു നാള്‍. എനിക്കൊരു സ്വപ്‌നമുണ്ട്, എന്റെ നാല് കുഞ്ഞുങ്ങളും അവരുടെ തൊലിനിറം കൊണ്ടല്ലാതെ, അവരുടെ സ്വഭാവത്തിന്റെ മേന്‍മകൊണ്ട് വിലയിരുത്തപ്പെടുന്ന രാജ്യത്ത് ജീവിക്കുന്ന ഒരു നാള്‍. എനിക്കൊരു സ്വപ്‌നമുണ്ട്...എനിക്കൊരു സ്വപ്‌നമുണ്ട്, അലബാമയില്‍, അതിലെ വര്‍ണവെറിയന്‍മാര്‍ക്കൊപ്പം, തുരങ്കംവെപ്പിനെയും അസാധുവാക്കലിനെയും പറ്റിയുള്ള വാക്കുകള്‍ ഒലിപ്പിക്കുന്ന അതിന്റെ ഗവര്‍ണര്‍ക്കൊപ്പം കറുത്ത ആണ്‍കുഞ്ഞുങ്ങള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും സഹോദരീ സഹോദരന്‍മാരെപ്പോലെ വെളുത്ത ആണ്‍കുഞ്ഞുങ്ങളുടെയും പെണ്‍കുഞ്ഞുങ്ങളുടെയും കൈകോര്‍ത്തുപിടിക്കാന്‍ കഴിയുമാറാകുന്ന ഒരു നാള്‍.

എനിക്കിന്നൊരു സ്വപ്‌നമുണ്ട്...എനിക്കൊരു സ്വപ്‌നമുണ്ട്, ഒരു നാള്‍ എല്ലാ താഴ്‌വരകളും ഉയര്‍ത്തപ്പെടും. എല്ലാ മലകളും താഴ്ത്തപ്പെടും. പരുക്കന്‍ നിലങ്ങള്‍ സമതലമാക്കപ്പെടും. വളഞ്ഞ ഇടങ്ങള്‍ നേരെയാക്കപ്പെടും. അപ്പോള്‍ ദൈവത്തിന്റെ മഹത്വം വെളിവാക്കപ്പെടും. സകലജനതയും ഒരുമിച്ചത് ദര്‍ശിക്കും. ഇതാണ് നമ്മുടെ പ്രത്യാശ. ഞാന്‍ തെക്കോട്ട് മടങ്ങുമ്പോഴുള്ള വിശ്വാസം ഇതാണ്. ഈ വിശ്വാസംകൊണ്ട് നിരാശയുടെ പര്‍വതത്തില്‍ നിന്ന് പ്രത്യാശയുടെ ഒരു പാറ ചൂഴ്‌ന്നെടുക്കാന്‍ നമുക്കാവും. ഈ വിശ്വാസംകൊണ്ട് നമ്മുടെ രാജ്യത്തെ അപശ്രുതികളുടെ കോലാഹലം സാഹോദര്യത്തിന്റെ മനോഹര ഗീതമാക്കി പരിണമിപ്പിക്കാന്‍ നമുക്കാവും. ഈ വിശ്വാസംകൊണ്ട് ഒരുമിച്ച് പണിയെടുക്കാന്‍, ഒരുമിച്ച് പ്രാര്‍ഥിക്കാന്‍, ഒരുമിച്ച് പോരാടാന്‍, തടവറയിലേക്ക് ഒരുമിച്ചുപോകാന്‍, ഒരുനാള്‍ സ്വതന്ത്രരാകുമെന്ന പ്രത്യാശയോടെ സ്വാതന്ത്ര്യത്തിനായി ഒരുമിച്ചുനില്‍ക്കാന്‍ നമുക്കാവും. ദൈവത്തിന്റെ മക്കള്‍ക്കെല്ലാം പുതിയ അര്‍ഥത്തോടെ പാടാന്‍ കഴിയുന്ന ദിനം.

