അമേരിക്കയുടെ ഐഎസ് ആക്രമണം; മലയാളികളായ സ്ത്രീകളും കുട്ടികളും സുരക്ഷിതര്‍

ഭീകരസംഘടനയായ ഐഎസില്‍ ചേരാന്‍ നാടുവിട്ടവരില്‍ സ്ത്രീകളും കുട്ടികളും നംഗര്‍ഹാറില്‍നിന്ന് രണ്ടരമണിക്കൂര്‍ യാത്രചെയ്താല്‍ എത്താവുന്ന മറ്റൊരു സ്ഥലത്താണെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു

അമേരിക്കയുടെ ഐഎസ് ആക്രമണം; മലയാളികളായ സ്ത്രീകളും കുട്ടികളും സുരക്ഷിതര്‍

അഫ്ഗാനിസ്ഥാനില്‍ നംഗര്‍ഹാറിലെ ഐഎസ് കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കേരളത്തില്‍ നിന്നുള്ള സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അപായമുണ്ടാകാനിടയില്ലെന്ന് എന്‍ഐഎ വിലയിരുത്തല്‍. ഭീകരസംഘടനയായ ഐഎസില്‍ ചേരാന്‍ നാടുവിട്ടവരില്‍ സ്ത്രീകളും കുട്ടികളും നംഗര്‍ഹാറില്‍നിന്ന് രണ്ടരമണിക്കൂര്‍ യാത്രചെയ്താല്‍ എത്താവുന്ന മറ്റൊരു സ്ഥലത്താണെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു.

ഐഎസില്‍ ചേര്‍ന്നുവെന്നു കരുതുന്ന പാലക്കാട് സ്വദേശി ഈസ എന്ന ബക്‌സണ്‍ കഴിഞ്ഞ നവംബര്‍ 16 ന് മാതാപിതാക്കളെയും ഭാര്യ നിമിഷ എന്ന ഫാത്തിമയുടെ അമ്മയെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നംഗര്‍ഹാറില്‍ നിന്ന് വളരെ അകലെയാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളുമെന്നാണ് ഈസ അന്നു പറഞ്ഞത്. ഈ വിവരങ്ങളും വിളിച്ച ഫോണിന്റെ നമ്പറും വീട്ടുകാര്‍ അന്നുതന്നെ എന്‍ഐഎക്ക് കൈമാറിയിരുന്നു. ഇതനുസരിച്ചാണ് സ്ത്രീകളും കുട്ടികളും സുരക്ഷിതരായിരിക്കാമെന്ന നിഗമനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി എത്തിയത്.

കേരളംവിട്ട 22 പേരില്‍ അഞ്ചു സ്ത്രീകളും രണ്ടു കുട്ടികളുമാണുള്ളത്. കാസര്‍ഗോട് തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുള്‍ റാഷിദ് അബ്ദുള്ളയുടെ ഭാര്യ എറണാകുളം വൈറ്റില സ്വദേശി ആയിഷ, പടന്ന സ്വദേശി ഡോ. ഇജാസിന്റെ ഭാര്യ റഫീല, ഇജാസിന്റെ സഹോദരന്‍ ഷിയാസിന്റെ ഭാ്യ അജ്മല, പാലക്കാട് സ്വദേശി ബക്‌സണ്‍ എന്ന ഈസയുടെ ഭാര്യ നിമിഷ, ഈസയുടെ അനുജന്‍ യഹിയയുടെ ഭാര്യ മെറിന്‍ എന്ന മറിയം എന്നിവര്‍. അബ്ദുള്‍ റാഷിദ് അബ്ദുള്ളയുടെ രണ്ടുവയസുള്ള മകളും ഇജാസിന്റെ ഒന്നരവയസുള്ള മകനും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

പോകുമ്പോള്‍ മെറിനും നിമിഷയും ഗര്‍ഭിണികളായിരുന്നു. ഇവര്‍ അഫ്ഗാനിസ്ഥാനിലെ തോറബോറയില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കഴിഞ്ഞ ഓഗസ്റ്റ് 18 നാണ് നിമിഷ പ്രസവിച്ചത്. പുരുഷന്മാര്‍ നംഗര്‍ഹാറിലും സ്ത്രീകളും കുഞ്ഞുങ്ങളും ഏറെ അകലെയാണെന്നുമാണ് ഫോണ്‍വിളിച്ച ഈസ പറഞ്ഞഥ്. പിതാവ് വിന്‍സെന്റിനെയും മാതാവ് ഗ്രേസിയെയും നിമിഷയുടെ അമ്മ ബിന്ദുവിനെയും ഒരു സുഹൃത്തിനെയും ഇയാള്‍ വിളിച്ചിരുന്നു.  22 അംഗ സംഘത്തോടൊപ്പം പോകുന്നതില്‍ നിന്ന് അവസാന നിമിഷം ഒഴിവായ കാസര്‍ഗോട് സ്വദേശിയാണ് ഈസ വിളിച്ച സുഹൃത്ത്. ഇയാള്‍ നിരീക്ഷണത്തിലാണ്. നംഗര്‍ഹാറില്‍ എത്ര മലയാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കൃത്യമായ വിവരം ശേഖരിച്ചുവരികയാണെന്ന് എന്‍ഐഎ കേന്ദ്രങ്ങള്‍ അറിയിച്ചു.