മോദി സർക്കാരിൻ്റെ കടുംപിടുത്തം; കേരളത്തിനുള്ള ധനസഹായത്തിൽ നിന്നും യുഎഇ പിന്മാറിയെന്ന് റിപ്പോർട്ട്

ദുരിതാശ്വാസ സഹായം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് തായ് സ്ഥാനപതിയോട് വിദേശ കാര്യമന്ത്രാലയം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതും യുഎഇയുടെ പിന്‍മാറ്റത്തിന് കാരണമായി വിലയിരുത്തുന്നു.

മോദി സർക്കാരിൻ്റെ കടുംപിടുത്തം; കേരളത്തിനുള്ള ധനസഹായത്തിൽ നിന്നും യുഎഇ പിന്മാറിയെന്ന് റിപ്പോർട്ട്

വിദേശസഹായം സ്വീകരിക്കില്ലെന്ന നിലപാടിൽ മോദി സർക്കാരിൻ്റെ കടുംപിടുത്തം മൂലം കേരളത്തിനുള്ള ധനസഹായത്തിൽ നിന്ന് യുഎഇ പിന്മാറിയെന്ന് റിപ്പോർട്ട്. കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് തായ് സ്ഥാനപതിയോട് വിദേശ കാര്യമന്ത്രാലയം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതും യുഎഇയുടെ പിന്‍മാറ്റത്തിന് കാരണമായി വിലയിരുത്തുന്നു.

കഴിഞ്ഞ ദിവസം 'ഞാൻ കീഴടങ്ങിയിരിക്കുന്നു' എന്ന ചിത്രത്തോടൊപ്പം ഇന്ത്യയിലെ തായ്ലൻഡ് അംബാസിഡർ ചെയ്ത ട്വീറ്റും ചർച്ചയായിരുന്നു. പലതരത്തിൽ കേരളത്തിന് സാമ്പത്തിക സഹായം നൽകാൻ തായ്ലൻഡ് ശ്രമിച്ചുവെന്നും എന്നാൽ കേന്ദ്രസർക്കാർ അതൊക്കെ നിരസിച്ചുവെന്നും അദ്ദേഹം ട്വീറ്റിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു. ദുരിതാശ്വാസച്ചടങ്ങിൽ പങ്കെടുക്കരുതെന്ന് തായ് സ്ഥാനപതിയോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത് ഈ ട്വീറ്റ് കാരണമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ഇന്ത്യന്‍ സര്‍ക്കാര്‍ ഇത്രക്ക് കടുംപിടുത്തം തുടരുന്ന സാഹചര്യത്തില്‍ സഹായവുമായി മുന്നോട്ട് പോകുന്നത് ഉഭയക്ഷി ബന്ധത്തെ ബാധിച്ചേക്കുമെന്നാണ് യുഎഇ കരുതുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് നേരിട്ട്‌ സഹായം സ്വീകരിക്കില്ലെങ്കിലും ഫൗണ്ടേഷനുകള്‍ മുഖേനയുള്ള ധനസഹായം തടസ്സമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് യുഎഇ പ്രസിഡന്റ് നേതൃത്വം നല്‍കുന്ന ഖലീഫ ഫൗണ്ടേഷനിലൂടെ സഹായം ലഭ്യമാക്കാന്‍ ആലോചന നടന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ഖന്ന കേരളം സന്ദര്‍ശിക്കുന്നതിനും തീരുമാനിച്ചിരുന്നു. സഹായം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ നിലപാട് വിശദീകരിക്കുന്ന രേഖകളും യുഎഇ ശേഖരിച്ചിരുന്നു.

ഇതിനിടെയാണ് ദുരിതാശ്വാസ സഹായം കൈമാറാനുള്ള തായ് സ്ഥാനപതികളുടെ നീക്കം വിദേശ കാര്യമന്ത്രാലയം തടഞ്ഞത്. ഇതോടെ യുഎഇയും സഹായങ്ങള്‍ നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.

Story by
Read More >>