'എന്റെ രാജ്യമേ, സ്വതന്ത്ര്യത്തിന്റെ മധുര ഭൂമീ, നിന്നെക്കുറിച്ചു ഞാന്‍ പാടുന്നു. എന്റെ പിതാക്കന്‍മാര്‍ മരിച്ച ഭൂമീ, തീര്‍ഥാടകന്റെ അഭിമാന ഭൂമീ, എല്ലാ മലഞ്ചെരിവുകളില്‍ നിന്നും സ്വാതന്ത്ര്യം മുഴങ്ങട്ടെ.' അമേരിക്ക ഒരു മഹത്തായ രാഷ്ട്രമായിരിക്കണമെങ്കില്‍ ഇത് സത്യമായിത്തീരണം. അതിനാല്‍, ന്യൂഹാംഷയറിലെ ഉത്തുംഗമായ മലനിരകളില്‍ നിന്ന് സ്വാതന്ത്ര്യം മുഴങ്ങട്ടെ. ന്യുയോര്‍ക്കിലെ വന്‍മലകളില്‍ നിന്ന് സ്വാതന്ത്ര്യം മുഴങ്ങട്ടെ. പെന്‍സില്‍വേനിയയിലെ അലിഗെനി കുന്നുകളില്‍ നിന്ന് സ്വാന്ത്ര്യം മുഴങ്ങട്ടെ. കൊളറാഡോയിലെ മഞ്ഞണിഞ്ഞ റോക്കി മലനിരകളില്‍ നിന്ന് സ്വാതന്ത്ര്യം മുഴങ്ങട്ടെ. കാലിഫോര്‍ണിയയിലെ വടിവൊത്ത മലമടക്കുകളില്‍ സ്വാതന്ത്ര്യം മുഴങ്ങട്ടെ. പക്ഷേ അതുമാത്രം പോര. ജോര്‍ജിയയിലെ സ്‌റ്റോണ്‍ മലയില്‍ നിന്ന് സ്വാതന്ത്ര്യം മുഴങ്ങട്ടെ.

ടെന്നിസിയിലെ ലുക്കൗട്ട് മലയില്‍ നിന്ന് സ്വാതന്ത്ര്യം മുഴങ്ങട്ടെ. മിസിസ്സിപ്പിയിലെ സകല കുന്നില്‍ നിന്നും മണ്‍പുറ്റില്‍ നിന്നും എല്ലാ മലഞ്ചെരുവില്‍ നിന്നും സ്വാതന്ത്ര്യം മുഴങ്ങട്ടെ. സ്വാതന്ത്ര്യം മുഴങ്ങട്ടെ... സ്വാതന്ത്ര്യത്തെ മുഴങ്ങാന്‍ നാം അനുവദിക്കുമ്പോള്‍ എല്ലാ നഗരത്തിലും ഗ്രാമത്തിലും നിന്നും എല്ലാ സംസ്ഥാനത്തിലും പട്ടണത്തിലും നിന്നും അത് മുഴങ്ങുമ്പോള്‍, എല്ലാ ദൈവമക്കളും, കറുത്തവനും വെളുത്തവനും ജൂതനും ജൂതനല്ലാത്തവനും പ്രൊട്ടസ്റ്റന്റും കത്തോലിക്കനും കൈകള്‍ കോര്‍ത്ത് 'ഒടുവില്‍ സ്വതന്ത്രരായി, ഒരുടിവില്‍ സ്വതന്ത്രരായി, മഹോന്നതനും സര്‍വശക്തനുമായ ദൈവമേ, ഒടുവില്‍ ഞങ്ങള്‍ സ്വതന്ത്രരായി' എന്ന ആ പഴയ നീഗ്രോ ഭക്തിഗാനത്തിന്റെ വരികള്‍ പാടുന്ന ആ ദിനം വേഗത്തില്‍ ആഗതമാക്കാന്‍ നമുക്ക് കഴിയും

Read More >>